55 ഹെക്ടര്‍ പൂന്തോട്ടം, 17 ലക്ഷം പൂക്കള്‍; കശ്മീരിലെ ടുലിപ് ഗാര്‍ഡന്‍ ശനിയാഴ്ച തുറക്കും

ഒരു സീസണിലും സഞ്ചാരികളെ നിരാശരാക്കാത്ത അത്ഭുത പറുദീസയാണ് കശ്മീര്‍. ഏത് സമയങ്ങളിലുമെത്തുന്ന സഞ്ചാരികളുടെ ഹൃദയം കുളിര്‍ക്കുന്ന കാഴ്ചകള്‍ കശ്മീര്‍ കാത്തുവെക്കും. അതിമനോഹരമായ ഒരു മഞ്ഞുകാലത്തിന് ശേഷം വസന്തകാലത്ത് സഞ്ചാരികളെ വരവേല്‍ക്കുവാന്‍ ഒരുങ്ങുകയാണ് താഴ്വാരം.
കശ്മീരിന്റെ സൗന്ദര്യം ആസ്വദിക്കാനെത്തുന്ന വിനോദ സഞ്ചാരികളെ വരവേല്‍ക്കാനൊരുങ്ങി നില്‍ക്കുകയാണ് ഏഷ്യയിലെ ഏറ്റവും വലിയ ടുലിപ് തോട്ടം. ശ്രീനഗറിലെ ഇന്ദിരാ ഗാന്ധിയുടെ പേരിലുള്ള പൂന്തോട്ടമാണ് ശനിയാഴ്ച തുറക്കുക. ദാല്‍ തടാകത്തിന് സമീപമാണ് ഈ പൂന്തോട്ടം. പലനിറങ്ങളിലുള്ള 73 തരം ടുലിപ്പുകള്‍ ഇവിടെ കാണാം. 55 ഹെക്ടറിലായി 17 ലക്ഷം ചെടികളാണ് ഇത്തവണ നട്ടത്.
2007-ലാണ് ഇന്ദിരാ ഗാന്ധിയുടെ ഓര്‍മയ്ക്കായി ടുലിപ് തോട്ടം നിര്‍മിച്ചത്. തുടക്കത്തില്‍ 50,000 ടുലിപ് ചെടികളുണ്ടായിരുന്നു. സന്ദര്‍ശകര്‍ കൂടിയതോടെ തോട്ടം വിപുലമാക്കി. കഴിഞ്ഞവര്‍ഷം 3.65 ലക്ഷംപേരാണ് ടുലിപിന്റെ ഭംഗി ആസ്വദിക്കാന്‍ എത്തിയത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സഞ്ചാരികളാണ് ടുലിപ് ഫെസ്റ്റിവല്‍ കാണാനായി എത്തുക. കശ്മീരിന്റെ സമ്പന്നമായ സാംസ്‌കാരിക പാരമ്പര്യം വിളിച്ചോതുന്ന നിരവധി കലാപരിപാടികളും പരിപാടിയുടെ ഭാഗമായി അരങ്ങേറും. കശ്മീരിന്റെ രുചിവൈവിധ്യങ്ങള്‍ അറിയാനുള്ള ഭക്ഷണശാലകളും ഇവിടെ ഒരുക്കും.
ടുലിപ് പൂക്കള്‍ അധികകാലം വാടാതെ നില്‍ക്കാറില്ല. പൂക്കളുള്ള സമയത്ത് മാത്രമേ ഗാര്‍ഡനിലേക്ക് സഞ്ചാരികളെ പ്രവേശിപ്പിക്കാറുള്ളു. അതിനാല്‍ ഏപ്രില്‍ അവസാനത്തോടെ ഗാര്‍ഡന്‍ അടയ്ക്കും. തുറക്കുന്ന സമയത്ത് രാവിലെ 8 മണി മുതല്‍ വൈകിട്ട് ഏഴുമണി വരെയാണ് പ്രവേശനം അനുവദിക്കുക. മുതിര്‍ന്നവര്‍ക്ക് 60 രൂപയും കുട്ടികള്‍ക്ക് 25 രൂപയുമാണ് ടിക്കറ്റ് ഫീസ്.
Content Highlights: srinagar tulip Garden asia's biggest to open this week