ശരീരം അമിതമായി വിറച്ച് സ്വയം നൃത്തംചെയ്യുന്ന അവസ്ഥ; അപകടകാരിയാണോ ഡിങ്ക ഡിങ്ക വൈറസ്?
ശക്തമായ പനി, അസാധാരണമായ വിറയല്‍, ശരീരത്തിന്റെ സ്വാഭാവിക ചലനങ്ങളെപ്പോലും തടസ്സപ്പെടുത്തുന്ന രീതിയിലുള്ള വിറയല്‍ കാരണം ദേഹം നൃത്തംചെയ്യുന്നതുപോലെ അനുഭവപ്പെടുന്ന അവസ്ഥ. കേട്ടാല്‍ കൗതുകം തോന്നുന്ന ഒരു രോഗം. രോഗകാരണം അജ്ഞാതമാണ്. രോഗത്തിന്റെ പേര് ഡിങ്ക ഡിങ്ക. ശരീരം വിറച്ച് നൃത്തം ചെയ്യുന്നതുപോലെ അനുഭവപ്പെടുക എന്നതാണ് ഡിങ്ക ഡിങ്ക എന്ന പദംകൊണ്ട് അര്‍ഥമാക്കുന്നത്. ഉഗാണ്ടയിലെ ബുണ്ടിബുഗിയോയിലാണ് ഈ രോഗം പടര്‍ന്നുപിടിച്ചത്.
വൈറസ് ബാധയേറ്റവര്‍ക്ക് ക്ഷീണവും പനിയും അനുഭവപ്പെടുകയും അമിതമായ വിറയലോടെ ശരീരം ചലിക്കുകയും നൃത്തച്ചുവടുകള്‍ക്ക് സമാനമായ രീതിയിലാവുകയും ചെയ്യുന്നു. ചില കേസുകളില്‍ പക്ഷാഘാതവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ബുണ്ടിബുഗിയോയിലെ മുന്നൂറോളം പേരെ രോഗം ബാധിച്ചെന്നാണ് പുറത്തുവന്ന വിവരം.
സ്ത്രീകളേയും കൗമാരക്കാരേയുമാണ് രോഗം കാര്യമായി ബാധിച്ചത്. നിലവില്‍ ആന്റിബയോട്ടിക് നല്‍കിയാണ് രോഗികളെ ചികിത്സിക്കുന്നത്. രോഗം പൊട്ടിപുറപ്പെട്ടതോടെ സ്വയം പ്രതിരോധത്തിനായി ഗ്രാമീണര്‍ പച്ചമരുന്നുകള്‍ ഉപയോഗിക്കാന്‍ തുടങ്ങിയിരുന്നു. അതുകൊണ്ടുതന്നെ അശാസ്ത്രീയമായ ചികിത്സാരീതി ഒഴിവാക്കാനും ആരോഗ്യവിഭാഗത്തില്‍നിന്ന് ശാസ്ത്രീയ ചികിത്സ നേടണമെന്നും ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ്.
Content Highlights: Explainer of Dinga dinga virus outbreak in Uganda