കൊല്ലത്ത് വൻ ഹിറ്റായ 'വീ പാർക്ക്' 25 സ്ഥലങ്ങളിൽക്കൂടി

കൊല്ലം: കൊല്ലത്തു വൻ ഹിറ്റായ വീ പാർക്ക്, ടൂറിസംവകുപ്പ് സംസ്ഥാനത്ത് 25 ഇടങ്ങളിൽക്കൂടി ഒരുക്കുന്നു. സംസ്ഥാന ഡിസൈൻ പോളിസി (തനതായ രൂപകല്പനാനയം)യുടെ ഭാഗമായ ആദ്യ പദ്ധതിയാണ് വീ പാർക്ക്. റെയിൽവേ മേൽപ്പാലങ്ങളുടെ അടിവശത്ത് ഉപയോഗശൂന്യമായിക്കിടക്കുന്ന സ്ഥലങ്ങൾ ജനസൗഹൃദ മാതൃകാ പൊതുഇടങ്ങളാക്കി മാറ്റുന്നതാണ് പദ്ധതി.
പദ്ധതിയുടെ പൈലറ്റ് പ്രോജക്ടായിരുന്നു കൊല്ലം എസ്‌പി ഓഫീസ് ജങ്ഷൻ മേൽപ്പാലത്തിന് അടിവശത്തായി ആരംഭിച്ചത്. കുട്ടികൾക്കും ചെറുപ്പക്കാർക്കും വയോജനങ്ങൾക്കും ഒരുപോലെ പ്രയോജനപ്പെടുന്നരീതിയിൽ നടപ്പാതകൾ, ബാഡ്മിന്റൺ-ബാസ്കറ്റ്ബോൾ കോർട്ടുകൾ, ചെസ് ബ്ലോക്ക്, സ്കേറ്റിങ് ട്രാക്ക്, ഓപ്പൺ ജിം, യോഗ-മെഡിറ്റേഷൻ സോൺ, ലഘുഭക്ഷണശാല, ഇരിപ്പിടങ്ങൾ തുടങ്ങിയവയാണ് സജ്ജമാക്കിയത്. 24 മണിക്കൂറും തുറന്നിരിക്കുന്ന പാർക്ക് രാത്രിയിലാണ് സജീവമാകുന്നത്.
സ്വകാര്യ ടർഫുകളിൽ മണിക്കൂർ അടിസ്ഥാനത്തിൽ ആയിരങ്ങൾ ഫീസ് നൽകേണ്ടിവരുമ്പോൾ ഇവിടെ സൗജന്യമായി ഇവ ഉപയോഗിക്കാം. ലഹരി ഉപയോഗങ്ങളിൽനിന്ന് യുവാക്കളെ പിന്തിരിപ്പിച്ച് കായികവിനോദങ്ങളിലേക്ക് തിരിക്കുകയെന്ന ലക്ഷ്യവും പദ്ധതിയിലൂടെ ടൂറിസംവകുപ്പിനുണ്ട്. നേരത്തേ എല്ലാ ജില്ലകളിലും വീ പാർക്കിന് അനുയോജ്യമായ സ്ഥലങ്ങൾ കണ്ടെത്തിയിരുന്നു. ഇതിനു പുറമേയാണ് 12 ഇടങ്ങളിൽക്കൂടി പാർക്ക് നിർമിക്കാൻ തീരുമാനിച്ചത്. നഗരകേന്ദ്രങ്ങളിൽ റെയിൽവേ മേൽപ്പാലങ്ങളുടെ അടിയിൽ ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങളാണ് പുനർനിർമിച്ച് വിനോദത്തിനും കലാ-കായിക പരിശീലനങ്ങൾക്കുമുള്ള ഇടമാക്കിമാറ്റുക.
ഇതിനു പുറമേ വലിയ മേൽപ്പാലങ്ങളുടെ താഴ്‌വശവും ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങളും പാർക്കിനായി കണ്ടെത്തും. ഇതിന്റെ വിശദമായ പദ്ധതിരേഖ കേരള ടൂറിസം ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് ഒരുമാസത്തിനകം തയ്യാറാക്കും. കണ്ടെത്തുന്ന സ്ഥലങ്ങളുടെ ഭൂപ്രകൃതിയനുസരിച്ച് അനുയോജ്യമായ നിർമാണപ്രവൃത്തികളാണ് ഓരോ പാർക്കിലും ഉണ്ടാകുക. കൊല്ലത്ത് 70 സെന്റ് സ്ഥലത്ത് രണ്ടുകോടി ചെലവിൽ ആറുമാസംകൊണ്ടാണ് പദ്ധതി പൂർത്തിയാക്കിയത്.
Content Highlights: Following the success of Kollam`s V Park