മൂന്നാറിൽ ഹരിത ചെക്ക് പോസ്റ്റുകൾ വരുന്നു; മാലിന്യ സംസ്‌കരണത്തിന് ഫീസ് ഈടാക്കും

മറയൂർ: സംസ്ഥാനത്തെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറിൽ പ്ലാസ്റ്റിക് മാലിന്യത്തിന് തടയിടാൻ ഹരിത െചക്ക്‌പോസ്റ്റുകൾ വരുന്നു. പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യ സംസ്‌കരണത്തിനായി മൂന്നാർ മേഖലയിൽ എത്തുന്ന വിനോദ സഞ്ചാരികളുടെ വാഹനങ്ങളിൽനിന്ന് ഈ ചെക്കുപോസ്റ്റുകളിൽ പ്രവേശന ഫീസ് ഈടാക്കും.
അടിമാലി ഭാഗത്തുനിന്ന് വരുന്ന സഞ്ചാരികൾക്കായി പഴയ മൂന്നാർ ഹെഡ് വർക്‌സിലായിരിക്കും ഹരിത ചെക്ക് പോസ്റ്റ്. മറയൂരിൽ നിന്നുള്ള വഴിയിൽ ചട്ടമൂന്നാറിലും ചിന്നക്കനാൽ വഴിയിൽ സിഗ്‌നൽ പോയിന്റിലോ ടോൾ ഗെയ്റ്റിലോ ആയിരിക്കും ചെക്ക്‌പോസ്റ്റ് സ്ഥാപിക്കുക. ഇതിന്റെ നിയമപരമായ സാധ്യതകളെക്കുറിച്ച് ജില്ലാ കളക്ടർ, ദേശീയ പാത, പൊതുമരാമത്ത് വകുപ്പ് അധികൃതർ എന്നിവരുമായി ചർച്ച നടത്താൻ ബുധനാഴ്ച കൂടിയ പഞ്ചായത്ത് ഭരണസമിതി യോഗം പ്രസിഡന്റിനെയും സെക്രട്ടറിയെയും ചുമതലപ്പെടുത്തി. ഓഗസ്റ്റ് മാസത്തിൽ പദ്ധതി നടപ്പാക്കാനാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത്.
ഹരിത ലക്ഷ്യം
മൂന്നാർ നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിൽ ഒന്നാണ് മാലിന്യം തള്ളലും അത് ശേഖരിച്ചുകൊണ്ടുള്ള സംസ്‌കരണവും. ഇവിടെയെത്തുന്ന സഞ്ചാരികളാണ് മാലിന്യത്തിന്റെ പ്രധാന സ്രോതസ്സ്. മാലിന്യം ശേഖരിക്കുന്നതിനും സംസ്‌കരിക്കുന്നതിനും നേതൃത്വം നൽകുന്ന തൊഴിലാളികൾക്കുള്ള വേതനത്തിനും മറ്റു ചെലവുകൾക്കുമുള്ള തുക കണ്ടെത്തുന്നതിനാണ് സഞ്ചാരികളിൽനിന്ന് പ്രവേശന ഫീസ് ഈടാക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് എസ്. വിജയകുമാർ പറഞ്ഞു. ഫീസ് വാങ്ങുന്നതിനൊപ്പം മാലിന്യംശേഖരിച്ചുവയ്ക്കുന്നതിന് സഞ്ചികളും നിരക്ക് ഈടാക്കി നല്കും. മടക്കയാത്രയിൽ തരം തിരിച്ച മാലിന്യങ്ങൾ ചെക്ക് പോസ്റ്റിൽ നല്കാം.
ഗതാഗതക്കുരുക്കിനും തടയിടും
മൂന്നാർ മേഖലയിൽ എത്തുന്ന സഞ്ചാരികൾ ഗതാഗതക്കുരുക്കുമൂലം ഏറെ ബുദ്ധിമുട്ടുന്നു. വലിയ വാഹനങ്ങൾ മൂന്നാർ മേഖലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിൽ എത്തുന്നത് ഒഴിവാക്കും. പാതയോരങ്ങളിൽ അനധികൃത പാർക്കിങ്ങാണ് ഗതാഗതക്കുരുക്കിന് പ്രധാന കാരണം. ഓഗസ്റ്റ് മുതൽ വലിയ വാഹനങ്ങൾ വിനോദസഞ്ചാരകേന്ദ്രങ്ങളിൽ എത്തുന്നത് തടയും. ഇത്തരം വാഹനങ്ങളിൽ എത്തുന്നവർക്ക് മൂന്നാർ, ദേവികുളം പഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്രീ പെയ്ഡ് ടാക്‌സി വാഹനങ്ങൾ ഒരുക്കും. ഈ മേഖലയിലുള്ളവർക്ക് വരുമാനം ലക്ഷ്യമാക്കിയാണ് പദ്ധതി നടപ്പാക്കുന്നത്.
ലക്ഷ്മി, രാജമല, ലക്കം, മാട്ടുപ്പട്ടി തുടങ്ങിയ വിനോദസഞ്ചാരകേന്ദ്രങ്ങളിൽ സന്ദർശിക്കാനെത്തുന്ന സഞ്ചാരികൾക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
മറയൂർ, വട്ടവട പോകുന്ന വലിയ വാഹനങ്ങൾ ഈ കേന്ദ്രങ്ങളിൽ പാർക്ക് ചെയ്താൽ പിഴ ഈടാക്കും.
Content Highlights: Implementation of green checkposts at key entry points in Munnar starting August 2026., Entry fees for tourist vehicles to fund waste management and worker salaries., Prohibition of large vehicles in specific tourist zones to reduce traffic congestion., Introduction of pre-paid taxi services for tourists visiting sensitive areas., Mandatory waste disposal system for tourists returning from Munnar.