ഇടവേളയ്ക്ക് അറുതി; രണ്ടുവർഷത്തിന് ശേഷം വിയറ്റ്നാമിലെ ഏറ്റവും വലിയ ദ്വീപിൽ സഞ്ചാരികളെത്തി

ഹാനോയി: രണ്ടുവർഷത്തെ ഇടവേളയ്ക്ക് ശേഷം വിയറ്റ്നാമിലെ ഏറ്റവും വലിയ ദ്വീപായ ഫു ക്വോക്ക് ദ്വീപിൽ വിനോദസഞ്ചാരികളെത്തി. കോവിഡ് മൂലം അടച്ചിട്ട ദ്വീപിലേക്ക് 200-ഓളം സഞ്ചാരികളാണ് ശനിയാഴ്ചയെത്തിയത്. തെക്കൻ കൊറിയയിൽ നിന്നെത്തിയ വാക്സിൻ നടപടികൾ പൂർത്തിയാക്കിയ സഞ്ചാരികളാണ് ദ്വീപിലെത്തിയത്. ഇവർക്ക് 14 ദിവസത്തെ ക്വാറന്റൈൻ ആവശ്യമില്ല. രാജ്യത്തെത്തിയ സമയത്ത് നടത്തിയ പരിശോധനയിൽ നെഗറ്റീവ് ഫലം ലഭിച്ച സഞ്ചാരികൾക്ക് ദ്വീപിലെ എല്ലാ വിനോദങ്ങളിലും ഏർപ്പെടാം.
വിയറ്റ്നാം ടൂറിസ്റ്റ് അഡ്മിനിസ്ട്രേഷൻ ചെയർമാൻ ഗുയെൻ ട്രങ് ഖാൻ സഞ്ചാരികളെ വിമാനത്താവളത്തിൽ സ്വീകരിച്ചു. വിനോദസഞ്ചാരകേന്ദ്രങ്ങൾ തുറക്കുന്നത് രാജ്യത്തിന്റെ വിനോദസഞ്ചാര മേഖലയെ പുനരുജ്ജീവിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണെന്ന് അദ്ദേഹം പറഞ്ഞു. ആരോഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് മേഖലയിൽ പ്രവർത്തിക്കുന്നവരും ദ്വീപിലെ 99 ശതമാനം മുതിർന്ന താമസക്കാരും എല്ലാ ഡോസ് വാക്സിനുമെടുത്തതാണ്. അടുത്തമാസത്തോടെ 12-നും 17നും ഇടയിൽ പ്രായമുള്ളവർക്ക് അടുത്തമാസം മുതൽ വാക്സിൻ നൽകാൻ അധികൃതർക്ക് പദ്ധതിയുണ്ട്.
2020-ൽ ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾത്തന്നെ രാജ്യം അടച്ചുപൂട്ടിയിരുന്നു. അന്നുമുതൽ ഏതാനും അന്താരാഷ്ട്ര വിമാനങ്ങൾക്ക് മാത്രമേ രാജ്യത്തിനകത്തേക്ക് വരാൻ അനുവാദമുണ്ടായിരുന്നുള്ളു. നയതന്ത്രജ്ഞർ, വിയറ്റ്നാമിലേക്ക് തിരിച്ച് വരുന്ന തദ്ദേശീയർ എന്നിവരായിരുന്നു അതിലുണ്ടായിരുന്നത്. ഇവർ നിയുക്ത ഹോട്ടലുകളിലോ സർക്കാർ നടത്തുന്ന സൗകര്യങ്ങൾ ഉപയോഗിച്ചോ നിർബന്ധമായും 14 ദിവസത്തെ ക്വാറന്റൈനിൽ കഴിയണമായിരുന്നു.
വാക്സിൻ ഡോസുകൾ പൂർത്തിയാക്കിയ സഞ്ചാരികൾക്കായി പൂർണ്ണമായി തുറന്ന് തുടങ്ങുന്ന ഏറ്റവും പുതിയ ഏഷ്യൻ രാഷ്ട്രമാണ് വിയറ്റ്നാം.
Content Highlights: Vietnam welcomes tourists to resort island after two years, Phu Quoc island
Content Highlights: