ഒരു കണ്‍ഫ്യൂഷനും വേണ്ട, ചരിത്രം മുതല്‍ റൂട്ട് മാപ്പ് വരെ QR കോഡിലറിയാം മൈസൂരു പെരുമ; ഇതാണ് ഡിജിറ്റല്‍ ടൂറിസം

#പി.വി. സനല്‍കുമാര്‍
പ്രതീകാത്മക ചിത്രം | Photo: www.pics4news.com
പ്രതീകാത്മക ചിത്രം | Photo: www.pics4news.com

മൈസൂരു: മൈസൂരുവിലെ കാഴ്ചകള്‍ കാണാനെത്തുന്ന സഞ്ചാരികള്‍ക്ക് ഇനി കണ്‍ഫ്യൂഷന്‍ വേണ്ടാ. നിങ്ങള്‍ക്ക് വേണ്ട വിവരങ്ങളെല്ലാം ഇനി വിരല്‍ തുമ്പിലുണ്ട്. ഡിജിറ്റല്‍ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര ടൂറിസം മന്ത്രാലയവും കര്‍ണാടക ടൂറിസം വകുപ്പും മൈസൂരുവിലെ 33 പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ക്യുആര്‍ കോഡ് അധിഷ്ഠിത വിവര പോര്‍ട്ടലുകള്‍ ആരംഭിച്ചിരിക്കുകയാണ്. എല്ലാ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പ്രവേശന കവാടങ്ങളിലും ക്യുആര്‍ കോഡ് ബോഡ് സ്ഥാപിച്ചു.

കോഡ് സ്‌കാന്‍ ചെയ്താല്‍ സഞ്ചാരികളെത്തുന്ന കേന്ദ്രത്തിന്റെ ചരിത്രം, പ്രാധാന്യം, സാംസ്‌കാരിക വിവരങ്ങള്‍, ഫോട്ടോഗ്രാഫുകള്‍, കേന്ദ്രത്തിലേക്ക് എത്തിച്ചേരേണ്ട റൂട്ട് വിവരങ്ങള്‍ എന്നിവ ലഭിക്കും. വിശദമായ വിവരങ്ങള്‍ കന്നഡയിലും ഇംഗ്ലീഷിലുമാണ് കോഡ് സ്‌കാന്‍ ചെയ്താല്‍ ലഭിക്കുക. മൈസൂരു കൊട്ടാരം, ചാമുണ്ഡിഹില്‍, മൃഗശാല, ദേവരാജ മാര്‍ക്കറ്റ്, റെയില്‍ മ്യൂസിയം, ആര്‍കെ നാരായണ്‍ മ്യൂസിയം, കരണ്‍ജി തടാകം, ശുകവനം, ഫോക്ലോര്‍ മ്യൂസിയം, സെയ്ന്റ് ഫിലോമിന ചര്‍ച്ച്, സെയ്ന്റ് മഹല്‍ പാലസ്, ജയലക്ഷ്മി വിലാസ് പാലസ് (യൂണിവേഴ്സിറ്റി മ്യൂസിയം), കുക്കരഹള്ളി തടാകം, ജഗന്‍മോഹന്‍ പാലസ് എന്നീ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലെല്ലാം സംവിധാനം സജ്ജമാക്കിയിട്ടുണ്ട്.

കൂടാതെ നഞ്ചന്‍കോടിലെ ശ്രീകണ്‌ഠേശ്വര ക്ഷേത്രം, പെരിയപട്ടണയിലെ മൊണാസ്ട്രി ഗോള്‍ഡന്‍ ടെമ്പിള്‍, ടി. നരസിപുരയിലെ ശ്രീ വൈദ്യനാഥേശ്വര സ്വാമിക്ഷേത്രം, പെരിയപട്ടണയിലെ മല്ലികാര്‍ജുനസ്വാമി ക്ഷേത്രം, തലക്കാടുള്ള ക്ഷേത്രങ്ങള്‍, സോമനാഥപൂര ക്ഷേത്രം തുടങ്ങിയ ആരാധനാലയ കേന്ദ്രങ്ങളുടെ പരിസരങ്ങളിലും ക്യുആര്‍ കോഡ്് സജ്ജമാക്കിയിട്ടുണ്ട്. ഇത്തരം പ്രദേശങ്ങളുടെ ആത്മീയ സാംസ്‌കാരിക, വാസ്തുവിദ്യാ പ്രാധാന്യത്തെക്കുറിച്ചുള്ള വിവരങ്ങളും സന്ദര്‍ശകര്‍ക്ക് ലഭിക്കും.

വിനോദസഞ്ചാര അനുഭവം സമ്പന്നമാക്കുകയും പ്രാദേശിക വിനോദകേന്ദ്രങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കുകയും ചെയ്യുക എന്നതാണ് പുതിയ സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ടൂറിസം വകുപ്പ് അസി. ഡയറക്ടര്‍ ബി.എം. പ്രഭുസ്വാമി അറിയിച്ചു.

സഞ്ചാരികള്‍ക്ക് സുഹൃത്തുക്കളുമായും ബന്ധുക്കളുമായും ക്യആര്‍ കോഡുകള്‍ വാട്‌സാപ്പ് വഴി പങ്കിടാനും കഴിയും. ഇത് മൈസൂരു കാണാനെത്തുന്നവര്‍ക്ക് കൂടുതല്‍ ഉപകരിക്കും. മൈസൂരുവിലുടനീളമുള്ള മറ്റ് പ്രധാന ഇടങ്ങളിലേക്കും രീതി വ്യാപിപ്പിക്കാന്‍ ലക്ഷ്യമിടുന്നതായും ബി.എം. പ്രഭുസ്വാമി പറഞ്ഞു.

Content Highlights: Explore Mysuru like never before! QR codes at 33 tourist spots offer history, culture, routes & photos in Kannada and English. Plan your visit effortlessly.