കൊടും ചൂടില്‍ തിളച്ച് ഉത്തരേന്ത്യ; കുളിരുതേടി സഞ്ചാരികളെത്തുന്നത് ഈ തടാകനഗരിയിലേക്ക്

നൈനിറ്റാള്‍ (ഫയല്‍ ചിത്രം) | ഫോട്ടോ: രാജന്‍ ചുങ്കത്ത്
നൈനിറ്റാള്‍ (ഫയല്‍ ചിത്രം) | ഫോട്ടോ: രാജന്‍ ചുങ്കത്ത്

കൊടും ചൂടിനാല്‍ തിളച്ചുമറിയുകയാണ് ഉത്തരേന്ത്യ. ജനജീവിതം പോലും ദുസ്സഹമായ സാഹചര്യങ്ങളില്‍ ഉത്തരേന്ത്യയിലെ വിനോദസഞ്ചാര പ്രവര്‍ത്തനങ്ങളും നിലച്ചമട്ടാണ്. വേനലവധി ആരംഭിച്ചതോടെ കുളിരുതേടി ഉത്തരാഖണ്ഡിലെയും മറ്റും വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് പ്രവഹിക്കുകയാണ് ഉത്തരേന്ത്യക്കാര്‍. തടാകങ്ങളുടെ പറുദീസയെന്നറിയപ്പെടുന്ന നൈനിറ്റാളിലേക്കാണ് വലിയൊരു വിഭാഗം വിനോദസഞ്ചാരികളുമെത്തുന്നത്. അപ്രതീക്ഷിതമായുണ്ടായ സഞ്ചാരി പ്രവാഹത്തില്‍ ആഹ്ലാദത്തിലാണ് ഈ തടാകനഗരിയിലെ ടൂറിസം സംഘാടകരും കച്ചവടക്കാരും. 

സ്‌നോ വ്യൂ പോയന്റ്, ഹിമാലയ ദര്‍ശന്‍, എക്കോ കേവ് പാര്‍ക്ക്, മൃഗശാല, ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, തടാകങ്ങള്‍ തുടങ്ങിയ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലെല്ലാം വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. ജില്ലാ ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ സഞ്ചാരികള്‍ക്കായി നിരവധി ഹെല്‍പ് ലൈനുകളും ഒരുക്കിയിട്ടുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ നിയന്ത്രണങ്ങള്‍ക്കിടയിലും ഇന്ത്യയുടെ എല്ലാ ഭാഗത്ത് നിന്നും സഞ്ചാരികള്‍ നൈനിറ്റാളിലേക്ക് എത്തുന്നതായി അധികൃതര്‍ വ്യക്തമാക്കി. ഏപ്രില്‍ 19 ന് ഒറ്റ ഘട്ടമായാണ് ഉത്തരാഖണ്ഡില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്.

ഉത്തരാഖണ്ഡിലെ കുമൗണ്‍ മലനിരകള്‍ക്ക് ഇടയിലാണ് നൈനിറ്റാള്‍ സ്ഥിതി ചെയ്യുന്നത്. ഇന്ത്യയുടെ തടാക ജില്ല എന്ന പേരിലാണ് നൈനിറ്റാള്‍ പ്രശസ്തമായത്. ഡല്‍ഹിയില്‍ നിന്ന് 322 കിലോമീറ്ററുണ്ട് നൈനിറ്റാളിലേക്ക്. റോഡ് മാര്‍ഗവും റെയില്‍ മാര്‍ഗവും എത്തിച്ചേരാം. നൈനിറ്റാളിലെ തടാകങ്ങളില്‍ കയാക്കിങ്, കനോയിങ് തുടങ്ങിയ സാഹസിക വിനോദങ്ങളിലേര്‍പ്പെടാനും ഇപ്പോള്‍ നല്ല തിരക്കാണ്. മലനിരകളെ ബന്ധിപ്പിക്കുന്ന കേബിള്‍ കാറുകളിലൂടെയുള്ള ആകാശയാത്രകള്‍ക്കും നല്ല ഡിമാന്റുണ്ട്. ഹിമാലയന്‍ താഴ്‌വാരങ്ങളുടെ സൗന്ദര്യമാസ്വദിക്കാനുള്ള മികച്ച അവസരം എന്ന രീതിയിലാണ് സഞ്ചാരികള്‍ കേബിള്‍ കാര്‍ യാത്ര തിരഞ്ഞെടുക്കുന്നത്.

പ്രശസ്ത ഹനുമാന്‍ ക്ഷേത്രമായ ഹനുമാന്‍ഗര്‍ഹിയയിലേക്കും ഇന്ത്യയിലെ 51 ശക്തി പീഠങ്ങളില്‍ ഒന്നായ നൈനാ ദേവീ ക്ഷേത്രത്തിലേക്കും സഞ്ചാരികള്‍ എത്തുന്നുണ്ട്. നൈനിറ്റാളിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ നൈനാ കൊടുമുടിയാണ് മറ്റൊരു ആകര്‍ഷണം. ഇവിടെ എത്താന്‍ കുതിരകളാണ് പ്രധാന യാത്രാമാര്‍ഗം. ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെ താപനില പൂജ്യം ഡിഗ്രിയിലും താഴെയാവുന്ന നൈനിറ്റാളില്‍ ഇപ്പോള്‍ താരതമ്യേനെ സുഖകരമായ കാലാവസ്ഥയാണെന്നതാണ് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്.

Content Highlights: Nainital witnesses surge in tourist footfall amid rising temperatures in North India