പുതുവര്‍ഷാഘോഷം: കൊച്ചി മെട്രോയില്‍ യാത്രചെയ്തത് 1.3 ലക്ഷം പേര്‍, ഡിസംബറില്‍ റെക്കോഡ് വര്‍ധന

കൊച്ചി മെട്രോ |ഫോട്ടോ:മാതൃഭൂമി
കൊച്ചി മെട്രോ |ഫോട്ടോ:മാതൃഭൂമി

കൊച്ചി: പുതുവര്‍ഷാഘോഷങ്ങള്‍ക്കായി കൊച്ചി മെട്രോയിലൂടെ യാത്ര ചെയ്തത് 1.3 ലക്ഷം പേര്‍. ഡിസംബര്‍ 31 മുതല്‍ പുതുവര്‍ഷ പുലര്‍ച്ചെ വരെ മാത്രമാണ് 1.3 ലക്ഷം പേര്‍ കൊച്ചി മെട്രോയിലൂടെ യാത്ര ചെയ്തത്. അതേസമയം ഡിസംബര്‍ മാസത്തില്‍ മാത്രം 32,35,027 പേര്‍ യാത്ര ചെയ്തതോടെ പ്രതിമാസ യാത്രക്കാരുടെ എണ്ണത്തില്‍ റെക്കോഡ് വര്‍ധന നേടിയിരിക്കുകയാണ് കൊച്ചി മെട്രോ. 

ഡിസംബറില്‍ യാത്രാടിക്കറ്റ് ഇനത്തില്‍ 10.15 കോടി രൂപ വരുമാനം നേടി. മുന്‍വര്‍ഷം ഡിസംബറിലെ യാത്രക്കാരുടെ ആകെ എണ്ണം 29,59,685 ഉം  വരുമാനം 9,24,69,402 ഉം ആയിരുന്നു.

'പ്രതിദിന യാത്രക്കാരുടെ എണ്ണം 1.5 ലക്ഷത്തിലെത്തിക്കാനാണ് 2025 ല്‍ ലക്ഷ്യമിടുന്നത്. കഴിഞ്ഞവര്‍ഷം പ്രതിദിനം ഒരു ലക്ഷം യാത്രക്കാരെയാണ് ലക്ഷ്യമിട്ടിരുന്നത്. കൂട്ടായ പരിശ്രമത്തിലൂടെ അത് നേടി.  നിരക്കുകളുടെ യുക്തിസഹമായ ഏകീകരണം, വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയ നിരക്കിളവ്, സോഷ്യല്‍ മീഡിയ വഴിയുളള പ്രചരണം, കൃത്യതയാര്‍ന്ന സര്‍വീസ്, ശുചിത്വം, ജീവനക്കാരുടെ മികച്ച പെരുമാറ്റം, യാത്രക്കാരുടെ സഹകരണം തുടങ്ങിയ നിരവധി ഘടകങ്ങള്‍ ഈ നേട്ടം കൈവരിക്കുന്നതിന് സഹായിച്ചു'- കെഎംആര്‍എല്‍ മാനേജിംഗ് ഡയറക്ടര്‍ ലോക്നാഥ് ബഹ്റ പറഞ്ഞു. 

ടിക്കറ്റിംഗിനായി ഏറ്റവും കൂടുതല്‍ ഡിജിറ്റല്‍ സംവിധാനങ്ങള്‍ ഉപയോഗിക്കുന്ന രാജ്യത്തെ ഏക മെട്രോയാണിതെന്നും  ഈ വര്‍ഷം ടിക്കറ്റിംഗ് സമ്പ്രദായം സമ്പൂര്‍ണമായും ഡിജിറ്റലൈസ് ചെയ്യാനാണ് പരിശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിലൂടെ കൂടുതല്‍ യുവാക്കളെ ആകര്‍ഷിക്കുകയാണ് ലക്ഷ്യം.

അതേസമയം വാട്ടര്‍ മെട്രോയില്‍ ഇതേവരെ 35 ലക്ഷത്തോളം പേരാണ് യാത്ര ചെയ്തത്. ഈ വര്‍ഷം 15 ബോട്ടുകള്‍ക്കുള്ള ഓര്‍ഡര്‍ കൂടി നല്‍കുമെന്നും ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. 

ലാസ്റ്റ്മൈല്‍, ഫസ്റ്റ്മൈല്‍ കണക്ടിവിറ്റി കൂട്ടി പ്രതിദിന യാത്രക്കാരെ കൂടുതല്‍ ആകര്‍ഷിക്കാനായി 15 ഇലക്ട്രിക് ബസുകളുടെ സര്‍വീസ് ഉടനെ ആരംഭിക്കും. വിവിധ റൂട്ടുകളില്‍ പരീക്ഷണ ഓട്ടം പൂര്‍ത്തിയാക്കിയാലുടന്‍ മെട്രോ സ്റ്റേഷനുകളെയും വാട്ടര്‍ മെട്രോ സ്റ്റേഷനുകളെയും ബന്ധിപ്പിച്ച് ഇ- ബസ് സര്‍വീസ് ആരംഭിക്കും. ഇന്‍ഫോ പാര്‍ക്കിലേക്കുള്ള പുതിയ മെട്രോ പാതയുടെ നിര്‍മാണം പുരോഗമിക്കുകയാണ്. മൂന്നാം ഘട്ടമായി അങ്കമാലിയിലേക്ക് മെട്രോ സേവനം വ്യാപിപ്പിക്കാനുള്ള പദ്ധതിയുടെ വിശദ പദ്ധതി റിപ്പോര്‍ട്ട്(ഡിപിആര്‍) തയ്യാറാക്കാനുള്ള കേന്ദ്ര അനുമതി ലഭിച്ചിട്ടുണ്ട്.
 

Content Highlights: In new year, 130,000 people traveled on the kochi metro, record increase in december