ഗുലാം ദസ്തഗീർ: ആരാലും പാടിപ്പുകഴ്ത്തപ്പെടാത്ത നായകന്‍, ഭോപ്പാൽ ദുരന്തത്തിലെ ഓർക്കപ്പെടാത്ത ഹീറോ
1984 ഡിസംബര്‍ രണ്ട്. ഭോപ്പാല്‍ ജങ്ഷന്‍ റെയില്‍വേ സ്റ്റേഷന്‍: ചെയ്തുതീര്‍ക്കാന്‍ കുറച്ചധികം ജോലികളുള്ളതിനാല്‍ അര്‍ധരാത്രി വൈകിയും ഓഫീസില്‍ തുടരുകയാണ് ഡെപ്യൂട്ടി സ്റ്റേഷന്‍ സൂപ്രണ്ടായ ഗുലാം ദസ്തഗീര്‍. പുലര്‍ച്ചെ ഒരുമണിയായിട്ടും ജോലി കഴിയാത്തതിന്റെ അസ്വസ്ഥത അദ്ദേഹത്തിന്റെ മുഖത്തുണ്ട്.
ഇടയ്ക്കെപ്പഴോ കുടിച്ച ചൂടുകാപ്പി പകര്‍ന്ന ഊര്‍ജ്ജത്തിന്റെ ബലത്തില്‍ ജോലി തുടരവെ, അങ്ങകലെ ഒരു തീവണ്ടിയുടെ ചൂളംവിളി ദസ്തഗീര്‍ കേട്ടു. അധികം വൈകാതെ ബോംബെ-ഗോരഖ്പുര്‍ എക്സ്പ്രസ് ഭോപ്പാല്‍ ജങ്ഷന്‍ സ്റ്റേഷന്റെ ഒന്നാം പ്ലാറ്റ്ഫോമിലേക്ക് ഇരച്ചെത്തി നിന്നു. പിന്നാലെ തന്റെ ഓഫീസില്‍ നിന്ന് പുറത്തേക്കിറങ്ങിയ ഗുലാം ദസ്തഗീര്‍ പതിവില്ലാത്തവിധം ചുമയ്ക്കുന്നുണ്ടായിരുന്നു. കണ്ണിലെ എരിച്ചില്‍ കാര്യമാക്കാതെ ട്രെയിനിനടുത്തേക്ക് നടന്നടുത്ത ദസ്തഗീര്‍ അറിഞ്ഞിരുന്നില്ല, ഭോപ്പാല്‍ നഗരം ഒരു മഹാദുരന്തത്തിലേക്ക് ചുവടുവെച്ചുകഴിഞ്ഞിരുന്നുവെന്ന്...
ഗുലാം ദസ്തഗീര്‍
മധ്യപ്രദേശിന്റെ തലസ്ഥാനമായ ഭോപ്പാലിലെ പ്രധാന റെയില്‍വേ സ്റ്റേഷനായ ഭോപ്പാല്‍ ജങ്ഷന്റെ ഒന്നാം പ്ലാറ്റ്ഫോമില്‍ റെയില്‍വേ നിര്‍മ്മിച്ച ഒരു സ്മാരകമുണ്ട്. ഭോപ്പാല്‍ വിഷവാതക ദുരന്തം നടന്ന ദിവസം ജോലിക്കിടെ രക്തസാക്ഷികളായ റെയില്‍വേ ജീവനക്കാരുടെ ഓര്‍മ്മയാണത്. എന്നാല്‍ ആ കൂട്ടത്തില്‍ ഒരാളുടെ പേര് ഇല്ല. ദുരന്തത്തില്‍ നിന്ന് ആയിരക്കണക്കിന് മനുഷ്യരെ രക്ഷിക്കുകയും വിഷവാതകത്തിന്റെ ഇരകളായ നൂറുകണക്കിന് പേരെ സഹായിക്കുകയും ചെയ്ത ഗുലാം ദസ്തഗീര്‍ എന്ന, ആരാലും പാടിപ്പുകഴ്ത്തപ്പെടാത്ത നായകന്റെ പേര്.
ദുരന്തം അരിച്ചിറങ്ങിയ രാവ്
യൂണിയന്‍ കാര്‍ബൈഡ് ഫാക്ടറിയില്‍ നിന്ന് മീഥൈല്‍ ഐസോസയനേറ്റ് എന്ന വിഷവാതകം അന്തരീക്ഷത്തിലേക്ക് പടര്‍ന്ന ആ രാവില്‍ എട്ടരലക്ഷം പേരായിരുന്നു ഭോപ്പാല്‍ നഗരത്തില്‍ താമസിച്ചിരുന്നത്. നഗരം ഗാഢനിദ്രയിലാണ്ടിരിക്കെ അരിച്ചിറങ്ങിയ ദുരന്തം ജനങ്ങള്‍ അറിഞ്ഞത് പോലും ചുമയും ശ്വാസതടസവും കണ്ണുനീറ്റലുമെല്ലാം അനുഭവപ്പെട്ടപ്പോഴാണ്. എന്താണ് സംഭവിക്കുന്നത് എന്നുപോലും അറിയാതെ അവശരായവരുമായി ആളുകള്‍ ആശുപത്രികളിലേക്ക് പാഞ്ഞു.
നഗരത്തില്‍ ആകെയുണ്ടായിരുന്ന രണ്ട് സര്‍ക്കാര്‍ ആശുപത്രികളും ഡിസംബര്‍ മൂന്നിന് രാവിലെയോടെ നിറഞ്ഞുകവിഞ്ഞു. ശ്വസിക്കാനാകാതെ, ജീവനുവേണ്ടി കൈകൂപ്പിനില്‍ക്കുന്നവര്‍ക്ക് മുന്നില്‍ ഡോക്ടര്‍മാരും പകച്ചുനിന്നു. അവര്‍ക്കും അറിയില്ലായിരുന്നു, എന്താണ് സംഭവിച്ചത് എന്ന്. വിഷവാതകത്തിന്റെ ഇരകളാണ് മുന്നിലുള്ളതെന്ന് ഡോക്ടര്‍മാര്‍ തിരിച്ചറിഞ്ഞത് വളരെ വൈകിയാണ്. അന്നോളം വ്യാവസായിക ദുരന്തങ്ങളെ നേരിട്ട് പരിചയമില്ലാത്ത രണ്ട് ആശുപത്രികളിലേക്കായി വിഷവാതകം ശ്വസിച്ച് അവശരായ 50,000-ത്തിലേറെ പേരാണ് എത്തിയത്.
ഔദ്യോഗിക രേഖകള്‍ പ്രകാരം 3787 പേരാണ് കൊല്ലപ്പെട്ടത്. ഭോപ്പാല്‍ വിഷവാതക ദുരന്തത്തിന്റെ ഇരകള്‍ക്ക് നീതി ഉറപ്പാക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന ആക്റ്റിവിസ്റ്റുകള്‍ പറയുന്നത് എട്ടായിരം മുതല്‍ പതിനായിരം പേര്‍ക്കുവരെ ജീവന്‍ നഷ്ടപ്പെട്ടുവെന്നാണ്. 5,58,125 പേര്‍ക്ക് വിഷവാതകം ശ്വസിച്ചതിനെ തുടര്‍ന്ന് ആരോഗ്യപ്രശ്നങ്ങളുണ്ടായി എന്നാണ് 2006-ല്‍ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ പറഞ്ഞത്. ചരിത്രത്തിലെ ഏറ്റവും വലിയ വ്യാവസായിക ദുരന്തങ്ങളിലൊന്നായ ഭോപ്പാല്‍ വിഷവാതകദുരന്തത്തിന്റെ രത്നച്ചുരുക്കമാണ് ഇത്.
ദുരന്തം തൊട്ടരികിലെത്തിയിട്ടും സ്പര്‍ശിക്കാതെ കടന്നുപോയ ആയിരക്കണക്കിന് മനുഷ്യര്‍ കൂടി അന്ന് ഭോപ്പാലില്‍ ഉണ്ടായിരുന്നു. അന്ന് വിഷവാതകത്തിന് ഇരകളാകേണ്ടതായിരുന്നവര്‍. ഭോപ്പാല്‍ ജങ്ഷന്‍ റെയില്‍വേ സ്റ്റേഷന്റെ ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമിലേക്ക് ആ രാവില്‍ എത്തിയ ബോംബെ-ഗൊരഖ്പുര്‍ എക്സ്പ്രസിലെ തിങ്ങിനിറഞ്ഞ യാത്രക്കാര്‍. അവരെ ജീവിതത്തിന്റെ ട്രാക്കിലേക്ക് വഴിതിരിച്ചുവിട്ടത് അന്നവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡെപ്യൂട്ടി സ്റ്റേഷന്‍ സൂപ്രണ്ടാണ്. ഗുലാം ദസ്തഗീര്‍.
യൂണിയന്‍ കാര്‍ബൈഡ് ഫാക്ടറിയില്‍ നിന്ന് ചോര്‍ന്ന മീഥൈല്‍ ഐസോസയനേറ്റ് എന്ന വിഷവാതകം ഭോപ്പാല്‍ ജങ്ഷന്‍ റെയില്‍വേ സ്റ്റേഷനെയും പരിസരത്തെയും മൂടിത്തുടങ്ങുമ്പോഴാണ് ഗുലാം ദസ്തഗീര്‍ ഓഫീസില്‍നിന്ന് പുറത്തിറങ്ങി ഗൊരഖ്പുര്‍ എക്പ്രസിനരികിലെത്തിയത്. ശരീരം ലക്ഷണങ്ങള്‍ കാണിച്ചപ്പോഴും അത് വിഷവാതകമാണ് എന്ന് ദസ്തഗീറിന് മനസിലായിരുന്നില്ല. എന്നാല്‍ ഗൗരവമേറിയ എന്തോ പ്രശ്നമുണ്ടെന്ന് മനസിലാക്കിയ അദ്ദേഹം ഉടന്‍ ഓഫീസിലേക്ക് മടങ്ങിപ്പോയി സ്റ്റേഷന്‍ മാസ്റ്റര്‍ ഹരീഷ് ധുര്‍വയെ ബന്ധപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ ദസ്തഗീറിന് സ്റ്റേഷന്‍ മാസ്റ്ററെ ബന്ധപ്പെടാന്‍ കഴിഞ്ഞില്ല.
കണ്ണെരിച്ചിലും തൊണ്ടയിലെ അസ്വസ്ഥതയും കൂടിവരുമ്പോഴും പ്ലാറ്റ്ഫോമില്‍ സിഗ്‌നല്‍ കാത്തുകിടക്കുന്ന ബോംബെ-ഗൊരഖ്പുര്‍ എക്സ്പ്രസും അതിലെ ആയിരക്കണക്കിന് മനുഷ്യരുമായിരുന്നു ഗുലാം ദസ്തഗീറിന്റെ മനസില്‍. ട്രെയിന്‍ ഉടന്‍ സ്റ്റേഷന്‍ വിട്ടുപോകാനുള്ള നടപടി സ്വീകരിക്കാന്‍ സഹപ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു. പക്ഷേ, മേലുദ്യോഗസ്ഥര്‍ പറഞ്ഞാല്‍ മാത്രമേ യാത്ര തുടരൂ എന്നായിരുന്നു അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരുടെ നിലപാട്. വണ്ടി പുറപ്പെടാന്‍ നിശ്ചയിക്കപ്പെട്ട സമയത്തിന് ഇനിയും 20 മിനുറ്റ് കൂടിയുണ്ട്. എന്നാല്‍ അവിടെ തുടരുന്ന ഓരോ നിമിഷവും അപകടമാണെന്ന് അറിയാമായിരുന്ന ദസ്തഗീര്‍, വണ്ടി ഉടന്‍ സ്റ്റേഷന്‍ വിടണമെന്ന ആവശ്യത്തില്‍ ഉറച്ചുനിന്നു. ഇതിന്റെ പൂര്‍ണ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുന്നു എന്നുകൂടെ അദ്ദേഹം പറഞ്ഞതോടെ ഗൊരഖ്പുര്‍ എക്സ്പ്രസിന് മുന്നില്‍ പച്ചവെളിച്ചം തെളിഞ്ഞു.
മറ്റു ട്രെയിനുകള്‍ ഭോപ്പാലിലേക്ക് വരുന്നത് തടയുകയായിരുന്നു ദസ്തഗീര്‍ അടുത്തതായി ചെയ്തത്. മനസാന്നിധ്യം കൈവിടാതെ കണ്‍ട്രോള്‍ റൂമിലേക്ക് ഓടിക്കയറിയ അദ്ദേഹം സമീപത്തുള്ള വിദിഷ, ഇറ്റാര്‍സി സ്റ്റേഷനുകളിലേക്കും മേലുദ്യോഗസ്ഥരേയും ബന്ധപ്പെട്ടു. ഭോപ്പാലില്‍ എന്തോ പ്രശ്നമുണ്ടെന്നും ഇവിടേക്ക് തീവണ്ടികള്‍ കടത്തിവിടരുതെന്നും അദ്ദേഹം അവരോട് അഭ്യര്‍ഥിച്ചു. ദസ്തഗീറിന്റെ ഇടപെടലില്‍ ഭോപ്പാലിലേക്കുള്ള എല്ലാ സര്‍വീസുകളും റെയില്‍വേ നിര്‍ത്തിവെച്ചു.
എന്നാല്‍ അദ്ദേഹത്തിന്റെ ജോലി അവിടെ അവസാനിച്ചില്ല. വിഷവാതകം ശ്വസിച്ച് അവശരായ നിരവധി പേര്‍ റെയില്‍വേ സ്റ്റേഷനിലുണ്ടായിരുന്നു. അടുത്ത സ്റ്റേഷനുകല്‍ലേക്ക് സഹായം അഭ്യര്‍ഥിച്ചുള്ള സന്ദേശങ്ങള്‍ നല്‍കിയ ശേഷം അദ്ദേഹം ഓരോ പ്ലാറ്റ്ഫോമിലേക്കും ഓടിയെത്തി വിഷവാതകത്തിന് ഇരകളായി പിടയുന്നവരെ സഹായിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തു. ദസ്തഗീറിന്റെ സന്ദേശത്തെ തുടര്‍ന്ന് ഭോപ്പാല്‍ ജങ്ഷന്‍ റെയില്‍വേ സ്റ്റേഷനിലേക്ക് നാല് ആംബുലന്‍സുകളും റെയില്‍വേ ജീവനക്കാരും ആരോഗ്യപ്രവര്‍ത്തകരുമെല്ലാമെത്തിയിരുന്നു. നിമിഷങ്ങള്‍ക്കകം പ്ലാറ്റ്ഫോം അത്യാഹിതവിഭാഗമെന്നപോലെ പ്രവര്‍ത്തിച്ചു.
വിഷവാതകം രൂക്ഷമായി വ്യാപിച്ച ഭോപ്പാല്‍ ഓള്‍ഡ് സിറ്റിയിലുണ്ടായിരുന്ന ഭാര്യയേയും നാല് മക്കളേയും പോലും മറന്നുകൊണ്ടായിരുന്നു ഗുലാം ദസ്തഗീറിന്റെ രക്ഷാപ്രവര്‍ത്തനം. ആപത്തില്‍ പെടുന്ന മനുഷ്യരെ തന്നാല്‍ കഴിയുംവിധം സഹായിക്കുകയെന്നത് അദ്ദേഹത്തിന്റെ ശീലമായിരുന്നു. ഒരിക്കലൊരു തീവണ്ടിയപകടമുണ്ടായപ്പോള്‍ മൂന്ന് ദിവസം വീട്ടിലെത്താതെ അപകടസ്ഥലത്ത് തുടര്‍ന്ന ദസ്തഗീറിനെ കുറിച്ച് ഭാര്യ ഫെഹ്‌മിദ പിന്നീട് പറഞ്ഞിട്ടുണ്ട്.
ഭോപ്പാല്‍ ദുരന്തം ഗുലാം ദസ്തഗീറിനേയും അദ്ദേഹത്തിന്റെ കുടുംബത്തേയും ബാധിച്ചിരുന്നു. ദസ്തഗീറിന്റെ ഒരു മകന്‍ ദുരന്തമുണ്ടായ ഉടന്‍ മരിച്ചു. മറ്റൊരു മകന് ചര്‍മ്മത്തില്‍ ഗുരുതരമായ അണുബാധയുണ്ടായി. വിഷവാതകം ശ്വസിച്ചതിന്റെ അനന്തരഫലമായി അദ്ദേഹത്തിന്റെ തൊണ്ടയില്‍ അര്‍ബുദബാധയുണ്ടായി. ഭോപ്പാല്‍ ദുരന്തമുണ്ടായി 19 വര്‍ഷത്തിനുശേഷം 2003-ല്‍ അദ്ദേഹം മരണത്തിന് കീഴടങ്ങി. ഈ 19 വര്‍ഷം ഭൂരിഭാഗം സമയവും അദ്ദേഹം ആശുപത്രിയിലാണ് ചിലവഴിച്ചത്.
ആയിരക്കണക്കിന് പേരുടെ ജീവന്‍ രക്ഷിച്ച ഗുലാം ദസ്തഗീറിനെയോ അദ്ദേഹത്തിന്റെ സ്തുത്യര്‍ഹമായ സേവനത്തെയോ ഒരുവാക്കുകൊണ്ടുപോലും റെയില്‍വേ ആദരിച്ചിട്ടില്ല. ഭോപ്പാല്‍ ദുരന്തത്തിന്റെ അറിയാക്കഥ എന്ന പേരില്‍ നെറ്റ്ഫ്‌ളിക്‌സ് പുറത്തിറക്കിയ 'ദി റെയില്‍വേ മെന്‍: ദി അണ്‍ടോള്‍ഡ് സ്‌റ്റോറി ഓഫ് ഭോപ്പാല്‍ 1984' എന്ന മിനി സീരീസ് കഴിഞ്ഞ വര്‍ഷമാണ് പുറത്തിറങ്ങിയത്. ഈ സീരീസും ഗുലാം ദസ്തഗീറിന്റെ ത്യാഗപൂര്‍ണമായ പ്രവൃത്തികള്‍ വേണ്ടവിധം പരിഗണിച്ചില്ല എന്ന് അദ്ദേഹത്തിന്റെ മകന്‍ ദാബ് ദസ്തഗീര്‍ ആരോപിച്ചിരുന്നു.
ഭോപ്പാല്‍ ദുരന്തം ഓര്‍മ്മിക്കപ്പെടുന്ന കാലത്തോളം ഓര്‍മ്മിക്കപ്പെടേണ്ട പേരാണ് ഗുലാം ദസ്തഗീര്‍ എന്ന ഹീറോയുടേത്. 'അണ്‍സംഗ് ഹീറോ' ആയ അദ്ദേഹത്തിന് ഇന്നല്ലെങ്കില്‍ നാളെ രാജ്യം അര്‍ഹിക്കുന്ന ആദരവ് നല്‍കുമെന്നാണ് പ്രതീക്ഷ.
Content Highlights: Ghulam Dastagir Man Who Saved Thousands Of Lives During The Bhopal Gas Tragedy