അവധിക്കാലം; മൈസൂരുവിലേക്ക് സഞ്ചാരികളുടെ ഒഴുക്ക് തുടങ്ങി

മൈസൂരു: ക്രിസ്മസ് അവധിക്കാലം ആഘോഷിക്കാൻ മൈസൂരുവിലേക്ക് വിനോദസഞ്ചാരികളുടെ ഒഴുക്ക് തുടങ്ങി. മൈസൂരു കൊട്ടാരത്തിലെ പുഷ്പോത്സവവും സാംസ്കാരിക പരിപാടികളും കൂടുതൽ വിനോദ സഞ്ചാരികളെ ആകർഷിക്കുകയാണ്. പുതുവത്സരാഘോഷം അടുക്കുമ്പോൾ വിദേശികളടക്കം കൂടുതൽ സഞ്ചാരികൾ മൈസൂരുവിലേക്ക് ഒഴുകിയെത്തും.
എന്നാൽ, ബന്ദിപ്പുരിലും നാഗർഹോള കടുവ സംരക്ഷണ കേന്ദ്രത്തിലും സഫാരികൾക്കുള്ള വിലക്ക് നീക്കിയിരുന്നെങ്കിൽ സഞ്ചാരികളുടെ വരവ് 15 ശതമാനം കൂടി വർധിക്കുമായിരുന്നുവെന്ന് ടൂറിസം മേഖലയിലുള്ളവർ പറയുന്നു.
മൈസൂരു മൃഗശാലയിൽ ശനിയാഴ്ച 15,092 , ഞായറാഴ്ച -14,975, തിങ്കളാഴ്ച-13,285 എന്നിവർ സന്ദർശകരായെത്തിയതായി മൈസൂരു മൃഗശാല എക്സിക്യൂട്ടീവ് ഡയറക്ടർ പി. അനുഷ പറഞ്ഞു.
മൈസൂരു കൊട്ടാരത്തിൽ ഞായറാഴ്ച 132 വിദേശികൾ ഉൾപ്പെടെ 16,874 സന്ദർശകരും തിങ്കളാഴ്ച 129 വിദേശികൾ ഉൾപ്പെടെ 11,399 സന്ദർശകരുമുണ്ടായിരുന്നു. ഈ മാസം 28 മുതൽ ജനുവരി ഒന്നാംതീയതി വരെ മിക്ക ഹോട്ടലുകളിലും മുറികൾ ബുക്കിങ്ങായി. ഹോട്ടലുകളിൽ സഞ്ചാരികളെ ആകർഷിക്കാനായി വൻ തോതിലുള്ള പുതുവത്സരാഘോഷമാണ് നടക്കുക.
Content Highlights: Experience the festive charm of Mysore! Discover the flower show, cultural events, and peak season bookings. Plan your Christmas and New Year getaway now!