കാഴ്ചയുടെ സ്വർഗമാണ്, പക്ഷേ വികസനമില്ല; സഞ്ചാരികളെ മാടിവിളിച്ച് തൃശൂരിലെ പുള്ള്-മനക്കൊടി കോൾമേഖല

തൃശ്ശൂർ: കിലോമീറ്ററുകളോളം നീണ്ടുകിടക്കുന്ന കോൾനിലങ്ങൾ. ജൈവസമ്പത്തിന്റെ നിലയ്ക്കാത്ത കലവറ. വിരുന്നെത്തുന്ന പക്ഷിക്കൂട്ടം. മനക്കൊടിയിൽനിന്ന് പുള്ളിലേക്കു പോകുന്ന വഴിയുടെ ഇരുവശത്തുമുള്ള കാഴ്ചയാണിത്. നെല്ലും മീനും ഗ്രാമീണതയും നിറഞ്ഞ പുള്ള്-മനക്കൊടി കോൾമേഖല കാഴ്ചയുടെ സ്വർഗമാണ്. ഒഴിവുദിവസങ്ങളിൽ ഈ പ്രദേശത്തേക്ക് നൂറുകണക്കിനു സന്ദർശകർ എത്തുന്നുണ്ടെങ്കിലും അടിസ്ഥാനസൗകര്യങ്ങൾപോലും ഇവിടെയില്ല.
സാധ്യതകൾ തുറന്ന്...
തണ്ണീർത്തട ജൈവവ്യവസ്ഥയായ കോൾപ്പാടം ഒട്ടേറെ ശുദ്ധജലമത്സ്യങ്ങൾ, ചെമ്മീൻ, തവള, ഞവിണി, കക്ക, ഞണ്ട്, പാമ്പ് തുടങ്ങിയ ജീവികളാൽ സമ്പന്നമാണ്. സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന നെല്ലിന്റെ 35 ശതമാനവും കോൾപ്പാടത്തുനിന്നാണ്. കോൾപ്പാടം റാംസർ മേഖലകളായും പ്രഖ്യാപിച്ചിട്ടുണ്ട്. അപൂർവവും വൈവിധ്യം നിറഞ്ഞതുമായ ദേശാടനപ്പക്ഷികൾ ഇവിടെയെത്തുന്നതിനാൽ പക്ഷിനിരീക്ഷകരും പുള്ള്-മനക്കൊടി മേഖലയെ പ്രാധാന്യത്തോടെയാണ് കാണുന്നത്. പക്ഷികളുടെ എണ്ണത്തിൽ രാജ്യത്തുതന്നെ മുൻനിരയിലുണ്ട് ഈ പ്രദേശം. അപൂർവയിനം മത്സ്യങ്ങളും കോൾപ്പാടങ്ങളുടെ പ്രത്യേകതയാണ്.
പദ്ധതി പ്രഖ്യാപിക്കും: കാര്യമില്ല
ജില്ലയിലെ 20,000 ഏക്കർ വരുന്ന കോൾപ്പാടത്ത് സഞ്ചാരികളെ ആകർഷിക്കാൻ ഇതുവരെ ഒറ്റ ടൂറിസം പദ്ധതിപോലും നടപ്പാക്കിയിട്ടില്ല. സഞ്ചാരികൾ ഏറ്റവും കൂടുതൽ എത്തുന്ന ആലപ്പാട് പുള്ളിൽ അൻപതുസെന്റിൽ താമരപ്പാടത്ത് വഞ്ചിയാത്ര മാത്രമാണുള്ളത്. 2017-ൽ പുള്ള്-മനക്കൊടി ഇക്കോ ടൂറിസം പദ്ധതി നടപ്പാക്കാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചെങ്കിലും തുടർനടപടികൾ കടലാസിലാണ്.
മുഖം മിനുക്കാനേറെ
സൗന്ദര്യവത്കരണം, പാർക്കിങ് സൗകര്യം, ഇരിപ്പിടങ്ങൾ, നടപ്പാതകൾ തുടങ്ങിയ അടിസ്ഥാനസൗകര്യങ്ങൾ ഉറപ്പാക്കുകയാണ് പ്രധാനം. കോൾ ടൂറിസം പദ്ധതികൾ വരുന്നതോടെ നാട്ടുകാർക്ക് തൊഴിലവസരവും ഉണ്ടാകും. തട്ടുകടകൾ മുതൽ വഴിയോരക്കച്ചവടക്കാർക്കുവരെ സാധ്യതകളാണ് തുറന്നിടുന്നത്. കനാലുകളുടെ ആഴം വർധിപ്പിച്ചാൽ ബോട്ട് സർവീസിന് ഗുണകരമാകും.
പക്ഷിനിരീക്ഷകർക്ക് ഏറുമാടം മാതൃകയിൽ പവിലിയൻ, ഫുഡ് കിയോസ്‌കുകൾ, തെരുവുവിളക്കുകൾ തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കണം. വിനോദസഞ്ചാരികൾക്ക് ചൂണ്ടയിട്ട് മീൻപിടിക്കാനുള്ള സൗകര്യം ഒരുക്കുന്നതിനോടൊപ്പം കർഷകർക്ക് അവരുടെ ഉത്‌പന്നങ്ങൾ നേരിട്ട് വിൽക്കുന്നതിനുള്ള നാടൻചന്തകൾ ആരംഭിക്കാം. സൈക്കിൾ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പാടശേഖരങ്ങളിലെ ബണ്ടുകളിലൂടെയുള്ള സൈക്കിൾസവാരി കൂട്ടായ്മകളുടെ സഹകരണത്തോടെ നടപ്പാക്കാം. ദേശാടനപ്പക്ഷികളുടെ ചിത്രങ്ങൾ, പ്രത്യേകതകൾ എന്നിവയുടെ ഡിജിറ്റൽ ഡിസ്‌പ്ലേ തുടങ്ങിയവ ഉൾപ്പെടുത്തിയ ഇക്കോ മ്യൂസിയവുമാരംഭിക്കാം.
വിനോദസഞ്ചാരം എന്ന കാഴ്ചപ്പാടിന് നിരന്തരം മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്. വിനോദസഞ്ചാര ഭൂപടത്തിൽ സ്ഥാനംപിടിക്കാത്തതും എന്നാൽ, അനന്ത സാധ്യതകളുള്ളതുമായ നിരവധി ഇടങ്ങൾ നമുക്കുചുറ്റുമുണ്ട്. ഇവിടേക്കായിരിക്കണം നമ്മുടെ ശ്രദ്ധ പതിയേണ്ടത്. കാഴ്ചകൾ ആസ്വദിക്കുന്നതിനൊപ്പം പ്രദേശത്തിന്റെ വളർച്ചയിൽ സംഭാവന ചെയ്യാനുമുള്ള അവസരമാണിത്. നാടിനെ അടുത്തറിയാൻ എത്തുന്ന ഓരോ സഞ്ചാരിയും ഇതിന്റെ അംബാസിഡർമാരായി മാറണം. അതിനായുള്ള കർമപദ്ധതികളാണ് നമുക്ക് വേണ്ടത്.
പദ്ധതി അന്തിമഘട്ടത്തിൽ
മനക്കൊടി പുള്ള്-പള്ളിപ്പുറം കോൾടൂറിസം പദ്ധതിക്കായുള്ള നടപടികൾ വേഗത്തിലാക്കിയിട്ടുണ്ട്. വിവിധ വകുപ്പുകളിലെ വിദഗ്ധരെയും ജനപ്രതിനിധികളെയും ഉൾപ്പെടുത്തി വിശദ പദ്ധതിരൂപരേഖ തയ്യാറാക്കും. എം.എൽ.എ. ഫണ്ടിൽനിന്ന് രണ്ടു കോടിയും ചാഴൂർ പഞ്ചായത്ത് 50 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. കോൾപ്പാടത്തെ പ്രദേശങ്ങളോടുചേർന്ന എട്ടു പഞ്ചായത്തുകളിൽപ്പെട്ട ആളുകൾക്ക് നേരിട്ട് പ്രയോജനപ്പെടും.
-വി.എസ്. പ്രിൻസ് (പ്രസിഡന്റ്, ജില്ലാ പഞ്ചായത്ത്)
Content Highlights: Pullu Manakody kole tourism needs development as hundreds of tourists com daily