വന്ദേഭാരത് സ്ലീപ്പർ സർവീസിന്റെ ആദ്യദിനം തന്നെ നാണക്കേട്; ട്രെയിനിൽ നിറയെ മാലിന്യങ്ങൾ | വീഡിയോ

#Travel Desk
വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിന്റെ ആദ്യ സർവീസ് യാത്ര തുടങ്ങിയപ്പോൾ, ട്രെയിനിലെ മാലിന്യങ്ങൾ - വൈറൽ വീഡിയോയിൽ നിന്നുള്ള ദൃശ്യങ്ങൾ | Photos: ANI, Reddit
വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിന്റെ ആദ്യ സർവീസ് യാത്ര തുടങ്ങിയപ്പോൾ, ട്രെയിനിലെ മാലിന്യങ്ങൾ - വൈറൽ വീഡിയോയിൽ നിന്നുള്ള ദൃശ്യങ്ങൾ | Photos: ANI, Reddit

രാജ്യത്തെ അതിവേഗ ട്രെയിനായ വന്ദേഭാരതിന്റെ സ്ലീപ്പർ പതിപ്പ് കഴിഞ്ഞദിവസമാണ് സർവീസ് ആരംഭിച്ചത്. പശ്ചിമബംഗാളിലെ മാൾഡയിൽ നിന്ന് ഗുവാഹാട്ടിയിലെ കാമാഖ്യയിലേക്കാണ് ഇന്ത്യയിലെ ആദ്യ വന്ദേഭാരത് സ്ലീപ്പർ ഓടിത്തുടങ്ങിയത്. ഈ റൂട്ടിൽ നിലവിലുള്ള എല്ലാ ട്രെയിനുകളേക്കാളും വേഗതയേറിയ ട്രെയിനാണ് വന്ദേഭാരത് സ്ലീപ്പർ. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് സർവീസ് ഫ്‌ളാഗ് ഓഫ് ചെയ്തത്.

Also Read: 'മുതിർന്നയാളെ മടിയിൽ കിടത്തിയുറക്കുന്നു'; ഇന്ത്യൻ ട്രെയിനിലെ യാത്രാനുഭവം പങ്കുവെച്ച് കെനിയൻ വ്‌ളോഗർ

വിമാനത്തിലേതിന് സമാനമായ യാത്രാനുഭവം കുറഞ്ഞനിരക്കിൽ ദീർഘദൂരയാത്രക്കാർക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ അത്യാധുനിക സ്ലീപ്പർ ട്രെയിൻ രൂപകൽപ്പന ചെയ്തത്. എന്നാൽ ആദ്യയാത്രയിൽ തന്നെ യാത്രക്കാർ ട്രെയിനിൽ നിറയെ മാലിന്യങ്ങൾ തള്ളിയെന്നാണ് പുതിയ റിപ്പോർട്ട്. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്.

Don’t Miss: 'അത് പേടിപ്പിക്കുന്ന അനുഭവമായിരുന്നു...'; ഓടുന്ന ട്രെയിനിൽ നിന്ന് ചാടി പരിക്കേറ്റ നടി കരിഷ്മ ശർമ

ട്രെയിനിനുള്ളിൽ മാലിന്യങ്ങൾ ചിതറിക്കിടക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. കപ്പുകൾ, ഡിസ്‌പോസിബിൾ സ്പൂണുകൾ, തുടങ്ങിയവയാണ് ട്രെയിനിന്റെ നിലത്ത് അങ്ങിങ്ങായിക്കിടക്കുന്നത്. ട്രേ ടേബിളിന് മുകളിൽ  ഒഴിഞ്ഞ കുടിവെള്ള കുപ്പിയും ഭക്ഷണ പാക്കറ്റും ടിഷ്യൂ പേപ്പറുമെല്ലാം കാണാം. വന്ദേഭാരത് സ്ലീപ്പറിന്റെ ആദ്യദിവസത്തെ സർവീസിനിടെ ചിത്രീകരിച്ച വീഡിയോയാണ് ഇതെന്നാണ് റിപ്പോർട്ട്.

'ഇത് നോക്കൂ. ഇത് റെയിൽവേയുടെ തെറ്റാണോ? സർക്കാരിന്റെ തെറ്റാണോ? അതോ നിങ്ങളുടെ തെറ്റോ? അൽപ്പമെങ്കിലും പൗരബോധം കാണിക്കൂ.' -വീഡിയോയുടെ പശ്ചാത്തലത്തിൽ അത് ചിത്രീകരിച്ചയാൾ ഇങ്ങനെ പറയുന്നത് കേൾക്കാമായിരുന്നു. റെഡ്ഡിറ്റിൽ പ്രത്യക്ഷപ്പെട്ട വീഡിയോ ഇതിനകം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിട്ടുണ്ട്.

'കൂടുതൽ പണം കൊടുത്ത് യാത്ര ചെയ്യുന്നവർക്ക് കൂടുതൽ സിവിക് സെൻസുണ്ടാകുമെന്നാണ് പലരും പറയുന്നത്. ഇപ്പോൾ കണ്ടില്ലേ?' -ഇതാണ് ഒരാളുടെ കമന്റ്. 'നല്ല സംവിധാനങ്ങൾക്ക് നമ്മൾ അർഹരല്ല.' -മറ്റൊരാൾ കുറിച്ചു. 'സീറ്റ് കിട്ടാനായി 2000 രൂപയോ 10,000 രൂപയോ മുടക്കുന്നവർ പക്ഷേ വിദ്യാഭ്യാസമുള്ള വിഡ്ഢികളായി തുടരുന്നു' എന്ന് മറ്റൊരാൾ. പിഎൻആർ നമ്പർ പരിശോധിച്ച് യാത്രക്കാരിൽ നിന്ന് പിഴയീടാക്കണമെന്നും ഭാവിയിൽ അവരെ സീറ്റ് ബുക്ക് ചെയ്യുന്നതിൽ നിന്ന് വിലക്കണമെന്നും അത് മാത്രമാണ് ഇതിനുള്ള പരിഹാരമെന്നും മറ്റൊരാൾ അഭിപ്രായപ്പെട്ടു.

ഹൗറ-ഗുവാഹാട്ടി വന്ദേഭാരത് സ്ലീപ്പർ

ഹൗറ-ഗുവാഹാട്ടി റൂട്ടിലെ യാത്രാ സമയം ഏകദേശം 2.5 മണിക്കൂർ കുറയ്ക്കാൻ വന്ദേഭാരത് സ്ലീപ്പർ ട്രെയിനിന് കഴിയും. മണിക്കൂറിൽ 180 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ ശേഷിയുള്ള ട്രെയിനിൽ ആകെ 16 കോച്ചുകളാണുള്ളത്. ഇതിൽ 11 എസി ത്രീ-ടയർ കോച്ചുകളും, 4 എസി ടു-ടയർ കോച്ചുകളും, ഒരു ഒന്നാം ക്ലാസ് എസി കോച്ചും ഉൾപ്പെടുന്നു. ആകെ 823 യാത്രക്കാർക്ക് ഒരേസമയം യാത്ര ചെയ്യാൻ കഴിയുന്ന ഈ ട്രെയിനിൽ സുരക്ഷയ്ക്കായി 'കവച്' (Kavach), എമർജൻസി ടോക്ക് ബാക്ക് സംവിധാനങ്ങൾ എന്നിവ ഒരുക്കിയിട്ടുണ്ട്.

Also Read: കോലാപുരി ചെരിപ്പിന് പിന്നാലെ പ്രാദ വീണ്ടും കോപ്പിയടിച്ചോ?; പുതിയ ബാഗിന്റെ ഡിസൈൻ അടിച്ചുമാറ്റിയത് ഇന്ത്യൻ റെയിൽവേയിൽ നിന്നെന്ന് സോഷ്യൽ മീഡിയ, വില 2.73 ലക്ഷം

400 കിലോമീറ്റർ വരെയുള്ള യാത്രകൾക്ക് എസി ത്രീ-ടയർ ടിക്കറ്റുകൾക്ക് 960 രൂപ മുതലാണ് ആരംഭിക്കുന്നത്. എസി ടു-ടയറിന് ഏകദേശം 1,240 രൂപയും, ഫസ്റ്റ് ക്ലാസ് എസിക്ക് ഏകദേശം 1,520 രൂപയും ഈടാക്കുന്നു. ഏകദേശം 1,000 കിലോമീറ്റർ യാത്രകൾക്ക് ടിക്കറ്റ് നിരക്ക് 2,400 രൂപ മുതൽ 3,800 രൂപ വരെയാണ്. ഇത് ഭൂരിഭാഗം വിമാന നിരക്കുകളേക്കാളും കുറവാണ്.

യാത്രക്കാർക്ക് മികച്ച സൗകര്യങ്ങളും അതോടൊപ്പം പ്രാദേശിക വിഭവങ്ങളും ട്രെയിനിൽ ലഭ്യമാക്കും. ഗുവാഹാട്ടിയിൽ നിന്നുള്ള യാത്രയിൽ ആസാമി വിഭവങ്ങളും കൊൽക്കത്തയിൽ നിന്നുള്ള യാത്രയിൽ ബംഗാളി വിഭവങ്ങളും വിളമ്പും. മികച്ച കുഷ്യനുകളോട് കൂടിയ ബെർത്തുകൾ, ഓട്ടോമാറ്റിക് ഡോറുകൾ, ശബ്ദം കുറഞ്ഞ യാത്ര എന്നിവ ഇതിന്റെ മറ്റ് പ്രത്യേകതകളാണ്. രാത്രി ഭക്ഷണവും രാവിലെ ചായയും ഉൾപ്പെടുന്ന രീതിയിൽ രാത്രികാല സർവീസാണ് ക്രമീകരിച്ചിരിക്കുന്നത്.

വന്ദേ ഭാരത് സ്ലീപ്പറിൽ വിഐപി പരിഗണനകളോ എമർജൻസി ക്വാട്ടയോ ഉണ്ടായിരിക്കില്ല. ഉന്നത റെയിൽവേ ഉദ്യോഗസ്ഥർക്ക് പോലും പാസ് ഉപയോഗിച്ച് ഇതിൽ യാത്ര ചെയ്യാൻ സാധിക്കില്ല. കൺഫേം ടിക്കറ്റുള്ളവർക്ക് മാത്രമായിരിക്കും പ്രവേശനം.

Content Highlights: India's first Vande Bharat Sleeper train, flagged off by PM Narendra Modi from Malda to Kamakhya, faced controversy on its debut day. Despite offering world-class amenities, videos have surfaced on social media showing the train littered with waste, sparking a heated debate about civic sense among passengers.