തിരുപ്പതി, വേളാങ്കണ്ണി തീര്‍ഥാടകര്‍ക്ക് ആശ്വാസം; ട്രെയിനുകള്‍ സ്ഥിരമാക്കി

പ്രതീകാത്മകചിത്രം | Photo: Mathrubhumi
പ്രതീകാത്മകചിത്രം | Photo: Mathrubhumi

തിരുപ്പതി, വേളാങ്കണ്ണി തീര്‍ഥാടകര്‍ക്ക് ആശ്വാസം നല്‍കുന്ന വാര്‍ത്തയുമായി ഇന്ത്യന്‍ റെയില്‍വേ. തീര്‍ഥാടകകേന്ദ്രമായ വേളാങ്കണ്ണിയിലേക്ക് എറണാകുളത്തുനിന്നുള്ള പ്രത്യേക തീവണ്ടി സ്ഥിരമാക്കി. ഇതോടൊപ്പം കൊല്ലത്തുനിന്ന് തിരുപ്പതിയിലേക്ക് പുതിയ തീവണ്ടിയും അനുവദിച്ചു. പാലക്കാട്-തിരുനെല്‍വേലി പാലരുവി എക്‌സ്പ്രസ് (1679116792) തൂത്തുക്കുടിയിലേക്ക് നീട്ടാനും റെയില്‍വേ ബോര്‍ഡ് തീരുമാനിച്ചു.

എറണാകുളത്തുനിന്ന് തിങ്കള്‍, ശനി ദിവസങ്ങളിലും വേളാങ്കണ്ണിയില്‍നിന്ന് ചൊവ്വ, ഞായര്‍ ദിവസങ്ങളിലും തീവണ്ടിയുണ്ടാകും. എറണാകുളം-വേളാങ്കണ്ണി(16361) ഉച്ചയ്ക്ക് 12.35-ന് പുറപ്പെട്ട് അടുത്തദിവസം രാവിലെ 5.50-ന് വേളാങ്കണ്ണിയിലെത്തും. തിരിച്ച് വേളാങ്കണ്ണിയില്‍നിന്ന് വൈകുന്നേരം 6.30-ന് പുറപ്പെട്ട് അടുത്തദിവസം ഉച്ചയ്ക്ക് 12-ന് കൊച്ചിയിലെത്തും.

തിരുപ്പതിയില്‍നിന്ന് ചൊവ്വ, വെള്ളി ദിവസങ്ങളിലും കൊല്ലത്തുനിന്ന് ബുധന്‍, ശനി ദിവസങ്ങളിലും സര്‍വീസുണ്ടാകും. തിരുപ്പതി-കൊല്ലം എക്‌സ്പ്രസ് തിരുപ്പതിയില്‍നിന്ന് ഉച്ചയ്ക്ക് 2.40-ന് പുറപ്പെട്ട് രാവിലെ 6.20-ന് കൊല്ലത്ത് എത്തും. തിരിച്ച് കൊല്ലത്തുനിന്ന് പകല്‍ പത്തിന് പുറപ്പെട്ട് രാവിലെ 3.20-ന് തിരുപ്പതിയിലെത്തും.

മാവേലിക്കര, ചങ്ങനാശ്ശേരി, കായംകുളം, ചെങ്ങന്നൂര്‍, തിരുവല്ല, കോട്ടയം, എറണാകുളം ടൗണ്‍, ആലുവ, തൃശ്ശൂര്‍, പാലക്കാട്, കോയമ്പത്തൂര്‍, തിരുപ്പൂര്‍, ഈറോഡ്, സേലം, ജോലാര്‍പേട്ട, കാട്പാടി, ചിറ്റൂര്‍ എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകും. തീവണ്ടി ഓടിത്തുടങ്ങുന്ന ദിവസം പ്രഖ്യാപിച്ചിട്ടില്ല.

Content Highlights: Velankanni to Tirupati Trains services Indian Railways