തഡോബ അന്ധാരി കടുവസങ്കേതത്തിൽ സഫാരി ബുക്കിങ് കുതിച്ചുയരുന്നു

മുംബൈ: തഡോബ അന്ധാരി കടുവസങ്കേതം ഇന്ത്യയിലെ പ്രധാന വന്യജീവി കേന്ദ്രങ്ങളിലൊന്നായി സ്ഥാനമുറപ്പിച്ചു. 2025-26ൽ 3.76 ലക്ഷം ഓൺലൈൻ സഫാരി ബുക്കിങ്ങുകൾ രേഖപ്പെടുത്തി. മുൻവർഷം ഇത് 3.67 ലക്ഷമായിരുന്നു.
ചന്ദ്രാപുർ ജില്ലയിൽ സ്ഥിതിചെയ്യുന്ന കടുവസങ്കേതത്തിലെ സഫാരി അനുഭവം സമ്പന്നമാക്കുന്നതിന് സന്ദർശകർക്കായി കൂടുതൽ സൗകര്യങ്ങളേർപ്പെടുത്തിയതായി ഡയറക്ടർ പ്രഭുനാഥ് ശുക്ല പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
വിനോദസഞ്ചാരികൾക്ക് ഇപ്പോൾ സഫാരിസമയത്തിന് രണ്ട് മണിക്കൂർ മുൻപുവരെ ബുക്ക് ചെയ്യാൻ കഴിയും. നേരത്തേ രാത്രി എട്ടുമണിക്ക് അവസാനിപ്പിച്ചിരുന്ന സഫാരിയുടെ സമയവും നീട്ടിയിട്ടുണ്ട്. ഓരോ സഫാരിവാഹനത്തിലും ഒരു 'തഡോബ ഡയറിയും' വന്യജീവി ലഘുപത്രികകളും സജ്ജീകരിച്ചിരിക്കുന്നു.
സുവനീർ ഷോപ്പുകൾ പ്രാദേശിക ഉത്പന്നങ്ങളും ഇവിടെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഡിജിറ്റൽ പേമെന്റുകൾ, ക്യു.ആർ. അടിസ്ഥാനമാക്കിയുള്ള ഫീഡ്ബാക്ക്, പ്രദേശവാസികൾക്ക് സഫാരിക്കായി പ്രത്യേകദിവസങ്ങൾ എന്നീ സൗകര്യങ്ങളും കടുവസങ്കേതത്തിലുണ്ട്.
Content Highlights: Record-breaking 3.76 lakh online safari bookings in 2025-26, Flexible booking window updated to 2 hours before safari time, Extended safari operational hours for enhanced visitor experience, Introduction of Tadoba Diaries and wildlife brochures in vehicles, Digital payment integration and QR-based feedback systems