മൂന്നുവർഷത്തിനിടെ 20 കോടി അധികവരുമാനം, 3 ലക്ഷത്തിലേറെ ബുക്കിങ്; ഹൗസ്ഫുള്ളായി 'പീപ്പിൾസ് റസ്റ്റ്ഹൗസ്'

വിനോദസഞ്ചാര മേഖലയില്‍ സമീപകാലത്ത് വിപ്ലവകരമായ മാറ്റങ്ങളുണ്ടാക്കിയ നടപടിയായിരുന്നു സംസ്ഥാനത്തെ പൊതുമരാമത്ത് റസ്റ്റ് ഹൗസുകള്‍ പീപ്പിള്‍സ് റസ്റ്റ് ഹൗസുകള്‍ ആക്കിമാറ്റിയത്. സംസ്ഥാനത്തെ പ്രധാനപ്പെട്ട നഗരങ്ങളിലെല്ലാം താരതമ്യേന തുച്ചമായ തുകയ്ക്ക് ഏറ്റവും മികച്ച താമസസൗകര്യം ഏറ്റവും എളുപ്പത്തില്‍ ലഭിക്കുന്ന സാഹചര്യമാണ് ഇതോടെയുണ്ടായത്. സഞ്ചാരികളില്‍നിന്ന് വലിയ രീതിയിലുള്ള പ്രതികരണമാണ് ഇതിനുണ്ടായത്. സംസ്ഥാനത്തെ റസ്റ്റ്ഹൗസുകളിലെല്ലാം വലിയ രീതിയിലുള്ള ബുക്കിങ് ഉണ്ടാവുകയും ഇതിലൂടെ മികച്ച വരുമാനം സര്‍ക്കാരിന് ലഭിക്കുകയും ചെയ്തു.
റസ്റ്റ് ഹൗസുകളെല്ലാം മികച്ച രീതിയില്‍ നവീകരിക്കുകയും ഓണ്‍ലൈന്‍ ബുക്കിങ്ങ് സംവിധാനം കാര്യക്ഷമമാക്കുകയും ചെയ്തതോടെ എല്ലാ റസ്റ്റ്ഹൗസുകളും സീസണുകള്‍ വ്യത്യാസമില്ലാതെ ബുക്കിങ് ഫുള്‍ ആകുന്ന സാഹചര്യമായി. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനകം മാത്രം 20 കോടി രൂപയുടെ അധിക വരുമാനമാണ് ഇതിലൂടെ സര്‍ക്കാരിന് ലഭിച്ചത്. ഇക്കാലയളവില്‍ മൂന്ന് ലക്ഷത്തിലേറെ ആളുകള്‍ റസ്റ്റ്ഹൗസുകളില്‍ മുറികള്‍ ബുക്ക് ചെയ്തു.
സംസ്ഥാനത്തെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലും കുറഞ്ഞ നിരക്കില്‍ താമസസൗകര്യം ലഭിക്കുന്നു എന്നത് പലപ്പോഴും സാധാരണക്കാരായ സഞ്ചാരികള്‍ക്ക് വലിയ സഹായമാണ്. സീസണ്‍ സമയത്ത് പ്രധാന ടൂറിസം കേന്ദ്രങ്ങളിലെ താമസ നിരക്കുകള്‍ രണ്ടും മൂന്നും ഇരട്ടിയായി വര്‍ധിക്കുമ്പോഴും അതിഥി മന്ദിരങ്ങള്‍ അതേ തുകയ്ക്ക് തന്നെ ലഭിക്കുന്നു എന്നതാണ് മറ്റൊരു ആകര്‍ഷണം. താരതമ്യേന കുറഞ്ഞ നിരക്കില്‍ ത്രീസ്റ്റാര്‍ ഹോട്ടല്‍ താമസാനുഭവം എല്ലാവര്‍ക്കും നല്‍കുന്നു എന്നതാണ് അതിഥി മന്ദിരങ്ങളുടെ ഈ ജനകീയതയ്ക്ക് കാരണം.
റസ്റ്റ് ഹൗസുകള്‍ നവീകരിക്കുന്നതിന് മുന്‍തൂക്കം നല്‍കുകയും 23 റസ്റ്റ് ഹൗസുകള്‍ നവീകരിക്കുകയും ചെയ്തു. ഫോര്‍ട്ട് കൊച്ചി, പൊന്മുടി, ഫറോക്ക്, പെരിയ, കുണ്ടറ, കോഴിക്കോട്, തൃത്താല, സുല്‍ത്താന്‍ ബത്തേരി, മട്ടന്നൂര്‍, കുറ്റാലം തുടങ്ങിയ റസ്റ്റ് ഹൗസുകള്‍ പുതുമോടിയില്‍ ശ്രദ്ധനേടി. കണ്ണൂര്‍ ജില്ലയിലെ പിണറായിയില്‍ പുതിയ റസ്റ്റ് ഹൗസ് നിര്‍മ്മാണം ആരംഭിച്ചു. തൈക്കാട് അനുവദിച്ച വനിതാ റസ്റ്റ് ഹൗസിന്റെ നിര്‍മാണം ഈ വര്‍ഷം ആരംഭിക്കാന്‍ ലക്ഷ്യമിടുന്നു. ഇതോടൊപ്പം സര്‍ക്കാര്‍ അതിഥി മന്ദിരങ്ങള്‍ക്കും പുതിയ രൂപം കൈവരികയാണ്.
നിലവില്‍ കേരള സര്‍ക്കാരിന്റെ ഉടമസ്ഥതയില്‍ 24 ഗസ്റ്റ് ഹൗസുകളും നാല് യാത്രി നിവാസുകളും രണ്ട് ഇക്കോ ലോഡ്ജുകളുമാണുള്ളത്. കേരളത്തിന് പുറത്ത് രണ്ട് കേരള ഹൗസുകളിലും ഓണ്‍ലൈന്‍ ബുക്കിങ് സൗകര്യം ലഭ്യമാണ്. ഇത്തരത്തില്‍ ആകെ 32 സ്ഥാപനങ്ങളിലായി ആകെ 505 മുറികളാണ് നിലവില്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാന്‍ സാധിക്കുക. 212 മുറികള്‍ കൂടി ഈ സാമ്പത്തിക വര്‍ഷം പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
തിരുവനന്തപുരം ഗസ്റ്റ് ഹൗസില്‍ 39 മുറികളുള്ള പുതിയ ബ്ലോക്കിന്റെ പ്രവൃത്തി പുരോഗമിക്കുകയാണ്. 22 കോടി രൂപയുടെ പദ്ധതിയാണിത്. ആലുവ ഹെറിറ്റേജ് ബ്ലോക്കിന്റെ നവീകരണത്തിനായി 6.65 കോടി രൂപയുടെ പദ്ധതിയാണ് നടപ്പിലാക്കുന്നത്. കന്യാകുമാരിയില്‍ 2.5 കോടി രൂപയുടെ നവീകരണവും പുരോഗമിക്കുകയാണ്. ഗുരുവായൂരില്‍ 55 മുറികളുള്ള പുതിയ ഗസ്റ്റ് ഹൗസിന്റെ പ്രവൃത്തി അന്തിമഘട്ടത്തിലാണ്. 25.4 കോടി രൂപയാണ് ഇതനായി ചിലവഴിക്കുന്നത്.
ടൂറിസം പറുദീസയായ സുല്‍ത്താന്‍ ബത്തേരിയില്‍ പഴയ ബ്ലോക്കിന്റെ നവീകരണം പൂര്‍ത്തിയാക്കി കഴിഞ്ഞു. 54 മുറികളുള്ള പുതിയ ബ്ലോക്കിന്റെ പ്രവൃത്തി 15.97 കോടി രൂപ ചിലവില്‍ ഈ വര്‍ഷം പൂര്‍ത്തിയാക്കും. വര്‍ക്കലയില്‍ 11 മുറികളുള്ള കോട്ടേജുകളുടെ പ്രവൃത്തി പുരോഗമിക്കുന്നു. പത്ത് കോടിയോളം ചെലവില്‍ നിര്‍മിക്കുന്ന ഈ കോട്ടേജുകള്‍ ഈ വര്‍ഷം തുറന്നുകൊടുക്കും. പീരുമേട് ഹെറിറ്റേജ് ബ്ലോക്കിന്റെ പ്രവൃത്തി പുരോഗമിക്കുകയാണ്. പൊന്മുടിയില്‍ 22 മുറികളുള്ള കെട്ടിടത്തിന്റെ പ്രവൃത്തി അന്തിമഘട്ടത്തിലെത്തി നില്‍ക്കുന്നു. ഫെബ്രുവരിയില്‍ തുറന്നുകൊടുക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. തിരുവനന്തപുരം യാത്രിനിവാസിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. മൂന്നാറില്‍ 10 മുറികളുള്ള പുതിയ ബ്ലോക്കും കോഴിക്കോട് 37 മുറികളുള്ള അഡീഷണല്‍ ബ്ലോക്കും സമീപകാലത്താണ് യാത്രികര്‍ക്കായി തുറന്നുകൊടുത്തത്.
ഇടുക്കിയിലെ അതിമനോഹര ഹില്‍സ്റ്റേഷനായ പീരുമേട് 14 മുറികളുള്ള ഇക്കോ ലോഡ്ജുകളുടെ നിര്‍മാണം അന്തിമഘട്ടത്തിലാണ്. വൈകാതെ തന്നെ ഈ ഇക്കോ ലോഡ്ജില്‍ കുറഞ്ഞ ചെലവില്‍ താമസിച്ച് സഞ്ചാരികള്‍ക്ക് പീരുമേടിന്റെ സൗന്ദര്യം ആസ്വദിക്കാം. ഇടുക്കിയിലെ ഇക്കോ ലോഡ്ജ് കേരളത്തിന്റെ ടൂറിസം മേഖലയില്‍ തന്നെ പുത്തന്‍ അനുഭവമായിരുന്നു. അതിമനോഹരമായ ഇടുക്കി ഡാമിന്റെ പശ്ചാത്തലത്തില്‍ 12 മുറികളുള്ള ഇക്കോ ലോഡ്ജ് സമാനതകളില്ലാത്ത അനുഭവമാണ് സഞ്ചാരികള്‍ക്ക് സമ്മാനിക്കുന്നത്.
കൂടുതല്‍ പദ്ധതികള്‍ ആലോചനയില്‍- മന്ത്രി റിയാസ്
ഹോസ്പിറ്റാലിറ്റി മേഖലയില്‍ എല്‍.ഡി.എഫ്. സര്‍ക്കാര്‍ നടപ്പിലാക്കിയ ജനകീയ പദ്ധതിയാണ് പീപ്പിള്‍സ് റസ്റ്റ് ഹൗസെന്ന് ടൂറിസം- പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. ജനങ്ങള്‍ക്ക് കുറഞ്ഞ ചെലവില്‍ താമസസൗകര്യം ഒരുക്കാന്‍ കഴിഞ്ഞ ഈ പദ്ധതിക്ക് വലിയ സ്വീകാര്യത ലഭിച്ചു. കൂടുതല്‍ റസ്റ്റ് ഹൗസുകള്‍ നിര്‍മിച്ചും നിലവിലുള്ളവ നവീകരിച്ചും റസ്റ്റ് ഹൗസുകളെ ആകര്‍ഷകമാക്കുകയാണ്. ടൂറിസം മേഖലക്ക് കൂടി ഗുണകരമാകുന്ന നിലയില്‍ റസ്റ്റ് ഹൗസുകളുടെ വികസനം മാറി എന്നത് സന്തോഷകരമാണ്. റസ്റ്റ് ഹൗസുകളുമായി ബന്ധപ്പെട്ട് കൂടുതല്‍ പദ്ധതികള്‍ ആലോചനയിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Content Highlights: Kerala`s People`s Rest Houses: Affordable Tourism Revolution