കൂലിപ്പണിയില്‍ നിന്ന് സ്വരൂപിച്ച തുകകൊണ്ട് സാഹസികയാത്രകള്‍; എവറസ്റ്റ് ക്യാമ്പ് കയറി ശിവകുമാര്‍

#സി.പി ഷനോജ്‌
എവറസ്റ്റ്‌, ശിവകുമാര്‍ 5,644 മീറ്റര്‍ ഉയരമുള്ള കാലാ പത്ഥറില്‍
എവറസ്റ്റ്‌, ശിവകുമാര്‍ 5,644 മീറ്റര്‍ ഉയരമുള്ള കാലാ പത്ഥറില്‍

ഒരു ദിവസത്തെ കൂലിയില്‍നിന്ന് 150 രൂപ. ഒന്നരവര്‍ഷം സ്വരൂപിച്ച പണംകൊണ്ട് ശിവകുമാര്‍ നടന്നുകയറിയത് എവറസ്റ്റിന്റെ നെറുകയിലേക്ക്. കെട്ടിടനിര്‍മ്മാണ ജോലികളില്‍നിന്ന് കിട്ടുന്ന കൂലിയില്‍നിന്ന് മിച്ചംപിടിച്ച തുകകൊണ്ട് സാഹസികയാത്രകള്‍ നടത്തി ലോകത്തിലെ ഉയരങ്ങള്‍ കീഴടക്കുകയാണ് തൃശൂര്‍ പഴയന്നൂര്‍ സ്വദേശിയായ ഈ കെട്ടിടനിര്‍മാണത്തൊഴിലാളി. മേയ് 14ന് എവറസ്റ്റ് ബേസ് ക്യാമ്പ് കീഴടക്കിയപ്പോള്‍ അവിടത്തെ താപനില മൈനസ് 15.

പഴയന്നൂര്‍ വടക്കേത്തറ പാലക്കപറമ്പില്‍ കാത്താന്റെയും നഞ്ചമ്മാളുടെയും മകന്‍ ശിവകുമാര്‍(34) നാട്ടിലേക്കുള്ള മടക്കയാത്രയിലാണിപ്പോള്‍. സമുദ്രനിരപ്പില്‍നിന്ന് 5,364 മീറ്റര്‍ ഉയരമുള്ള എവറസ്റ്റ് ബേസ് ക്യാമ്പ് (ഇ.ബി.സി.) മേയ് 14 നും കനത്ത മഞ്ഞുവീഴ്ചയെ അതിജീവിച്ച് 5,644 മീറ്റര്‍ ഉയരമുള്ള കാലാ പത്ഥര്‍ മേയ് 15നുമാണ് ഈ യുവാവ് കീഴടക്കിയത്. രണ്ട് മലയാളികളുള്‍പ്പെടെ മൂന്നുപേര്‍കൂടി ഒപ്പമുണ്ടായിരുന്നു. കൊല്ലം സ്വദേശി മിലന്‍ (21), പാലക്കാട് കഞ്ചിക്കോട് സ്വദേശി രാധാകൃഷ്ണന്‍(63), ബെംഗളൂരു സ്വദേശിനി ഷജില (45) എന്നിവരാണ് സംഘത്തിലുണ്ടായിരുന്ന മറ്റുള്ളവര്‍. യാത്രാമധ്യേയാണ് ഇവരെയെല്ലാം പരിചയപ്പെട്ടത്. മറ്റ് മൂന്നുപേരും ബേസ് ക്യാമ്പില്‍ യാത്ര അവസാനിപ്പിച്ചു. ശിവകുമാര്‍ മാത്രം കയറ്റം തുടര്‍ന്നു.

എട്ടു ദിവസമെടുത്തു മുകളിലെത്താന്‍. നാലു ദിവസംകൊണ്ട് തിരിച്ചിറങ്ങി. ഏറ്റവും കൂടുതല്‍ ചെലവു വന്നത് ഭക്ഷണത്തിനാണ്. ഒരു ഗ്ലാസ് ചൂടുവെള്ളത്തിന് 200 രൂപ വരെ നല്‍കണം. ചോറിനും പരിപ്പുകറിക്കും ആയിരം രൂപ വരെ നല്‍കണം. പുഴുങ്ങിയ രണ്ടു മുട്ട കിട്ടാന്‍ 400 രൂപയാകും.

ഒന്നര വര്‍ഷത്തെ തയ്യാറെടുപ്പിനു ശേഷമാണ് ഇ.ബി.സി.യും കാലാ പത്ഥറും കീഴടക്കിയത്. മുമ്പും സാഹസികയാത്രകള്‍ നടത്തിയ പരിചയമുണ്ട് ശിവകുമാറിന്. 2018ല്‍ കശ്മീരിലെ ലേ ലഡാക്ക്, 2021ല്‍ ഹിമാചലിലെ ഗ്രഹന്‍ വില്ലേജ്, 2022ല്‍ ഹിമാചലിലെ സര്‍ഫാസ്, 2023  ജനുവരിയില്‍ ദക്ഷിണകര്‍ണാടകയിലെ കുമാരപര്‍വതം എന്നിവയാണ് പ്രധാനപ്പെട്ടവ. ഇതില്‍ ഏറ്റവും കഠിനമായിത്തോന്നിയത് കര്‍ണാടകത്തിലെ ചെങ്കുത്തായ കയറ്റങ്ങള്‍ നിറഞ്ഞ കുമാരപര്‍വതാരോഹണമാണെന്ന് ശിവകുമാര്‍ പറയുന്നു.

എവറസ്റ്റ് ബേസ് ക്യാമ്പ് കീഴടക്കി തന്റെ കുഞ്ഞുവീട്ടിലേക്ക് മടങ്ങുമ്പോഴും ഇനിയും ഉയരങ്ങള്‍ കീഴടക്കാനുള്ള മോഹങ്ങള്‍ ഇദ്ദേഹത്തിന്റെ മനസ്സില്‍ മലകയറിക്കൊണ്ടിരിക്കുകയാണ്. ശിവകുമാര്‍ നാട്ടിലെത്തുമ്പോള്‍ സ്വീകരണം നല്‍കാനൊരുങ്ങുകയാണ് സുഹൃത്തുക്കളും നാട്ടുകാരും.

Content Highlights: everest base camp trek