സന്ദർശകരുടെ മനം കവർന്ന് ഊട്ടി ഗാർഡനിലെ ടുലിപ് പുഷ്പങ്ങൾ

ഊട്ടി: വസന്ത കാലത്തിലേക്ക് അണിഞ്ഞൊരുങ്ങാൻ തുടങ്ങിയ ഊട്ടി സസ്യോദ്യാനത്തിൽ ഇപ്പോൾ സന്ദർശകരുടെ മനം കവരുന്ന ഒരു കൂട്ടം പൂക്കളുണ്ട്. ചെറിയ ചട്ടികളിൽ നട്ടുവളർത്തിയ ടുലിപ് ചെടികൾ. ഇവ പൂവണിഞ്ഞു വർണ്ണക്കാഴ്ച്ച ഒരുക്കിയിരിക്കുകയാണ്. സസ്യോദ്യാനത്തിലെ ഗ്ലാസ് ഹൗസിലാണ് ഇവ പ്രദർശനത്തിനായി വെച്ചിരിക്കുന്നത്. ഇത് കണ്ടാസ്വദിക്കാൻ സഞ്ചാരികൾ കൂടുതലായി എത്തുന്നുണ്ട്. പുഷ്പമേള മുന്നിൽകണ്ട് ഹോർട്ടിക്കൾച്ചർ വിഭാഗം രണ്ട് മാസം മുമ്പേ നട്ടുവളർത്തിയതാണ്.
കശ്മീരിലും ഡൽഹിയിലും വ്യാപകമായി കണ്ടുവരുന്ന ടുലിപ് ചെടികൾ 2009 മുതലാണ് ഊട്ടിയിൽ ഹോർട്ടിക്കൾച്ചർ വിഭാഗം നട്ടുവളർത്താൻ തുടങ്ങിയത്. ഇപ്പോൾ വിവിധ വർണ്ണങ്ങളിലുള്ള ടുലിപ് ചെടികളുണ്ട്. മേയ് മാസത്തിൽ നടക്കാനിരിക്കുന്ന പുഷ്‌പ്പമേളയിൽ പല വർണ്ണത്തിലുള്ള 200 ഓളം ടുലിപ് ചെടികൾ ഉണ്ടായിരിക്കും. ഹോളണ്ടുകാരുടെ പ്രിയപ്പെട്ട പുഷ്‌പമാണ് ടുലിപ്. പിന്നീട് അമേരിക്കയിലും യൂറോപ്പിലും വാണിജ്യ ആവശ്യങ്ങൾക്കായി ഇവയെ നട്ടുവളർത്തി. ഒറ്റത്തണ്ടിൽ വിരിയുന്ന പൂക്കളാണ് ടുലിപ്. ഇവയിൽ ഏറെയും 30 സെ. മീറ്റർ വരെ ഉയരമുള്ളവവയാണ്. ചിലത് 75 സെ. മീറ്റർ വരെ ഉയരമുണ്ടാകും.
Content Highlights: ooty botanical garden, tulip flowers, exhibition