‘ഇന്ത്യയിലെ ആളുകളെ സൂക്ഷിക്കണമെന്ന് അവർ പറഞ്ഞു, എന്നാൽ ഞാൻ കണ്ടത് സ്‌നേഹിക്കാൻ മാത്രമറിയുന്നവരെ’

ഇന്ത്യയിലെ യാത്രക്കിടയിലെ ഹൃദയസ്പർശിയായ അനുഭവങ്ങൾ പങ്കുവെച്ച് റഷ്യൻ വിനോദസഞ്ചാരി. യാത്ര പുറപ്പെടുന്നതിന് മുമ്പ് തനിക്ക് ഇന്ത്യയെ കുറിച്ച് പല മുന്നറിയിപ്പുകൾക്ക് വിരുദ്ധമായി സ്‌നേഹവും ഊഷ്മളതയും നൽകിയ ആളുകളെയാണ് കണ്ടുമുട്ടിയതെന്നും അവർ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നു. ഈ യാത്ര ഇന്ത്യയെ കുറിച്ചുള്ള തന്റെ കാഴ്ച്ചപ്പാട് മാറ്റിയെന്നും അന്ന വ്യക്തമാക്കുന്നു.
യാത്രക്കിടെ കണ്ടുമുട്ടിയവരുമായി സംസാരിക്കുന്നതും ഇന്ത്യൻ ഭക്ഷണം കഴിക്കുന്നതുമെല്ലാം വീഡിയോയിലുണ്ട്. ഇന്ത്യയിലേക്ക് യാത്ര പുറപ്പെടുന്നതിന് മുമ്പ് തനിക്ക് ലഭിച്ച ഉപദേശങ്ങളെക്കുറിച്ചുള്ള കുറിപ്പോടെയാണ് അവർ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 'ഇന്ത്യയിലെ ആളുകളെ സൂക്ഷിക്കണമെന്ന് യാത്ര തിരിക്കുന്നതിന് മുമ്പ് അവർ എന്നോട് പറഞ്ഞിരുന്നു. എന്നാൽ ഞാൻ ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും ദയയും ആകാംക്ഷയുമുള്ള, സ്‌നേഹസമ്പന്നരായ ആളുകളെയാണ് ഞാൻ കണ്ടുമുട്ടിയത്.'-അന്ന കുറിച്ചു. പ്രതിഫലേച്ഛയില്ലാതെയാണ് പലപ്പോഴും അവർ സഹായങ്ങൾ ചെയ്തത്. കൂടാതെ, ഭക്ഷണം പങ്കുവെച്ചും പുഞ്ചിരിയോടെ തന്റെ വിശേഷങ്ങൾ തിരക്കിയും തന്നെ ഒരു കുടുംബാംഗത്തെപ്പോലെ എല്ലാവരും കണ്ടുവെന്നും അവർ കുറിച്ചു. ഇന്ത്യയിലെ ആളുകളാണ് നന്ദി പറയുന്നുവെന്നും അന്ന കൂട്ടിച്ചേർത്തു.
ഇതിന് താഴെ ഒട്ടേറെ ഇന്ത്യക്കാരാണ് അന്നയെ അഭിനന്ദിച്ച് കമന്റ് ചെയ്തത്. പലപ്പോഴും വിദേശികൾ ഇന്ത്യയുടെ മോശം വശം മാത്രം കാണുമ്പോൾ അന്ന അതിൽനിന്ന് വ്യത്യസ്തയായി എന്നായിരുന്നു ഒരു കമന്റ്. യഥാർഥത്തിൽ ഇന്ത്യ ഇങ്ങനെയാണെന്നും വിദേശികളെ സ്‌നേഹത്തോടെയാണ് സ്വീകരിക്കാറുള്ളതെന്നും ഒരാൾ കുറിച്ചു. ഇന്ത്യയുടെ ഒരു ചെറിയ ഭാഗം മാത്രമാണ് അന്ന കണ്ടതെന്നും ഇനിയും ഒരുപാട് സ്ഥലങ്ങൾ കാണാനുണ്ടെന്നും കമന്റുകളുണ്ട്.
Content Highlights: A Russian tourist shares her positive experience traveling across India., She challenges negative warnings received before her trip., Highlights the genuine kindness, hospitality, and warmth of Indian people., The story gained significant traction on social media with positive engagement from Indians.