ദീര്‍ഘകാലം താമസിക്കാം, റിട്ടയര്‍മെന്റ് ലൈഫ് ആസ്വദിക്കാം; ഗോള്‍ഡന്‍ വിസ വാഗ്ദാനംചെയ്ത് വിയറ്റ്‌നാം

പ്രതീകാത്മകചിത്രം | AFP
പ്രതീകാത്മകചിത്രം | AFP

പത്ത് വര്‍ഷത്തെ ഗോള്‍ഡന്‍ വിസ പ്രോഗ്രാം അവതരിപ്പിച്ച് വിയറ്റ്‌നാം. വിദേശ സംരംഭകര്‍, പ്രൊഫഷണലുകള്‍, ദീര്‍ഘകാല സന്ദര്‍ശകര്‍ എന്നിവര്‍ക്ക് വേണ്ടിയാണിത്. ഇന്ത്യ പോലെയുള്ള രാജ്യങ്ങളില്‍ നിന്നുള്ളവരെയാണ് വിയറ്റ്‌നാം പ്രധാനമായും ലക്ഷ്യമിടുന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു.

താമസാനുമതി, ബിസിനസ് അവസരങ്ങള്‍, ഡിജിറ്റല്‍ മൊബിലിറ്റി എന്നിവ ഉള്‍പ്പെടുന്ന ആകര്‍ഷകമായ പാക്കേജ് വാഗ്ദാനം ചെയ്യുന്നതാണിത്. പത്തുവര്‍ഷം വരെ കാലാവധിയുള്ള, പുതുക്കാവുന്ന വിസ വിയറ്റ്‌നാമില്‍ താമസിക്കാനും ജോലി ചെയ്യാനും തടസങ്ങളില്ലാതെ സംരംഭങ്ങള്‍ കെട്ടിപ്പടുക്കാനും അനുമതി നല്‍കും. സംരംഭകര്‍ക്ക് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, സുസ്ഥിര ഊര്‍ജ്ജം, ടെക്‌സ്‌റ്റൈല്‍സ് പോലുള്ള മേഖലകളില്‍ നിക്ഷേപം നടത്താം.  വിയറ്റ്‌നാമിലെ കുറഞ്ഞ ജീവിതച്ചെലവ്, ശക്തമായ ഇന്റര്‍നെറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയെല്ലാം ആകര്‍ഷണങ്ങളാണ്.

മൂന്ന് പ്രധാന വിഭാഗങ്ങളിലാണ് വിസ ലഭിക്കുന്നത്. വിയറ്റ്‌നാമില്‍ മൂലധന നിക്ഷേപം നടത്തുന്നവര്‍ക്ക് വേണ്ടിയാണ് നിക്ഷേപക വിസ. ടെക്, ഫിനാന്‍സ്, ഹെല്‍ത്ത് കെയര്‍, വിദ്യാഭ്യാസം എന്നീ മേഖലകളില്‍ വിദഗ്ദ്ധരായ പ്രൊഫഷണലുകള്‍ക്ക് വേണ്ടിയുള്ളതാണ് ടാലന്റ് വിസ. ദീര്‍ഘകാല ടൂറിസ്റ്റുകള്‍ക്കും വിരമിച്ചവര്‍ക്കുമുള്ളതാണ് ഗോള്‍ഡന്‍ വിസ. ദീര്‍ഘകാല ജീവിതമോ സമാധാനപരമായ റിട്ടയര്‍മെന്റ് ലൈഫോ ആഗ്രഹിക്കുന്നവര്‍ക്ക് ഉള്ളതാണിത്. അപേക്ഷകള്‍ പൂര്‍ണ്ണമായും ഓണ്‍ലൈനിലൂടെയാണ്. എംബസി സന്ദര്‍ശിക്കേണ്ട ആവശ്യം പോലുമില്ല. കുടുംബങ്ങള്‍ക്ക് ഒരുമിച്ച് അപേക്ഷിക്കാനും ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം എന്നീ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനും സാധിക്കും. 5 മുതല്‍ 10 വര്‍ഷം വരെ പുതുക്കാം. 
 

Content Highlights: vietnam unveils golden visa program