ആ റെക്കോർഡ് ഇനി അടൽ ടണലിന് മാത്രം സ്വന്തം; ഔദ്യോഗിക സ്ഥിരീകരണമായി

ഉദ്ഘാടനസമയത്ത് തന്നെ വാർത്തകളിൽ ഇടംപിടിച്ച ഒന്നാണ് ഇന്ത്യയുടെ അടൽ ടണൽ. ഇപ്പോഴിതാ മറ്റാർക്കും അവകാശപ്പെടാനാവാത്ത പുത്തൻ നേട്ടം കൈവരിച്ചിരിക്കുകയാണ് ഈ തുരങ്കം. 10000 അടി ഉയരത്തിന് മുകളിൽ സ്ഥിതി ചെയ്യുന്ന ലോകത്തിലെ ഏറ്റവും നീളം കൂടിയ ഹൈവേ തുരങ്കപാത എന്ന ലോകറെക്കോർഡാണ് അടൽ ടണിനെ തേടിയെത്തിയിരിക്കുന്നത്.
റോഹ്താങ്ങിൽ സ്ഥിതി ചെയ്യുന്ന ടണൽ മണാലിയെ ലഹൗളുമായാണ് ബന്ധിപ്പിക്കുന്നത്. 9.02 കിലോ മീറ്ററാണ് തുരങ്കത്തിന്റെ നീളം. വേൾഡ് ബുക്ക് ഓഫ് റെക്കോർഡ്സിൽനിന്ന് ഇതുമായി ബന്ധപ്പെട്ട സർട്ടിഫിക്കറ്റ് ലഭിച്ചുവെന്ന് ബോർഡർ റോഡ് ഓർഗനൈസേഷൻ വക്താവ് പറഞ്ഞു. പ്രതിരോധ മന്ത്രാലയവും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
ഹിമാലയത്തിലെ എഞ്ചിനീയറിങ് വിസ്മയമായാണ് തുരങ്കത്തെ കണക്കാക്കുന്നത്. ഏത് കാലാവസ്ഥയിലും ഉൾനാടുകളിലേക്കും ഇന്ത്യയുടെ മറ്റുഭാഗങ്ങളിലേക്കും എത്താൻ കഴിയുന്ന തരത്തിലാണ് തുരങ്കം നിർമിച്ചിരിക്കുന്നത്. കൂടാതെ സ്പിതി, ലഹൗൾ ജില്ലകളിൽ വൻ മാറ്റമാണ് ഈ പാത ഉണ്ടാക്കിയിരിക്കുന്നത്.
ടണലിന്റെ തെക്കുഭാഗത്തെ കവാടം മണാലിക്കടുത്ത് 9840 അടി ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്. ലഹൗളിനടുത്തുള്ള സിസുവിലാണ് വടക്കൻ കവാടം. 10,171 അടി ഉയരമുണ്ട് ഈ ഭാഗത്തിന്. സുരക്ഷിതയാത്ര ഉറപ്പാക്കുന്നതിനൊപ്പം ഈ തുരങ്കം മണാലിക്കും കീലോംഗിനും ഇടയിലുള്ള ദൂരം 46 കിലോമീറ്ററായി കുറയ്ക്കുകയും ചെയ്തു. നേരത്തേയുള്ളതിൽ നിന്ന് രണ്ട് മണിക്കൂറിലധികമാണ് യാത്രാസമയ ലാഭം.
3200 കോടി മുതൽമുടക്കിലാണ് തുരങ്കം നിർമിച്ചത്. 4ജി ഇന്റർനെറ്റ് സൗകര്യമുള്ള ലോകത്തിലെ തന്നെ ആദ്യ ടണലാണിത്. ഓരോ 60 മീറ്ററിലും സിസിടിവി ക്യാമറകളും ഓരോ 150 മീറ്ററിലും എമർജൻസി വാതിലുകളുമുണ്ട്.
Content Highlights: World Book of Records, Atal Tunnel, World’s Longest Highway Tunnel above 10,000 ft
Content Highlights: