ഹിമാലയത്തിലെ ഗുഹയിൽ രജനികാന്തിന്റെ ധ്യാനം, ആരാധകർക്കൊപ്പം സെൽഫി, ദൃശ്യങ്ങൾ വൈറൽ

Photo: @AbineshWorld/X
Photo: @AbineshWorld/X

സിനിമയിൽനിന്ന് ഇടവേളയെടുക്കുമ്പോൾ ഹിമാലയത്തിലാണ് തമിഴ് സൂപ്പർസ്റ്റാർ രജനികാന്ത് സമയം ചെലവഴിക്കാറ്. കുറച്ചുവർഷങ്ങളായി ഇതാണ് അദ്ദേഹത്തിന്റെ ശീലം. താൻ ഒരു ആത്മീയവാദിയാണെന്നും അവിടേക്കുള്ള യാത്ര മനസ്സിന് ശാന്തത നൽകുമെന്നും അദ്ദേഹം ഒട്ടേറെ അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്.

അദ്ദേഹം ഈയിടെ നടത്തിയ ഹിമാലയൻ യാത്രയിൽനിന്നുള്ള ചിത്രങ്ങളിലും വീഡിയോകളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. രജനി ധ്യാനിക്കുന്നതും ആരാധകർക്കൊപ്പം സെൽഫിയെടുക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

ധ്യാനം മഹാവതാർ ബാബാജി ഗുഹയിൽ

കറുത്ത ജമ്പറും വെളുത്ത പാന്റും ധരിച്ച രജനികാന്തിനെയാണ് ഓൺലൈനിൽ പ്രചരിക്കുന്ന ചിത്രങ്ങളിൽ കാണുന്നത്. ഒരു ചിത്രത്തിൽ അദ്ദേഹം മഹാവതാർ ബാബാജി ഗുഹയ്ക്കുള്ളിൽ കണ്ണുകളടച്ച് ധ്യാനത്തിലിരിക്കുന്നതായി കാണാം. മറ്റൊന്നിൽ, കയ്യിൽ ഊന്നുവടിയുമായി ഒരു പടിയിൽ ഇരിക്കുന്ന അദ്ദേഹത്തെ കാണാം.

പരമ്പരാഗത വെള്ള വസ്ത്രം ധരിച്ച രജനികാന്ത്, ശ്രീ ബാബാജി ആശ്രമത്തിലെ അധികൃതരുമായി സംസാരിക്കുന്ന ഒരു വീഡിയോയും പുറത്തുവന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ ടീം ഈ വീഡിയോ എക്സിൽ പങ്കുവെക്കുകയും ഇങ്ങനെ കുറിക്കുകയും ചെയ്തു: “സൂപ്പർസ്റ്റാർ രജനികാന്ത് തന്റെ ഹിമാലയൻ ആത്മീയ യാത്രയ്ക്കിടെ ബാബാജി ഗുഹയ്ക്ക് സമീപമുള്ള ശ്രീ ബാബാജി ആശ്രമത്തിൽ സ്വാമിജിക്കൊപ്പം ദിവ്യമായ ഉച്ചഭക്ഷണം കഴിച്ചു.”

രജനികാന്തിന്റെ കാർ വഴിയരികിൽ നിർത്തുകയും ആരാധകർ സെൽഫികൾക്കായി അദ്ദേഹത്തെ സമീപിക്കുന്നതുമായ മറ്റൊരു വീഡിയോയും പ്രചരിക്കുന്നുണ്ട്. അദ്ദേഹം സന്തോഷത്തോടെ അതിന് സമ്മതിക്കുകയും, തനിച്ച് ചിത്രങ്ങൾ എടുക്കുന്നതിന് മുൻപ് അവരുമായി സംസാരിക്കുകയും ചെയ്തു.

സമീപകാല സിനിമകൾ

അടുത്തിടെ ഒരു ആത്മീയ ഇടവേളയിലായിരുന്നു രജനികാന്ത്. ഋഷികേശ്, ബദരീനാഥ് ധാം, തുടർന്ന് മഹാവതാർ ബാബാജി ഗുഹ എന്നിവിടങ്ങൾ അദ്ദേഹം സന്ദർശിച്ചു. വഴിയരികിൽനിന്ന് ലളിതമായ ഭക്ഷണം കഴിക്കുന്ന അദ്ദേഹത്തിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

ഈ വർഷം ലോകേഷ് കനകരാജിന്റെ 'കൂലി' എന്ന ചിത്രത്തിലാണ് നടൻ അവസാനമായി പ്രത്യക്ഷപ്പെട്ടത്. നാഗാർജുന, സൗബിൻ ഷാഹിർ, ശ്രുതി ഹാസൻ, സത്യരാജ് തുടങ്ങിയവരും ചിത്രത്തിലുണ്ടായിരുന്നു. 2023-ലെ ഹിറ്റ് ചിത്രം 'ജയിലറി'ന്റെ രണ്ടാം ഭാഗമായ 'ജയിലർ 2' ന് വേണ്ടി നെൽസൺ ദിലീപ്കുമാറുമായാണ് അദ്ദേഹം ഇപ്പോൾ പ്രവർത്തിക്കുന്നത്.

കമൽഹാസനുമൊത്തുള്ള ഒരു പ്രോജക്റ്റിലും രജനികാന്ത് പ്രവർത്തിക്കുമെന്ന റിപ്പോർട്ടുകളുമുണ്ട്. എന്നിലിത് ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

Content Highlights: Superstar Rajinikanth`s annual spiritual journey to the Himalayas includes meditation at Mahavatar Babaji caves, divine lunches, and fan interactions. See photos and videos.