വിനോദസഞ്ചാരികളുടെ കുത്തൊഴുക്ക് വിനയാകുന്നു; ടൂറിസ്റ്റുകൾക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ സ്‌പെയിന്‍

സ്‌പെയിനിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളിൽ ഒന്നായ സെവില്ലെയിലുള്ള പ്ലാസ ഡി എസ്പാന - പ്രതീകാത്മക ചിത്രം | Photo: Canva
സ്‌പെയിനിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളിൽ ഒന്നായ സെവില്ലെയിലുള്ള പ്ലാസ ഡി എസ്പാന - പ്രതീകാത്മക ചിത്രം | Photo: Canva

ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളുടെ ഇഷ്ട രാജ്യങ്ങളിലൊന്നാണ് സ്‌പെയിന്‍. ബാഴ്‌സലോണയും മാഡ്രിഡുമടക്കം ചരിത്രപ്രാധാന്യമുള്ള ഒട്ടേറെ സ്ഥലങ്ങളാണ് സഞ്ചാരികളെ കാത്ത് സ്‌പെയിനിലുള്ളത്. ഒരിക്കല്‍ സന്ദര്‍ശിച്ചവര്‍ പോലും വീണ്ടും പോകാനാഗ്രഹിക്കുന്ന സ്‌പെയിനില്‍ നിന്ന് വിനോദസഞ്ചാരികള്‍ക്ക് ശുഭകരമല്ലാത്തൊരു വാര്‍ത്തയാണ് ഇപ്പോള്‍ വരുന്നത്. 

രാജ്യത്തേക്ക് അമിതാതി ടൂറിസ്റ്റുകളെത്തുന്നത് തലവേദനയാകുന്നതിനാല്‍ വിനോദസഞ്ചാരികള്‍ക്ക് സ്‌പെയിന്‍ സര്‍ക്കാര്‍ നിയന്ത്രണമേര്‍പ്പെടുത്താന്‍ ഒരുങ്ങുകയാണ്. സ്‌പെയിനിന്റെ ഈ നീക്കം ലോകവ്യാപകമായി ഇപ്പോള്‍ ചര്‍ച്ചാവിഷയമായിട്ടുണ്ട്. 'സ്‌പെയിന്‍ ടൂറിസ്റ്റ് ബാന്‍' എന്നാണ് ഈ വിഷയം ആഗോളതലത്തില്‍ അറിയപ്പെടുന്നത്. ടൂറിസ്റ്റുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുന്നതിനായി പല കാരണങ്ങളാണ് സര്‍ക്കാര്‍ പറയുന്നത്. 

ബാഴ്‌സലോണ, മയോര്‍ക്ക, കാനറി ദ്വീപുകള്‍ പോലുള്ള സ്‌പെയിനിലെ പ്രശസ്തമായ വിനോദസഞ്ചാര നഗരങ്ങളില്‍ ടൂറിസ്റ്റുകളുടെ കുത്തൊഴുക്കിനെതിരെ വലിയ ജനകീയ പ്രതിഷേധമാണ് നടക്കുന്നത്. വീടുകളുടെ ലഭ്യതക്കുറവ്, കുതിച്ചുയരുന്ന വീട്ടുവാടക, പരിസ്ഥിതി നാശം, സാംസ്‌കാരിക സ്വത്വം നഷ്ടപ്പെടുന്നു എന്നീ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം. 

അധികൃതര്‍ ഗൗരവത്തോടെയാണ് ജനകീയ പ്രതിഷേധത്തെ കാണുന്നത്. ഇതിന്റെ ഭാഗമായി സ്‌പെയിനിലെ മലാഗയില്‍ ജനുവരി 14 മുതല്‍ പുതിയ ടൂറിസ്റ്റ് ഹോമുകള്‍ക്കുള്ള രജിസ്‌ട്രേഷന്‍ മൂന്നുവര്‍ഷത്തേക്ക് നിര്‍ത്തിവെച്ചു.  43 ജില്ലകളിലാണ് ഇത് പ്രാബല്യത്തില്‍ വന്നത്. ഈ ജില്ലകളിലെ ആകെ വാടകവീടുകളുടെ എട്ട് ശതമാനവും ടൂറിസ്റ്റ് ഹോമുകളാണ്. കൂടാതെ സാധാരണ താമസസ്ഥലത്തുനിന്ന് വേറിട്ടല്ലാതെയുള്ള ടൂറിസ്റ്റ് അപ്പാര്‍ട്ടുമെന്റുകളുടെ ലൈസന്‍സ് ഫെബ്രുവരി 22 മുതല്‍ റദ്ദാക്കാനും മലാഗ തീരുമാനിച്ചിട്ടുണ്ട്. ബാഴ്‌സലോണയാകട്ടെ, 2028-ഓടെ ടൂറിസ്റ്റുകള്‍ക്കായുള്ള 10,000 അപ്പാര്‍ട്ടുമെന്റുകള്‍ അടച്ചുപൂട്ടാനാണ് തീരുമാനിച്ചത്. 

പ്രതിവര്‍ഷം 9.4 കോടി വിനോദസഞ്ചാരികളാണ് സ്‌പെയിനിലെത്തുന്നതെന്നാണ് കണക്ക്. ടൂറിസ്റ്റുകളുടെ വരവ് നിയന്ത്രിക്കുന്നതിനായി 12 ഇന കര്‍മ്മപദ്ധതിയാണ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചെസ് മുന്നോട്ടുവെക്കുന്നത്. സ്‌പെയിന്‍കാരുടെ ആവശ്യങ്ങളേയും ടൂറിസത്തേയും ഒരുപോലെ കൊണ്ടുപോകുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 

ഹ്രസ്വകാലത്തേക്ക് മാത്രമായി നല്‍കുന്ന വാടകവീടുകള്‍ക്ക് കര്‍ശനമായ മാനദണ്ഡങ്ങള്‍ കൊണ്ടുവരികയും പൗരന്മാര്‍ക്ക് മുന്‍ഗണന നല്‍കുകയുമാണ് ഈ പദ്ധതിയിലെ പ്രധാനപ്പെട്ട ഒരുകാര്യം. പുതിയ പദ്ധതികള്‍ 2027 വരെ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കുമെന്നാണ് എ.പി. റിപ്പോര്‍ട്ട് ചെയ്തത്. 

Content Highlights: Spain introduces new restrictions for visitors amid growing anti-tourism protests