കനത്ത പ്രതിഷേധം, തിരഞ്ഞെടുപ്പ് കാലത്ത് ബിജെപിക്കേറ്റ തിരിച്ചടി, എന്താണ് FCRA ഭേദഗതി ബിൽ?
തിരഞ്ഞെടുപ്പ് പ്രചാരണം കത്തിപ്പടരവെ, ന്യൂനപക്ഷ സമുദായങ്ങളെ പ്രകോപിപ്പിച്ചുകൊണ്ട് കേന്ദ്രസർക്കാരിന്റെ പുതിയ ബില്ല് കേരളത്തിൽ കടുത്ത പ്രതിഷേധത്തിന് തിരികൊളുത്തുകയാണ്. വിദേശ സംഭാവന നിയന്ത്രണ ബിൽ അഥവാ എഫ്സിആർഎ എന്ന ഫോറിൻ കോൺട്രിബ്യൂഷൻ റെഗുലേഷൻ ആക്ടിന്റെ പുതിയ ഭേദഗതി നിയമമാക്കുന്നത് പാർലമെന്റിൽ തൽക്കാലത്തേക്ക് നീട്ടിവെച്ചെങ്കിലും കേരളത്തിൽ എല്ലാ ക്രിസ്ത്യൻ വിഭാഗങ്ങളും ശക്തമായ എതിർപ്പാണ് പുതിയ ബില്ലിന് നേരെ ഉയർത്തുന്നത്.
ബില്ല് രാഷ്ട്രീയമായും സാമൂഹികമായും സാമുദായികമായും വലിയ പ്രത്യാഘാതങ്ങൾക്ക് വഴിവെക്കും എന്നാണ് നിരീക്ഷണം. ഈ തിരഞ്ഞെടുപ്പുകാലത്ത് ചൂടുപിടിച്ച ചർച്ചകൾക്ക് വഴിവെച്ച എഫ്സി ആർഎ എന്താണ്. എന്തുകൊണ്ടാണ് വിദേശ സംഭാവന നിയന്ത്രണ ബിൽ ഇത്രയേറെ വിവാദമായത് ?
ചട്ടങ്ങൾ പാലിച്ചില്ലെന്നു കണ്ടെത്തിയാൽ കേന്ദ്രസർക്കാർ നിയമിക്കുന്ന ഒരു അതോറിറ്റിക്ക് സന്നദ്ധ സംഘടനകളുടേയോ ട്രസ്റ്റിന്റേയോ സൊസൈറ്റിയുടേയോ നിയന്ത്രണം ഏറ്റെടുക്കാമെന്നും വേണമെങ്കിൽ അത് കൈമാറ്റം ചെയ്യാമെന്നുമുള്ള നിബന്ധന പുതിയ ഭേദഗതിയിലുണ്ട്. വിവാദങ്ങളും ചർച്ചകളും കനക്കുന്നത് ഇവിടെയാണ്.
വിദേശത്തുനിന്നും രാജ്യത്തെ സംഘനടകളും മറ്റും സ്വീകരിക്കുന്ന സംഭാവനകൾക്ക് നിയന്ത്രണം കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ അടിയന്തരാവസ്ഥക്കാലത്ത്- കൃത്യമായി പറഞ്ഞാൽ 1976 ലാണ് ഇങ്ങനെ ഒരു നിയമം ആദ്യമായി പ്രാബല്യത്തിൽ വരുന്നത്. സംഘടനകളെയോ ഇതര ഗ്രൂപ്പുകളേയോ പണം നൽകി സ്വാധീനിക്കുക വഴി രാജ്യതാൽപ്പര്യങ്ങളിൽ വിദേശ ശക്തികൾക്ക് കടന്നുകയറാനുള്ള അവസരം ഇല്ലാതാക്കുക എന്നതായിരുന്നു നിയമത്തിന്റെ ലക്ഷ്യം.
വർഷങ്ങൾക്ക് ശേഷം 2010-ലാണ് പഴയ നിയമത്തിൽ കാര്യമായ ഭേദഗതി വരുത്തി ഇന്ന് കാണുന്ന എഫ് സി ആർ എ (ഫോറിൻ കോൺട്രിബ്യൂഷൻ റെഗുലേഷൻ ആക്ട് ) ഉണ്ടാകുന്നത്. പ്രധാനമായും സന്നദ്ദ സംഘനടകളേയും ട്രസ്റ്റുകളേയും സമാന സ്വഭാവമുള്ള ഇതര ഗ്രൂപ്പുകളേയും കേന്ദ്രമാക്കിയായിരുന്നു ഈ ഭേദഗതി. വിദേശ സഹായം സ്വീകരിക്കുന്ന സംഘടനകൾ നിർബന്ധമായും രജിസ്റ്റർ ചെയ്യണമെന്നും, ലൈസൻസ് അഞ്ചുവർഷത്തിനുള്ളിൽ പുതുക്കണമെന്നതുമടക്കം വ്യവസ്ഥകൾ കർശനമാക്കിയത് ഈ ഭേദഗതിയിലാണ്. 2011-ലാണ് നിയമം നടപ്പാകുന്നത്.
എന്നാൽ, നിയമം നിലവിലുണ്ടായിരുന്നെങ്കിലും, ആദ്യ നരേന്ദ്ര മോദി സർക്കാരിന്റെ കാലത്ത്, 2015 മുതലുള്ള കാലത്താണ് നിയമം കർശനമായി പാലിച്ചു തുടങ്ങി. ഈ കാലത്ത് ചട്ടങ്ങൾ പാലിക്കാത്തിന്റേയും, തിരിമറികളുടേയും പേരിൽ ആയിരക്കണക്കിന് സന്നദ്ധ സംഘടനകളുടെ ലൈസൻസ് ഈ കാലയളവിൽ റദ്ദാക്കി. പിന്നീട് സുതാര്യതയില്ലാത്തിന്റെ പേരിൽ ഒട്ടേറെ സന്നദ്ധ സംഘടനകളുടെ ലൈസൻസ് റദ്ദാക്കി. 2011 മുതൽ 2024 വരെ മാത്രം ഏതാണ്ട് 20,600 എൻജിഒ കളുടെ ലൈസൻസ് റദ്ദാക്കിയതായാണ് കണക്ക്.
ഇങ്ങനെ പടിപടിയായി കർശനമാക്കിയ വിദേശ ഫണ്ടിങ്ങ് വിഷയമാണ് പുതിയ നിയമ ഭേദഗതിയിലൂടെ വീണ്ടും വിവാദമാകുന്നത്. രാജ്യത്ത് ആരോഗ്യ വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിക്കുന്ന ആയിരക്കണക്കിന് സന്നദ്ധ സംഘടനകളുണ്ട്. അതിൽ പലതും ന്യൂനപക്ഷ മേഖലയിൽ പ്രവർത്തിക്കുന്നതാണ്. കർശന നിയമങ്ങൾ അടങ്ങിയതാണ് എന്നാരോപിച്ചാണ് 2026- ൽ ലോക്‌സഭയിൽ അവതരിപ്പിക്കുന്ന ഭേദഗതിക്കെതിരെ മതസംഘടനകൾ- പ്രത്യേകിച്ചും ക്രിസ്ത്യൻ മത സംഘടനകൾ രംഗത്തുവന്നത്. കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന കാലത്താണ് ഈ സമയം വന്നു ചേർന്നതെന്നത് ബിജെപിക്ക് ചെറുതല്ലാത്ത തലവേദനയാണ് ഉണ്ടാക്കിയത്.
വിദേശ ധനസഹായം സ്വീകരിക്കാൻ ലൈസൻസ് ലഭിച്ചിട്ടുള്ള എൻജിഒ കൾ സഹായധനം എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നത് കണ്ടെത്താൻ ചില പഴുതുകളുണ്ടായിരുന്നു. ആ പഴുതുകളടച്ചുള്ള നിയമഭേദഗതി എന്നാണ് പുതിയ ഭേദഗതിയെ വിശേഷിപ്പിക്കുന്നത്. സർക്കാർ ചട്ടങ്ങൾ പാലിക്കാതെ വന്നാൽ എൻജിഒയുടെ നിയന്ത്രണം സർക്കാർ നിയമിക്കുന്ന പ്രത്യേക അതോരിറ്റിക്ക് ഏറ്റെടുക്കാമെന്ന ചട്ടമാണ് പുതിയ ഭേദഗതിയിൽ ഏറ്റവും വിവാദമുണ്ടാക്കിയത് എന്ന് നേരത്തേ പറഞ്ഞല്ലോ. ഇങ്ങനെ ഏറ്റെടുക്കുന്ന സംഘടനകളുടെ ആസ്തികൾ അവർക്ക് കൈകാര്യം ചെയ്യുകയോ കൈമാറുകയോ ചെയ്യാം. അല്ലെങ്കിൽ എന്നെന്നേക്കുമായി ലൈസൻസ് റദ്ദാക്കുകയോ, എൻജിഒ നിരോധിക്കുകയോ ചെയ്യാം.
ഇവിടെയാണ് പുതിയ വിവാദമുണ്ടാകുന്നത്. വിദ്യാഭ്യാസ ആരോഗ്യ മേഖലകളിലുൾപ്പെടെ ഒട്ടേറെ എൻജിഒ കളുള്ള ക്രിസ്ത്യൻ കൂട്ടായ്മകൾ പുതിയ ഭേദഗതിക്കെതിരെ രംഗത്തുവന്നു. സമൂഹത്തിന്റെ സമസ്ത മേഖലകളിലും ഇടപെടുന്ന എൻജിഒകൾക്ക് പൂട്ടിടാനുള്ള കേന്ദ്രനീക്കമാണെന്നും ആരോപണങ്ങൾ ഉയരുന്നുണ്ട്. വിദേശപണം തങ്ങളറിയാതെ മറ്റാരുടെ ചെലവഴിണ്ടെന്ന നിർബന്ധബുദ്ധി ഭരണകക്ഷിക്ക് ഉണ്ടെന്നും ഈ സംഘടനകൾ ആരോപിക്കുന്നു
Content Highlights: The 2026 FCRA amendment introduces stricter control over NGO assets and operations., Central government authority can now take over or transfer assets of non-compliant NGOs., Christian organizations in Kerala view the bill as an attempt to restrict their social and educational work., The legislative timing coincides with the 2026 Kerala assembly elections, intensifying political debate., The core controversy lies in the government's power to seize or ban NGOs for regulatory non-compliance.