വയനാട്ടിലേക്കുള്ള ആദ്യകാല വഴി, ഓർമ്മകൾ മാത്രമായി വിലങ്ങാട് കാട്ടുപാത

വിലങ്ങാട് കാട്ടുപാത കടന്നുപോകുന്ന കുങ്കിച്ചിറയുടെ തീരം( ഫയൽ ചിത്രം)
വിലങ്ങാട് കാട്ടുപാത കടന്നുപോകുന്ന കുങ്കിച്ചിറയുടെ തീരം( ഫയൽ ചിത്രം)

നിരവിൽപ്പുഴ: നൂറ്റാണ്ടുകൾക്ക് മുൻപേ വയനാട്ടിലേക്ക് വഴിതുറന്ന വിലങ്ങാട് കാട്ടുപാത ഒടുവിൽ ഭൂപടത്തിൽനിന്ന് മായുന്നു. ഒരുപതിറ്റാണ്ട് മുൻപുവരെയും വയനാട്ടിൽനിന്ന്‌ വിലങ്ങാട് പ്രദേശത്തേക്ക് കാൽനടയായി നാട്ടുകാർ ആശ്രയിച്ചിരുന്ന പാതയാണ് തുറക്കുമെന്ന പ്രതീക്ഷ അകലുന്നത്. വയനാടിന്റെ ചരിത്രപൈതൃകങ്ങളെ അടയാളപ്പെടുത്തുന്ന ഈ കാട്ടുപാത ഹിസ്റ്റോറിക്കൽ റൂട്ടായി സംരക്ഷിക്കണമെന്ന ആവശ്യം ഉയരുകയാണ്.

പഴശ്ശി പോരാട്ടവഴികളുടെ ഹിസ്റ്റോറിക്കൽ സർക്യൂട്ടും വിലങ്ങാട് ചുരം ബദൽപാതയും തൊണ്ടർനാടിന്റെ വികസനലക്ഷ്യങ്ങളിൽ ചിലതായിരുന്നു. കോഴിക്കോട് ജില്ലയിലെ വിലങ്ങാടുനിന്ന്‌ കുഞ്ഞോത്തേക്ക് നൂറ്റാണ്ടുകൾക്ക് മുൻപേ ഉണ്ടായിരുന്ന ഈ വഴിത്താരകൾ വയനാട്ടിലേക്കുള്ള ചരക്കുഗതാഗതത്തിന്റെ പ്രധാന റൂട്ടായിരുന്നു. ഈ വഴികളിലൂടെയാണ് ഉപ്പുമുതൽ കർപ്പൂരംവരെയുള്ള സാധനങ്ങൾ വയനാട്ടിലേക്കെത്തിയിരുന്നത്. തലച്ചുമടായി എത്തുന്ന പലവ്യഞ്ജനങ്ങളെല്ലാം കുഞ്ഞോം പള്ളിക്ക് സമീപത്തായുള്ള ചന്തയിലെത്തിക്കുകയും ഇവിടെനിന്ന്‌ കാളവണ്ടിയിലും മറ്റുമായി ജില്ലയിലെ ഇതരഭാഗങ്ങളിലേക്ക് കൊണ്ടുപോവുകയും ചെയ്യുമായിരുന്നു. വയനാട്ടിലെ കാർഷികോത്പന്നങ്ങൾ ഇതുവഴി തിരിച്ച് കോഴിക്കോട് ജില്ലയിലേക്കും എത്തുമായിരുന്നു.

കുറ്റ്യാടിച്ചുരമെല്ലാം വരുന്നതിനുമുൻപേ വിലങ്ങാട് പാനോത്തുനിന്നും കുഞ്ഞോത്ത് എത്തിച്ചേരുന്ന കാട്ടുപാത നിലവിലുണ്ട്. കുഞ്ഞോം അങ്ങാടിയും ഇതോടെ വയനാട്ടിലെ പ്രധാനപ്പെട്ട വ്യാപാരകേന്ദ്രമായി മാറുകയായിരുന്നു. ഈ പാതയെ വയനാടിന്റെ ബദൽപ്പാതയായി വികസിപ്പിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. പാനോത്ത് നിന്നും ഏറെദൂരം മൺറോഡ് നിലവിലുണ്ട്. ഇവിടെനിന്ന്‌ കുഞ്ഞോത്തേക്ക് എളുപ്പത്തിൽ പാത നിർമിക്കാം.

വിലങ്ങാട് കാട്ടുപാത

വയനാടിന്റെ ബദൽപ്പാതകളെക്കുറിച്ച് വാർത്തകളിൽ നിറയുമ്പോൾ വളരെ ചെലവുകുറഞ്ഞരീതിയിൽ സാധ്യമാകുന്ന വിലങ്ങാട്-കുഞ്ഞോം പാത അവഗണിക്കപ്പെടുകയാണ്. നാടിന്റെ വികസനത്തിനൊപ്പം ജില്ലയുടെ യാത്രാദുരിതങ്ങൾക്കുകൂടി ഈ പാത സാക്ഷാത്കരിക്കുന്നതോടെ അറുതിയാകുമെന്ന് തൊണ്ടർനാട്ടുകാരും പറയുന്നു. നാദാപുരത്തുനിന്ന്‌ വടകര വഴി കോഴിക്കോട്ടേക്കും പെരിങ്ങത്തൂർ വഴി മാഹിയിലേക്കും തലശ്ശേരിയിലേക്കും എത്താവുന്ന വഴിയാണിത്.

നാല് കിലോമീറ്റർ മാത്രമാണ് വനത്തിലൂടെ വഴി കടന്നുപോകുന്നത്. വനഭൂമിക്ക് പകരം ഭൂമി വിട്ടുനൽകാമെന്ന് പറഞ്ഞെങ്കിലും കേന്ദ്ര വനനിയമങ്ങൾ ഈ പാതയ്ക്ക് എതിരാവുകയാണ്. വനമന്ത്രാലയത്തിനുള്ള അനുമതിക്കായി ഒട്ടേറെ പരിശ്രമങ്ങളും പോരാട്ടങ്ങളും രാഷ്ട്രീയ, സാമൂഹിക സംഘടനകൾ ഏറ്റെടുത്തിരുന്നു.

ഹിസ്റ്റോറിക്കൽ സർക്യൂട്ട് വേണം

പഴശ്ശിപോരാട്ടങ്ങളുടെ ചരിത്രമുറങ്ങുന്ന മണ്ണുകൂടിയാണ് തൊണ്ടർനാട്. പഴശ്ശിപ്പട ഇംഗ്ലീഷ്‌വിരുദ്ധ പോരാട്ടങ്ങൾക്ക് കോപ്പുകൂട്ടിയ സ്ഥലം എന്നതുകൂടി കുഞ്ഞോം, ചുരുളി പ്രദേശങ്ങളുടെ ചരിത്രമാണ്. പഴശ്ശി ഒറ്റുകൊടുക്കപ്പെട്ട ഒറ്റുപാറയും ഇവിടെയുണ്ട്. പഴശ്ശിയുടെ പടയാളിയായ തലയ്ക്കൽ ചന്തുവിന്റെ തറവാടും കുഞ്ഞോം കുങ്കിച്ചിറയുടെ തീരത്താണ്. വില്യം ലോഗൻ മലബാർ മാന്വലിന്റെ ഒരുഭാഗം പൂർത്തിയാക്കിയ കോറോം ഗസ്റ്റ്‌ഹൗസും തൊണ്ടർകോട്ട അമ്പലവും വയനാട്ടിലെ ആദ്യത്തെ മുസ്‌ലിംപള്ളി എന്ന് കരുതപ്പെടുന്ന കുഞ്ഞോം പള്ളിയും ഇവിടെയുണ്ട്. ഇവയെല്ലാം ചേർത്ത് ഹിസ്റ്റോറിക്കൽ സർക്യൂട്ട് രൂപപ്പെടുത്തുന്നതും തൊണ്ടർനാടിന് നേട്ടമാകും. വരുംകാലത്തിനും അതൊരു വഴികാട്ടിയാകും.


വയനാട്ടിലെ ആദ്യകാല പള്ളിയായ കുഞ്ഞോം ജുമാ മസ്ജിദ്

ചേറ്റുകണ്ടം മൈതാനം

കുങ്കിച്ചിറയ്ക്ക് സമീപമാണ് ചേറ്റുകണ്ടം മൈതാനം. കാടിനുള്ളിലെ വിശാലമായ ഈ മൈതാനം ടൂറിസം കേന്ദ്രമായി വികസിപ്പിക്കാൻ കഴിയുന്നതാണ്. പി.കെ. ജയലക്ഷ്മി മന്ത്രിയായിരുന്നപ്പോൾ ഇവിടെ മാൻപാർക്ക് തുടങ്ങാൻ പദ്ധതിയിട്ടതാണ്. കുങ്കിച്ചിറ മ്യൂസിയം യാഥാർഥ്യമായതോടെ ചേറ്റുകണ്ടം മൈതാനത്തിനും ടൂറിസം സാധ്യതകൾ ഏറിവരുകയാണ്. കാടിനുള്ളിലൂടെയുള്ള വിലങ്ങാട് പാതയുംകൂടി ഉൾപ്പെടുത്തി ടൂറിസം ട്രെയിൽ രൂപപ്പെടുത്തിയാൽ പുതിയൊരു വിനോദകേന്ദ്രംകൂടി ഇവിടെ ഉണരും.

Content Highlights: Wayanad Vilangad forest way