കേരളത്തിന്റെ സ്വന്തം ക്രൂസ് മുന്‍കൂറായി ബുക്ക് ചെയ്യാം; നെഫര്‍ടിറ്റിയില്‍ അറബിക്കടലില്‍ കറങ്ങാം

നെഫര്‍ടിറ്റി | ഫോട്ടോ: ശ്രീജിത്ത് പി രാജ്
നെഫര്‍ടിറ്റി | ഫോട്ടോ: ശ്രീജിത്ത് പി രാജ്

രു ഇടവേളയ്ക്കു ശേഷം അറബിക്കടലിന്റെ മനോഹാരിത സഞ്ചാരികളിലേക്ക് എത്തിക്കാന്‍ ഒരുങ്ങുകയാണ് കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള ക്രൂസ് ഷിപ്പ് നെഫര്‍ടിറ്റി. ഇനി വീണ്ടും ഈ ആഢംബര ക്രൂസില്‍ സഞ്ചാരികള്‍ക്ക് അറബിക്കടലിലൂടെ കുതിക്കാം. ഡ്രൈ ഡോക്ക് റിപ്പയര്‍ വര്‍ക്കുകള്‍ക്ക് വേണ്ടി ഗോവയിലായിരുന്ന നെഫര്‍ടിറ്റിയുടെ ആദ്യ ട്രിപ്പ് ഈ മാസം 13 മുതല്‍ കൊച്ചിയില്‍ നിന്ന് ആരംഭിക്കും.

നക്ഷത്ര ഹോട്ടലുകളോടു കിടപിടിക്കുന്ന സൗകര്യങ്ങളാണ് ഈജിപ്ഷ്യന്‍ രാജ്ഞിയുടെ പേരുള്ള ഈ കപ്പലിലുളളത്. ഈജിപ്ഷ്യന്‍ ഐതിഹ്യങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്റീരിയര്‍ ഡിസൈന്‍ ചെയ്തിരിക്കുന്ന കപ്പല്‍ പൂര്‍ണമായി ശീതീകരിച്ചതാണ്. 48.5 മീറ്റര്‍ നീളവും 14.5 മീറ്റര്‍ വീതിയും മൂന്നുനിലകളുമുള്ള കപ്പലാണ് നെഫര്‍ടിറ്റി. സംഗീതം, നൃത്തം, വിവിധ വിനോദങ്ങളും ഭക്ഷണവും കപ്പലില്‍ ഒരുക്കും.

ഒരു മാസത്തെ ട്രിപ്പുകള്‍ ആണ് ഇപ്പോള്‍ മുന്‍കൂര്‍ ബുക്കിംഗ് സൗകര്യം മുഖേന ലഭിക്കുക. രാവിലെയും വൈകിട്ടും ആയി നാലും, അഞ്ചും മണിക്കൂര്‍ ദൈര്‍ഘ്യമുള്ളതും ആഹാരവും കലാപരിപാടികളും ഉള്‍പ്പെടെ സഞ്ചാരികളെ ത്രസിപ്പിക്കുന്ന യാത്രയാണ് കാത്തിരിക്കുന്നത്. 200 പേര്‍ക്ക് ഇരിക്കാവുന്ന ബാങ്കറ്റ് ഹാള്‍, റസ്റ്റോറന്റ്, ലോഞ്ച് ബാര്‍, 3 ഡി തീയറ്റര്‍, കുട്ടികള്‍ക്കുള്ള കളിസ്ഥലം, സണ്‍ഡക്ക് തുടങ്ങിയ ആകര്‍ഷണങ്ങളാണ് നെഫര്റ്റിറ്റിയില്‍ ഉള്ളത്.

ബിസിനസ് മീറ്റിംഗ്, ബര്‍ത്ത് ഡേ ഫംഗ്ഷന്‍, എന്‍ഗേജ്‌മെന്റ് പോലുള്ള മറ്റ് ആഘോഷങ്ങള്‍ക്കും ആ ക്രൂസ് ഏറെ അനുയോജ്യമാണ്. കൂടാതെ വ്യക്തിഗത ടിക്കറ്റ് യാത്രകളും നെഫര്‍ടിറ്റിയില്‍ ലഭ്യമാണ്. 'സെപ്ഷ്യല്‍ അണ്‍ലിമിറ്റഡ് ബുഫെ ഡിന്നര്‍, വെല്‍ക്കം ഡ്രിങ്ക്, ചായ/കോഫി, ലഘുഭക്ഷണം തുടങ്ങിയവയൊക്കെയുണ്ടാകും. 250 ലൈഫ് ജാക്കറ്റുകള്‍, 400 പേര്‍ക്ക് കയറാവുന്ന ലൈഫ് റാഫ്റ്റുകള്‍, രണ്ട് ലൈഫ് ബോട്ടുകള്‍ തുടങ്ങിയ കപ്പലിലുണ്ട്. 

നെഫര്‍റ്റിറ്റി യാത്രയ്ക്കുളള ടിക്കറ്റുകള്‍ ഓണ്‍ലൈനായി https://www.nefertiticruise.com/എന്ന വെബ്‌സൈറ്റില്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാവുന്നതാണ്. ക്രൂയിസ് ബുക്കിംഗിനും സംശയ നിവാരണങ്ങള്‍ക്കും 9744601234, 9846211144 എന്നീ നമ്പറുകളിലും ബന്ധപ്പെടാവുന്നതാണ്.

Content Highlights: Nefertiti cruise to resume service soon