എരിയുന്ന ബംഗ്ലാദേശ്: കലാപം ആസൂത്രിതമോ? ഇന്ത്യാവിരുദ്ധ വികാരത്തിന് പിന്നിൽ തീവ്രവാദ സംഘങ്ങളോ?

ബംഗ്ലാദേശ് പ്രധാനമന്ത്രിയായിരുന്ന ഷെയ്ഖ് ഹസീന ഇപ്പോൾ ഇന്ത്യയിലാണ്. സ്വന്തം രാജ്യം വധശിക്ഷ വിധിച്ച ഹസീനക്ക് രാഷ്ട്രീയ അഭയം നൽകിയത് ഇന്ത്യയാണ് എന്നു പറയുന്നതാവും കൂടുതൽ ശരി. ഒരു പ്രവചനവും സാധ്യമാവാത്ത സ്ഥിതിയിലൂടെയാണ് ബംഗ്ലാദേശ് ഇന്ന് കടന്നു പോകുന്നത്. സത്യത്തിൽ എന്താണ് ബംഗ്ലാദേശിൽ സംഭവിക്കുന്നത്? ആരാണ് അടുത്തിടെ കൊല്ലപ്പെട്ട ഷെരീഫ് ഉസ്മാൻ ഹാദി? പാകിസ്താൻ ചാര സംഘടനയായ ഐഎസ്ഐക്ക് സംഭവത്തിൽ എന്തെങ്കിലും ബന്ധമുണ്ടോ? തിരഞ്ഞെടുപ്പിനിടെ ഭയത്തിന്റെയും അസ്ഥിരതയുടെയും അന്തരീക്ഷം സൃഷ്ടിക്കാൻ മനഃപൂർവ്വം സൃഷ്ടിച്ചെടുത്ത കലാപമാണോ ഇപ്പോൾ നടക്കുന്നത്? ഇന്ത്യക്കെതിരെ ബംഗ്ലാദേശിൽ ജനവികാരം ശക്തമായത് എങ്ങനെയാണ്? ഇതിന് പിന്നിൽ തീവ്രവാദ സംഘങ്ങൾക്കും പങ്കുണ്ടോ? നിലവിലെ രാഷ്ട്രീയസ്ഥിതിയറിയുമ്പോൾ ചോദ്യങ്ങൾ നിരവധിയാണ്.

തൊഴിൽ സംവരണത്തിനെതിരെ തുടങ്ങിയ വിദ്യാർഥി പ്രതിഷേധം... അത് ഭരണവിരുദ്ധവികാരമായി രാജ്യമൊന്നാകെ അലയടിച്ചപ്പോഴാണ് അഞ്ച് തവണ ബംഗ്ലാദേശ് പ്രധാനമന്ത്രിയായിരുന്ന ഷെയ്ഖ് ഹസീനയ്ക്ക് അധികാരം നഷ്ടപ്പെട്ടത്. ഗത്യന്തരമില്ലാതെ രാജ്യം വിട്ടാണ് അവർ ഇന്ത്യയിലെത്തിയത്. പിന്നാലെ ബംഗ്ലാദേശിൽ മൂഹമ്മദ് യൂനൂസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ അധികാരമേറ്റു. ഷെയ്ഖ് ഹസീന ഇല്ലാത്ത, അവാമി ലീഗ് അപ്രസക്തമായ ബംഗ്ലാദേശിൽ ഫെബ്രുവരി 12-ന് പൊതു തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പുതിയ സംഭവവികാസങ്ങൾ. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഇങ്ക്വിലാബ് മഞ്ച് നേതാവ് ഷെരീഫ് ഉസ്മാൻ മുഖംമൂടി ധാരികളുടെ വെടിയേറ്റ് കൊല്ലപ്പെടുന്നു. പിന്നാലെ അദ്ദേഹത്തിന്റെ അനുനായികൾ തെരുവിലിറങ്ങുന്നു, അത് മറ്റൊരു കലാപമായി മാറുന്നു. കൊല്ലപ്പെട്ടത് ഇന്ത്യയുടെയും ഷെയ്ഖ് ഹസീനയുടെയും കടുത്ത വിമർശകരിൽ ഒരാളായതിനാൽ ഇന്ത്യക്കെതിരെയും ആരോപണങ്ങളുയർന്നു. ഹസീനയ്ക്ക് അഭയം നൽകിയതുമുതൽ ശക്തമായികൊണ്ടിരുന്ന ഇന്ത്യ വിരുദ്ധ വികാരം ബംഗ്ലാദേശിൽ ആളിക്കത്തിക്കാൻ ഇത് ഉപയോഗിച്ചു.

വിദ്യാർഥി പ്രക്ഷോഭത്തിലൂടെ ഉയർന്നുവന്ന ഹാദി…

ബംഗ്ലാദേശിലെ ഝലോകത്തി ജില്ലയിലെ നാൽചിതി ഉപാസിലയിൽ ഒരു യാഥാസ്ഥിതിക മുസ്‌ലിം കുടുംബത്തിലാണ് ഷെരീഫ് ഉസ്മാൻ ഹാദിയുടെ ജനനം. മദ്രസ അധ്യാപകനും ഇമാമുമായിരുന്നു ഹാദിയുടെ പിതാവ്. തികച്ചും മതപരമായ അന്തരീക്ഷത്തിൽ വളർന്ന ഹാദി, പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ധാക്ക സർവകലാശാലയിൽ നിന്ന് പൊളിറ്റിക്സിൽ ബിരുദം നേടി. ഈ സമയത്താണ് ഹാദി വിദ്യാർഥി രാഷ്ട്രീയത്തിൽ സജീവമാകുന്നത്. പഠന ശേഷം സ്‌കോളേഴ്സ് സർവകലാശാലയിൽ അധ്യാപകനായതോടെ സജീവ രാഷ്ട്രീയത്തിലേക്കും കടന്നു. അങ്ങനെയാണ് ബംഗ്ലാദേശിലെ തീവ്രസംഘടനയായ ഇങ്കിലാബ് മഞ്ചിന്റെ വക്താവും കൺവീനറുമായി ഹാദി മാറുന്നത്. അവാമി ലീഗിന്റെയും അതിന്റെ നയങ്ങളുടെയും കടുത്ത വിമർശകനായിരുന്ന ഹാദി തന്നെയാണ് ഷെയ്ഖ് ഹസീനയെ അധികാരത്തിൽനിന്ന് പുറത്തേക്ക് നയിച്ച വിദ്യാർത്ഥി പ്രക്ഷോഭത്തെ മുന്നിൽ നിന്ന് നയിച്ചതും. കലാപത്തിന് ശേഷം അവാമി ലീഗിനെ അയോഗ്യരാക്കണമെന്നും പിരിച്ചുവിട്ട സർക്കാരിന്റെ അംഗങ്ങൾക്ക് കടുത്ത ശിക്ഷ നൽകണമെന്നും ആവശ്യപ്പെട്ട് ഇങ്ക്വിലാബ് മഞ്ചിന്റെ നേതൃത്വത്തിൽ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചിരുന്നു. എന്നാൽ യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ അനുഭാവപൂർവമായ നടപടിയല്ല, ഇങ്കിലാബ് മഞ്ചിനോട് സ്വീകരിച്ചത്. വിദ്യാർഥി പ്രക്ഷോഭത്തിൽ പങ്കെടുത്തിട്ടും യൂനുസ് സർക്കാർ പാർട്ടി പിരിച്ചുവിടുകയും ദേശീയ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് വിലക്കുകയും ചെയ്തു. പക്ഷേ, തിരഞ്ഞെടുപ്പിൽ ധാക്ക -8 നിയോജക മണ്ഡലത്തിൽ നിന്നുള്ള സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാൻ ഹാദി തീരുമാനിച്ചു.

ഡിസംബർ 12ന് സംഭവിച്ചത്.…

ഡിസംബർ 12-നാണ് മുഖംമൂടി ധരിച്ച് മോട്ടോർ സൈക്കിളിൽ എത്തിയ തോക്കുധാരികൾ, ധാക്കയിലെ പൽത്താനിലൂടെ ഓട്ടോറിക്ഷയിൽ പോവുകയായിരുന്ന ഹാദിക്ക് നേരെ വെടിയുതിർക്കുന്നത്. തലയ്ക്ക് വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ആദ്യം ധാക്ക മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ വെച്ച് അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും നില ഗുരുതരമായതിനാൽ എവർകെയർ ആശുപത്രിയിലേക്ക് മാറ്റി. ഡിസംബർ 15-ന് എയർ ആംബുലൻസിൽ വിദഗ്ധ ചികിത്സയ്ക്കായി സിങ്കപ്പൂരിലേക്ക് മാറ്റിയെങ്കിലും 18-ാം തീയ്യതി ഹാദി ലോകത്തോട് വിടപറ‌‍ഞ്ഞു.

കലുഷിതമാകുന്ന ബംഗ്ലാദേശ്.…

ഹാദിയുടെ മരണത്തിന് പിന്നാലെ അദ്ദേഹത്തിന്റെ അനുനായികൾ തെരുവിലിറങ്ങി പ്രതിഷേധം ആരംഭിച്ചു. കുറ്റവാളിയെ ഉടൻ പിടികൂടണമെന്നായിരുന്നു ഇവരുടെ ആവശ്യം. ധാക്കയിലെ ഷാബാഗ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ തടിച്ചു കൂടിയ പ്രക്ഷോഭക്കാർ വൻ തോതിൽ അക്രമങ്ങൾ അഴിച്ചുവിട്ടു. കൊലയാളികളെ അറസ്റ്റ് ചെയ്യുന്നതിൽ പോലീസ് പരാജയപ്പെട്ടെന്ന് ഇവർ ആരോപിച്ചു. പ്രമുഖ ബംഗ്ലാദേശ് പത്രമായ പ്രോഥം അലോയുടേയും ദി ഡെയ്ലി സ്റ്റാറിന്റേയും ധാക്കയിലെ ഓഫീസിനിന് നേരെയും ആക്രമണം ഉണ്ടായി. ഓഫീസിലേക്ക് ഇരച്ചുകയറിയ ജനക്കൂട്ടം കെട്ടിടം അടിച്ചു തകർക്കുകയും തീയിടുകയും ചെയ്തു. കലാപത്തിൽ നിരവധി അവാമി ലീഗ് പ്രവർത്തകരുടെ സ്വത്തുക്കൾ നശിപ്പിക്കപ്പെട്ടു. ഇതിനിടെ കലാപത്തിനിടെ മതനിന്ദ ആരോപിച്ച് ആൾകൂട്ടം ഒരു യുവാവിനെ മർദിച്ച് കൊലപ്പെടുത്തുകയും പിന്നീട് പെട്രോളൊഴിച്ച് കത്തിക്കുകയും ചെയ്തു. പിന്നീട് നടന്ന അന്വേഷണത്തിൽ മതനിന്ദ നടത്തിയതിന്റെ തെളിവുകൾ ലഭിച്ചില്ല. ലക്ഷ്മിപൂർ സദർ ഉപജില്ലയിൽ കലാപകാരികൾ ബംഗ്ലദേശ് നാഷണലിസ്റ്റ് പാർട്ടി നേതാവിന്റെ വീടിന് തീയിട്ടു. സംഭവത്തിൽ വീട്ടിലുണ്ടായിരുന്ന എഴുവയസുകാരി പൊള്ളലേറ്റ് മരിച്ചു. കഴിഞ്ഞ ദിവസം നാഷണൽ സിറ്റിസൺസ് പാർട്ടിയുടെ തൊഴിലാളി നേതാവിനും തലയ്ക്ക് വെടിയേറ്റു.

ശക്തമാകുന്ന ഇന്ത്യാവിരുദ്ധവികാരം…

കടുത്ത ഇന്ത്യ വിരുദ്ധത വെച്ചുപുലർത്തിയിരുന്ന ആളായിരുന്നു ഹാദി. ബംഗ്ലാദേശ് രാഷ്ട്രീയത്തിൽ ഇന്ത്യ ഇടപെടുന്നു, കഴിഞ്ഞ മൂന്ന് തിരഞ്ഞെടുപ്പുകളിലും ഇന്ത്യ ഷെയ്ഖ് ഹസീനയ്ക്കൊപ്പം നിന്നു, തിരഞ്ഞെടുപ്പിൽ കൃത്രിമം കാണിച്ചാണ് ഹസീന വിജയിച്ചത് തുടങ്ങി നിരവധി ആരോപണങ്ങൾ ഹാദി ഉന്നയിച്ചിരുന്നു. ഇതോടെ ഹസീന ഭരണകൂടത്തിനെതിരായ വികാരം ഇന്ത്യയ്ക്കെതിരായ വികാരമായി മാറി. അധികാരം നഷ്ടപ്പെട്ട് നാടുവിട്ട ഹസീനയ്ക്ക് ഇന്ത്യ അഭയം നൽകിയതോടെ ഈ വികാരം ശക്തമായി. ഇതുകൊണ്ടൊക്കെ തന്നെയാണ്, ഹാദിക്കെതിരേ ആക്രമണമുണ്ടായപ്പോൾ അതിന് പിന്നിൽ ഇന്ത്യയാണെന്നായിരുന്നു അയാളുടെ അനുയായികളും ചില പ്രതിപക്ഷ ശബ്ദങ്ങളും ആരോപിച്ചത്. ഹാദിയുടെ മരണശേഷം ജനക്കൂട്ടം അവാമി ലീഗ് വിരുദ്ധ മുദ്രാവാക്യങ്ങൾക്കൊപ്പം ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങളും ഉയർത്തി. ഹാദിയെ ആക്രമിച്ചവർ ഇന്ത്യയിലേക്ക് പലായനം ചെയ്തതായും അവരെ തിരികെ കൊണ്ടുവരുന്നതുവരെ ഇന്ത്യൻ ഹൈക്കമ്മീഷൻ അടച്ചുപൂട്ടണമെന്നും ആവശ്യപ്പെട്ട പ്രതിഷേധക്കാർ ഇന്ത്യാ വിരുദ്ധ വികാരം ആളിക്കത്തിച്ചു. എന്നാൽ ഇതിന് തെളിവില്ലെന്ന് പോലീസ് പരസ്യമായി പറഞ്ഞു. ആരോപണങ്ങൾ അടിസ്ഥാനരഹിതവും രാഷ്ട്രീയപ്രേരിതവുമാണെന്ന് ഇന്ത്യയും വ്യക്തമാക്കി. എന്നാൽ, കലാപം അന്താരാഷ്ട്ര തലത്തിൽ എത്തിക്കാനും ഇന്ത്യയെ ജനങ്ങളുടെ രോഷത്തിന്റെ കേന്ദ്രബിന്ദുവായി ചിത്രീകരിക്കാനുമുള്ള ബോധപൂർവമായ ശ്രമങ്ങളുടെ ഭാഗമാണിതെന്നാണ് റിപ്പോർട്ടുകൾ. ദേശീയ തിരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് ഹാദിയുടെ കൊലപാതകം നടത്തിയതെന്ന് ഉസ്മാൻ ഹാദിയുടെ സഹോദരൻ ഒമർ ഹാദി പറഞ്ഞതോടെ ഇന്ത്യാവിരുദ്ധതരുടെ ആരോപണം വെറുതെയായി.

പാകിസ്താന്റെ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്‌ഐ ബംഗ്ലാദേശിന്റെ രാഷ്ട്രീയ-സുരക്ഷാ രംഗങ്ങളിൽ സ്വാധീനമുണ്ടാക്കിയിട്ടുണ്ടെന്ന റിപ്പോർട്ടുകൾക്കിടെയാണ് പുതിയ സംഭവവികാസങ്ങളെന്നതും പ്രസക്തമാണ്. ഷെയ്ഖ് ഹസീനയുടെ സർക്കാർ വീണതിന് പിന്നാലെ അതിവേഗത്തിലാണ് ഐഎസ്‌ഐ ബംഗ്ലാദേശിൽ നീക്കങ്ങൾ നടത്തിവരുന്നത്. ഇപ്പോൾ നടന്നുക്കൊണ്ടിരിക്കുന്ന പ്രതിഷേധങ്ങളും ഇന്ത്യൻ ഹൈക്കമ്മിഷന് നേരെയുള്ള ആക്രമണങ്ങളും സംശയത്തോടെയാണ് ഇന്ത്യയും നോക്കിക്കാണുന്നത്.

എന്തായാലും ചിറ്റഗോങ്ങിലെ ഇന്ത്യൻ അസിസ്റ്റന്റ് ഹൈക്കമ്മീഷൻ ആക്രമിക്കാൻ പ്രതിഷേധക്കാർ ശ്രമിച്ചതിനെത്തുടർന്ന് ഇന്ത്യ അവിടെ വിസ സേവനങ്ങൾ നിർത്തിവെച്ചിട്ടുണ്ട്. ബംഗ്ലാദേശിലെ തീവ്രവാദ ഘടകങ്ങളുടെ വളർച്ചയിലും ഇന്ത്യൻ മിഷനുകളുടെ സുരക്ഷയിലുമുള്ള ശക്തമായ ആശങ്ക ഇന്ത്യയും ബംഗ്ലാദേശ് സ്ഥാനപതിയെ അറിയിച്ചിട്ടുണ്ട്.

ആസൂത്രിതമോ കലാപം?

സുരക്ഷാ സാഹചര്യങ്ങൾ വഷളായിക്കൊണ്ടിരിക്കുന്നത് തിരഞ്ഞെടുപ്പ് സുരക്ഷിതമല്ല എന്ന ഒരു ധാരണ സൃഷ്ടിക്കാനും അതുവഴി തിരഞ്ഞെടുപ്പ് മാറ്റിവെക്കാനുമുള്ള നീക്കങ്ങളാണ് നടക്കുന്നതെന്നുമാണ് ആരോപണം. മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാരിന് വിശ്വാസയോഗ്യമായ തിരഞ്ഞെടുപ്പ് പ്രക്രിയ ഉറപ്പാക്കാൻ കഴിയുമോ എന്ന ചോദ്യങ്ങൾ ഉയരുന്ന സാഹചര്യത്തിൽ കൂടിയാണ് ഇത്തരമൊരു ആരോപണം ഉയർന്ന് വരുന്നത്.

ഉസ്മാൻ ഹാദിയുടെ മരണത്തിന് തൊട്ടു പിന്നാലെ ധാക്കയടക്കമുള്ള വിവിധ നഗരങ്ങളിലുണ്ടായ പ്രതിഷേധ പ്രകടനങ്ങൾക്ക് ഒരു ഏകോപന സ്വഭാവമുണ്ടായിരുന്നു. പ്രക്ഷോഭം ആരംഭിച്ചത് ഉടൻ തന്നെ വ്യാപകമായ അക്രമങ്ങളായി മാറി, തീവെപ്പ്, നാശനഷ്ടങ്ങൾ, തെരുവിലെ നേരിട്ടുള്ള ഏറ്റുമുട്ടലുകളും സംശയത്തോടെയാണ് നിരീക്ഷകർ കാണുന്നത്. ജനക്കൂട്ടം ഹൈവേകൾ ഉപരോധിച്ചു, മുൻ മന്ത്രിമാരുടെ വീടുകൾ ആക്രമിച്ചു, നിരവധി അവാമി ലീഗ് പ്രവർത്തകരെയും ലക്ഷ്യമിട്ട് ആക്രമണം നടന്നു. മാധ്യമ സ്ഥാപനങ്ങൾക്കും കനത്ത നാശനഷ്ടം സംഭവിച്ചു. ഇതെല്ലാം ഒരു ആസൂത്രണ കലാപത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്.

ഹാദിയുടെ കൊലപാതകം തിരഞ്ഞെടുപ്പിനിടെ ഒരു രാഷ്ട്രീയക്കൊടുങ്കാറ്റായി മാറുമെന്ന് ഉറപ്പാണ്. നിലവിൽ നിരോധിക്കപ്പെട്ട ഷെയ്ഖ് ഹസീനയുടെ അവാമി ലീഗോ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയോ ഇതു തിരഞ്ഞെടുപ്പ് ചർച്ചയാക്കില്ല. അതേസമയം, ബംഗ്ലാദേശിൽ പിടിമുറുക്കിക്കൊണ്ടിരിക്കുന്ന തീവ്രവാദ ഗ്രൂപ്പുകൾ അവസരം മുതലാക്കുമോ എന്ന ആശങ്കയുണ്ട്. ഇതിനിടെ ഹാദിയെ വെടിവെച്ചതായി ആരോപിക്കപ്പെടുന്ന ഫൈസൽ കരീമിന് അവാമി ലീഗുമായി ബന്ധപ്പെടുത്തി ഇന്ത്യാവിരുദ്ധ വികാരങ്ങൾ ഇളക്കിവിടാൻ തീവ്രവാദ ഗ്രൂപ്പുകൾ പരമാവധി ശ്രമിക്കുന്നുമുണ്ട്. എന്തായാലും തിരഞ്ഞെടുപ്പിന് മുൻപ് സ്ഥിതിഗതികൾ ശാന്തമായില്ലെങ്കിൽ യൂനുസിന്റെ ഇടക്കാല ഭരണകൂടത്തിന് അത് വലിയ വെല്ലുവിളിയാകും.

Content Highlights: Explore the unfolding political crisis in Bangladesh, the assassination of Sharif Osman Hadi, and the alleged ISI involvement. Understand the anti-India sentiment and its roots.