ഇത്തവണ എവറസ്റ്റ് കീഴടക്കാനെത്തുക അഞ്ഞൂറിലേറെ പര്‍വതാരോഹകര്‍; പ്രതീക്ഷയോടെ നേപ്പാള്‍

Photo: AFP
Photo: AFP

ഈ സീസണില്‍ അഞ്ഞൂറിലേറെ പര്‍വതാരോഹകര്‍ ലോകത്തിലെ ഏറ്റവും വലിയ കൊടുമുടിയായ എവറെസ്റ്റ് കീഴടക്കാനെത്തുമെന്ന പ്രതീക്ഷയിലാണ് നേപ്പാള്‍ ടൂറിസം വകുപ്പ്. മെയ് രണ്ടാമത്തെ ആഴ്ചയിലാണ് നേപ്പാളില്‍ എവറസ്റ്റ് കയറുന്നതിനുള്ള സീസണ്‍ ആരംഭിക്കുന്നത്. സാധാരണയിലും കൂടുതല്‍ എവറസ്റ്റ് പെര്‍മിറ്റുകള്‍ ഇത്തവണ നല്‍കേണ്ടി വരുമെന്നാണ് എവറസ്റ്റ് സമ്മിറ്റ് സംഘാടകരുടെ പ്രതീക്ഷ. അതേസമയം തന്നെ കോറോണക്കേസുകള്‍ വര്‍ധിക്കുന്നതും മോശം കാലാവസ്ഥയും ഈ സീസണിനെ ബാധിക്കുമെന്ന ആശങ്കയും ഇവര്‍ക്കിടയിലുണ്ട്.

ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഏജന്‍സികള്‍ക്ക് ലഭിക്കുന്ന ബുക്കിങ്ങുകളും അന്വേഷണങ്ങളും വിശകലനം ചെയ്താണ് അഞ്ഞുറിലേറെ പര്‍വതാരോഹകര്‍ ഈ സീസണിലെത്തുമെന്ന് കണക്കുകൂട്ടുന്നത്. 2021 ല്‍ നേപ്പാള്‍ ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റ് 409 എവറസ്റ്റ് പെര്‍മിറ്റുകളാണ് നല്‍കിയത്. 2022 ല്‍ ഇത് 325 ആയി കുറഞ്ഞു. യുക്രൈന്‍-റഷ്യ യുദ്ധം കാരണം ഈ രാജ്യങ്ങളില്‍ നിന്നും പോളണ്ട് ഉള്‍പ്പടെയുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുമുള്ള മികച്ച പര്‍വതാരോഹകര്‍ കഴിഞ്ഞ വര്‍ഷമെത്തിയില്ല. 

എവറസ്റ്റ് കയറുന്നതിന് മുന്‍പായി തങ്ങളുടെ പൗരന്‍മാര്‍ 8000 മീറ്റര്‍ ഉയരമുള്ള കൊടുമുടി കേറിയിരിക്കണമെന്ന് ചൈന പുതിയ നിയമം കൊണ്ടുവന്നിട്ടുണ്ട്. അതിനാല്‍ ചൈനീസ് പര്‍വാതാരോഹകര്‍ കൂട്ടമായി നേപ്പാളിലേക്ക് വരാനുള്ള സാധ്യതകളുമുണ്ട്. തങ്ങളുടെ പൗരന്‍മാര്‍ നേപ്പാള്‍ സന്ദര്‍ശിക്കുന്നതിനുള്ള വിലക്ക് ചൈന നേരത്തെ എടുത്തുകളഞ്ഞിരുന്നു. നിലവിലെ ട്രെന്‍ഡ് അനുസരിച്ച് ചൈനീസ് പര്‍വതാരോഹകര്‍ മാത്രം നൂറിന് മുകളില്‍ വരുമെന്നാണ് നേപ്പാള്‍ ടൂറിസം വകുപ്പിന്റെ കണക്കുകൂട്ടല്‍.

Read More: ആരാണ് യഥാർഥ ഷെർപ്പകൾ?

പര്‍വതാരോഹകര്‍ കൂടുന്നതിനനുസരിച്ച് അധികൃതര്‍ ചില നിയന്ത്രണങ്ങളും കൊണ്ടുവരും. ഒരു ദിവസം കയറാവുന്നവരുടെ എണ്ണം പരിമിതപ്പെടുത്തും. എവറസ്റ്റ് പെര്‍മിറ്റ് എടുക്കുന്നതിന് മാത്രം വിദേശികള്‍ക്ക് 9 ലക്ഷം രൂപയോളം ചിലവ് വരും. ഏകദേശം നാല്‍പ്പത് ലക്ഷം മുതല്‍ 70 ലക്ഷം വരെയാണ് എവറസ്റ്റ് കീഴടക്കുന്നതിന് ഒരു പര്‍വതാരോഹകന് വരുന്ന ചെലവ്. നല്ല അനുഭവപരിചയമുള്ള ഒരു എവറസ്റ്റ് ഗൈഡിന് 45 ദിവസത്തെ ഒരു സീസണില്‍ പത്ത് ലക്ഷം രൂപയോളം വരുമാനം നേടാന്‍ സാധിക്കും. പര്‍വതാരോഹകരുടെ സഹായികളായ ഷെര്‍പ്പകള്‍ 3.5 ലക്ഷം രൂപവരെയും സമ്പാദിക്കാറുണ്ട്. 

Content Highlights: Nepal expects around 500 mountaineers to scale Mount Everest this climbing season