ഒത്തുചേരലുകൾക്ക് ഇടമൊരുക്കാം, മലബാർ സ്റ്റൈലിൽ

'സെലിബ്രേറ്റിങ്‌ മലബാർ വെഡിങ്സ് മൈസ് ആൻഡ് ഡെസ്റ്റിനേഷൻ ഇവൻറ്‌സ്' എന്ന വിഷയത്തിൽ നടന്ന സെഷനുശേഷം കെ. ജയന്ത് എം.എൽ.എ.യിൽനിന്ന് ഉപഹാരം ഏറ്റുവാങ്ങിയ ശ്രീകാന്ത് കനോയി, അമരേഷ് കുമാർ തിവാരി, പ്രമോദ് ലുനാവത്ത്, പ്രേം കമൽ എന്നിവർ
'സെലിബ്രേറ്റിങ്‌ മലബാർ വെഡിങ്സ് മൈസ് ആൻഡ് ഡെസ്റ്റിനേഷൻ ഇവൻറ്‌സ്' എന്ന വിഷയത്തിൽ നടന്ന സെഷനുശേഷം കെ. ജയന്ത് എം.എൽ.എ.യിൽനിന്ന് ഉപഹാരം ഏറ്റുവാങ്ങിയ ശ്രീകാന്ത് കനോയി, അമരേഷ് കുമാർ തിവാരി, പ്രമോദ് ലുനാവത്ത്, പ്രേം കമൽ എന്നിവർ

ആളുകളെ ആകർഷിക്കാൻ മറ്റൊരു കൊച്ചിയെ ഉണ്ടാക്കുകയല്ല, മറിച്ച് മലബാറിന്റെ തനതായ രീതിയിൽ വേദികളൊരുക്കുന്നതിലെ സാധ്യതയാണ് നമ്മൾ കണ്ടെത്തേണ്ടതെന്ന് വിദഗ്ധർ. കേരളത്തിന് ‘ദൈവത്തിന്റെ സ്വന്തം നാട്’ എന്ന ടാഗ്‌ലൈൻ ഉള്ളതുപോലെ ‘കേരളത്തിന്റെ തനതായ മുഖം’ എന്നതരത്തിൽ മലബാറിന് വിശേഷണമുണ്ടാകണമെന്നും അവർ പറഞ്ഞു.

മലബാറിന്റെ സംസ്കാരത്തിൽ ശ്രദ്ധകേന്ദ്രീകരിക്കണം. നാടിന്റെ പൈതൃകവും പാരമ്പര്യവും ഉയർത്തിപ്പിടിച്ചാവണം വിവാഹമുൾപ്പെടെയുള്ള ഒത്തുചേരലുകൾക്ക് ഇടമൊരുക്കാൻ. മറ്റാർക്കും അവകാശപ്പെടാനാകാത്ത രുചിഭേദങ്ങൾക്കുപുറമേ കടൽത്തീരങ്ങളും പുഴകളും മലകളുമൊക്കെച്ചേർന്ന ഭൂപ്രകൃതി ഇവിടെയുണ്ടെന്നും ഇതിനെയെല്ലാം പ്രയോജനപ്പെടുത്തി വേറിട്ട ചരിത്രമെഴുതണമെന്നും മീറ്റിങ്‌സ് ആൻഡ്‌ ഇൻസെന്റീവ്‌സ് വേൾഡ് സി.ഇ.ഒ. അമരേഷ് കുമാർ തിവാരി പറഞ്ഞു.

ഇങ്ങനെമാത്രമേ പ്രാദേശിക സമ്പദ്‌വ്യവസ്ഥ വികസിക്കുകയുള്ളൂ. മൈസ് ടൂറിസത്തിൽ വലിയപ്രതീക്ഷയാണ് രാജ്യത്തിനുള്ളത്. മേഖലയിലെ സംയുക്ത വാർഷികവളർച്ചനിരക്ക്(സി.എ.ജി.ആർ.) 13 ശതമാനമാണെന്നും ആഗോളതലത്തിൽ നോക്കുമ്പോൾ ഇത് വലിയ കണക്കാണെന്നും അദ്ദേഹം വ്യക്തമാക്കി.

സങ്കല്പിക്കാനാകാത്തത്ര സാധ്യതകളാണ് വിവാഹങ്ങൾവഴി ലഭിക്കുന്നതെന്ന് എത്തിരീയൽ സെലിബ്രേഷൻ മാനേജ്‌മെന്റ് ആൻഡ്‌ വെന്യുഇൻഫ്ലുവെൻസർ ഡോട്ട് കോം സ്ഥാപകൻ ശ്രീകാന്ത് കനോയ് അഭിപ്രായപ്പെട്ടു. ഡെസ്റ്റിനേഷൻ വെഡ്ഡിങ് എന്നുചിന്തിക്കുമ്പോൾ ആളുകൾ ഇപ്പോഴും ജയ്‌പുർ, മഹാബലിപുരം, ഗോവ എന്നിങ്ങനെയാണ് പോകുന്നത്. എന്നാൽ, മലബാറിന് ഇതിൽനിന്നെല്ലാം വ്യത്യസ്തമായി വേദികളൊരുക്കാനായാൽ നാടിന്റെ മുഖംതന്നെ മാറും. അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുന്നതിലൂടെ വിവാഹത്തിന് കോടികൾ മുടക്കുന്ന സിനിമാതാരങ്ങൾ ഉൾപ്പെടെയുള്ളവരെ ആകർഷിക്കാനാകുമെന്നും ശ്രീകാന്ത് കനോയ് പറഞ്ഞു.

മലബാറിന് എല്ലാമുണ്ട്, പ്രകൃതിഭംഗി, തനതായ പാരമ്പര്യം, സഹൃദയരായ ആളുകൾ. ഇല്ലാത്തത് ഫോക്കസ്ഡ് മാർക്കറ്റിങ്ങാണെന്ന് മാര്യേജ്വാന-ഇന്റോക്സികേറ്റിങ് വെഡ്ഡിങ്‌സ് സ്ഥാപകൻ പ്രമോദ് ലുനാവത്ത് അഭിപ്രായപ്പെട്ടു. അന്താരാഷ്ട്രതലത്തിലേക്ക് നമ്മുടെ ഹോട്ടലുകൾ ഉൾപ്പെടെ അറിയപ്പെട്ടാൽമാത്രമേ മേഖലയിൽ നിക്ഷേപവും വളർച്ചയുമുണ്ടാകൂവെന്നും അദ്ദേഹം പറഞ്ഞു. ചർച്ചയിൽ ലീല റാവിസ് ഹോട്ടൽസ് ആൻഡ്‌ റിസോർട്സ്‌ സെയിൽസ് ക്ലസ്റ്റർ ഡയറക്ടർ പ്രേം കമൽ മോഡറേറ്ററായി.