വിമതര്‍ കോണ്‍ഗ്രസിലെത്തുമോ? തുലാസിലായി ആപ്പിന്റ ഭാവി, കെജ്‌രിവാളിന്റേയും
ആം ആദ്മി പാര്‍ട്ടിയുടെ തലപ്പൊക്കമായിരുന്നു രാജ്യതലസ്ഥാന നഗരിയിലെ അധികാരക്കസേര. അത് പോയതോടെ പരുങ്ങലിലായിരിക്കുകയാണ് ദേശീയതലത്തില്‍ തന്നെ ആപ്പിന്റെ നില. പല സംസ്ഥാനങ്ങളിലേയും ആപ്പ് നേതാക്കള്‍ കെജ്‌രിവാളിനെതിരേയും ആപ് നേതൃത്വത്തിനെതിരേയും പരസ്യമായി രംഗത്തെത്തി. പലയിടത്തും വിമതശബ്ദം ഉയര്‍ന്നുകഴിഞ്ഞു. നിലവില്‍ ഭരണത്തിലിരിക്കുന്ന ഏക സംസ്ഥാനമായ പഞ്ചാബിലും ആപ്പിന്റെ സ്ഥിതി പരുങ്ങലിലാണ്. ഡല്‍ഹിയിലെ പരാജയത്തിന് പിന്നാലെ കെജ്രിവാള്‍ പഞ്ചാബില്‍ മുഖ്യമന്ത്രിയാകുമെന്ന നേതാക്കളുടെ പ്രഖ്യാപനം എം.എല്‍.എമാരെ ചൊടിപ്പിച്ചു കഴിഞ്ഞു. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിന്റെ നേതൃത്വത്തില്‍ ആപ് എം.എല്‍.എമാര്‍ പാര്‍ട്ടി വിടുമെന്ന് പറഞ്ഞിരിക്കുകയാണ് ഗുരുദാസ്പുര്‍ എം.പി.സുഖ്ജിന്ദര്‍ സിങ് രണ്‍ധാവ. മുപ്പതിലധികം ആപ്പ് എം.എല്‍.എമാര്‍ ഒരുകൊല്ലത്തോളമായി കോണ്‍ഗ്രസുമായി സമ്പര്‍ക്കത്തിലുണ്ടെന്നും അവര്‍ പാര്‍ട്ടി മാറാന്‍ തയ്യാറാണെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും പഞ്ചാബിലെ പ്രതിപക്ഷ നേതാവുമായ പര്‍താപ് സിങ് ബാജ്വയും പറയുന്നു.
ബിജെപിക്കെതിരേ ആപ്പും കോണ്‍ഗ്രസും ഒരുമിച്ച് നില്‍ക്കാഞ്ഞത് വലിയ തോതിലുള്ള വിമര്‍ശനങ്ങള്‍ക്കിടയാക്കി. ഒരുമിച്ചു നിന്നിരുന്നെങ്കില്‍ വിജയമുറപ്പായിരുന്നുവെന്ന് കണക്കുകളും പറയുന്നു. ഇനിയും തമ്മിലടിക്കൂ എന്നായിരുന്നു ജമ്മുകശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയുടെ വിമര്‍ശനം പോലും. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രാഹുല്‍ഗാന്ധി കെജ്രിവാളിനെതിരേ പ്രയോഗിച്ച കടുത്ത ഭാഷയും ഏറെ വിമര്‍ശനങ്ങള്‍ക്ക് കാരണമായി. ഉദ്ധവ് വിഭാഗം ശിവസേന നേതാവ് സഞ്ജയ് റാവത്തും സമാജ്‌വാദിപാര്‍ട്ടി നേതാവ് രാംഗോപാല്‍ യാദവും മറ്റ് സഖ്യകക്ഷികളുമെല്ലാം ഇന്ത്യ സഖ്യത്തിലെ തമ്മിലടിയെ രൂക്ഷമായി വിമര്‍ശിച്ചു. അതിരുകടന്ന കടുംപിടിത്തമാണ് ചര്‍ച്ചയ്ക്കുള്ള വഴിപോലുമില്ലാതാക്കിയതെന്നായിരുന്നു ഇതിനോടുള്ള കോണ്‍ഗ്രസിന്റെ പ്രതികരണം.
ലാളിത്യത്തിന്റെ മറുപേരാകുമ്പോഴും ഏകാധിപതിയെന്ന പേര് തുടക്കംമുതലേ കെജ്രിവാള്‍ കേട്ടിരുന്നു. വലിയൊരു മുന്നേറ്റത്തിന്റെ ഭാഗമായി തികച്ചും ജനകീയമായി പിറന്ന പാര്‍ട്ടി പലപ്പോഴും കേഡര്‍ സ്വഭാവം കാണിച്ചു. മുന്‍നിരനേതാക്കള്‍ ആപ്പിനെ കൈവിട്ടപ്പോഴും ജനം കെജ്രിവാളിനെ വിശ്വസിച്ചു. എന്നാല്‍ അഴിമതിയുടെ നിഴല്‍വീണ അന്ന് മുതല്‍ ആപ്പിന്റെ പതനവും തുടങ്ങി. ബിജെപിയാണോ കോണ്‍ഗ്രസാണോ ശത്രു, ദേശീയ രാഷ്ട്രീയത്തില്‍ ശ്രദ്ധിക്കണോ അതോ ഡല്‍ഹി മതിയോ..ഇങ്ങനെ ആപ്പിന്റെ സന്ദേഹങ്ങള്‍ തെളിഞ്ഞ് കണ്ടതും നേതൃതനിരയില്‍ അസ്വാരസ്യങ്ങള്‍ ഉയര്‍ന്നതും അത് പരസ്യമായതും വീഴ്ചയുടെ ആക്കം കൂട്ടി. ബിജെപി എന്ന പൊതുശത്രുവിനായി ആപ്പും കോണ്‍ഗ്രസും കൈകോര്‍ത്തപ്പോള്‍ ഡല്‍ഹി രാഷ്ട്രീയത്തില്‍ അതെങ്ങനെ വേണമെന്ന് കൃത്യമായൊരുത്തരം കൊടുക്കാന്‍ കെജ്രിവാളിനും കൂട്ടര്‍ക്കും കഴിയാതെ പോയി. ഡല്‍ഹിയില്‍ ബിജെപി പഴയതിനേക്കാള്‍ വളര്‍ന്നുവെന്നും ആപ്പ് മറന്നു പോയി.
പഴയപോലെയല്ല, രാഷ്ട്രീയക്കാര്‍ നിരന്തരം ജനങ്ങളുടെ ഓഡിറ്റിന് വിധേയമാകുന്നുണ്ടെന്ന പാഠമാണ് കെജ്‌രിവാളിന്റേയും ടീമിന്റേയും തോല്‍വി നല്‍കുന്നത്. പണ്ട് പറഞ്ഞതും ഇപ്പോള്‍ പറയുന്നതുമെല്ലാം കൃത്യമായി ഓര്‍ത്തുവെയ്ക്കുന്നുമുണ്ട്. ഈ തോല്‍വി ആപ്പിന്റെ തകര്‍ച്ചയ്ക്ക് കാരണമാകാതെ നോക്കേണ്ട ഭാരിച്ച ഉത്തരവാദിത്തവും ഏകാധിപത്യത്തിലേക്ക് വളര്‍ന്ന കെജ്‌രിവാളിന് തന്നെയാണ്. ഡല്‍ഹിയുടെ ഭരണം പോയെങ്കിലും ഡല്‍ഹി കോര്‍പറേഷന്‍ ഭരണം നിലനിര്‍ത്താനായാല്‍, ജനങ്ങള്‍ക്കൊപ്പമുണ്ടെന്ന് തെളിയിച്ചാല്‍ മദ്യനയക്കേസില്‍ മനീഷ് സിസോദിയയും കെജ്‌രിവാളും കുറ്റവിമുക്തനായാല്‍ രാഷ്ട്രീയത്തിലിനിയും കെജ്‌രിവാളിന് തിളങ്ങാം. ഇന്ത്യ സഖ്യത്തില്‍ ഇപ്പോഴും നിര്‍ണായക ശക്തിയാണ് കെജ്‌രിവാള്‍. ആ ബലം സഖ്യം വീണ്ട വിധം ഉപയോഗിച്ചാല്‍ ആപ്പിന്റെ ഡല്‍ഹിയില്‍ നഷ്ടമായ പ്രതാപം വീണ്ടെടുക്കാം. മുഖം മങ്ങിയ പാര്‍ട്ടിക്കൊപ്പം എത്ര നേതാക്കള്‍, എത്ര എം.എല്‍.എമാര്‍ നില്‍ക്കുമെന്നതും വലിയൊരു ചോദ്യമാണ്. അവരെ പിടിച്ചുനിര്‍ത്താനായാല്‍ ആപ്പ് പകുതിവിജയിച്ചു. ആം ആദ്മി പാര്‍ട്ടി ചരിത്രത്തിലുറങ്ങാതിരിക്കാന്‍ നേതാക്കള്‍ക്ക് മുന്നില്‍ അതേ പോംവഴിയുള്ളൂ
Content Highlights: AAP`s decline after Delhi loss: future uncertain