യാത്രസമയം മണിക്കൂറുകൾ കുറയും, 823 പേർക്ക് യാത്ര; വരുന്നു മുംബൈ-ബെംഗളൂരു വന്ദേഭാരത് സ്ലീപ്പർ

#Travel Desk
വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍
വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍

പുണെ: രാജ്യത്തിന്റെ സാമ്പത്തികതലസ്ഥാനമായ മുംബൈയിൽനിന്ന് ഐ.ടി. നഗരമായ ബെംഗളൂരുവിലേക്ക് റെയിൽവേ വന്ദേഭാരത് സ്ലീപ്പർ സർവീസ് ആരംഭിക്കുന്നതോടെ പുണെ-ബെംഗളൂരു യാത്ര 13 മണിക്കൂറായി കുറയും. ഈ ട്രെയിൻ പുണെ, സോലാപുർ, വാഡി എന്നിവിടങ്ങളിലൂടെയാണ് കടന്നുപോകുക.

നിലവിൽ ഉദ്യാൻ എക്‌സ്പ്രസ്, കോയമ്പത്തൂർ എക്‌സ്പ്രസ് പോലുള്ള ട്രെയിനുകൾ പുണെയ്ക്കും ബെംഗളൂരുവിനും ഇടയിലുള്ള യാത്ര പൂർത്തിയാക്കാൻ ഏകദേശം 18-19 മണിക്കൂറെടുക്കുന്നുണ്ട്. ആഴ്ചയിൽ ആറുദിവസം വന്ദേഭാരത് സ്ലീപ്പർ സർവീസ് നടത്താൻ സാധ്യതയുണ്ട്. ഒരുദിവസം അറ്റകുറ്റപ്പണികൾക്കായി മാറ്റിവെച്ചിരിക്കയാണ്. മുംബൈയിൽനിന്നും ബെംഗളൂരുവിൽ നിന്നും രാത്രി ഒൻപതോടെ പുറപ്പെടുന്ന രണ്ട് ട്രെയിനുകളാണ് സർവീസ് നടത്തുക. ഇത് രാത്രിയാത്ര കൂടുതൽ സുഖകരമാക്കും.

ആധുനിക സവിശേഷതകളോടെ സജ്ജീകരിച്ചിരിക്കുന്ന ഈ ട്രെയിനിൽ കൂട്ടിയിടികൾ തടയുന്നതിനുള്ള തദ്ദേശീയ 'കവച്' സുരക്ഷാ സംവിധാനം ഉൾപ്പെടും. 611 ബെർത്തുകളുള്ള 11 എ.സി. ത്രീ-ടിയർ കോച്ചുകൾ, 188 ബെർത്തുകളുള്ള നാല് എ.സി. ടു-ടിയർ കോച്ചുകൾ, 24 ബെർത്തുള്ള ഒരു എ.സി. ഫസ്റ്റ് ക്ലാസ് കോച്ച് എന്നിവയുൾപ്പെടെ 16 കോച്ചുകൾ ഉൾപ്പെടുന്നതാണ് ഈ ട്രെയിൻ. മൊത്തം 823 പേർക്ക് ഈ ട്രെയിനിൽ യാത്രചെയ്യാം.

ഏപ്രിൽ അഞ്ചിന് ബെംഗളൂരു സെൻട്രൽ എം.പി. പി.സി. മോഹന് അയച്ച കത്തിലാണ് റെയിൽവേമന്ത്രി അശ്വിനി വൈഷ്ണവ് കെ.എസ്.ആർ. ബെംഗളൂരു റെയിൽവേ സ്റ്റേഷനും ഛത്രപതി ശിവജി മഹാരാജ് ടെർമിനസിനും ഇടയിൽ വന്ദേഭാരത് സ്ലീപ്പർ സർവീസിന് അംഗീകാരം നൽകിയിട്ടുണ്ടെന്ന് അറിയിച്ചത്. എന്നാൽ, ട്രെയിൻ എന്നുമുതൽ സർവീസ് ആരംഭിക്കുമെന്ന് റെയിൽവേ ഇതുവരെ അറിയിച്ചിട്ടില്ല.

Content Highlights: Travel time between Pune and Bengaluru reduced to 13 hours., Service operates 6 days a week with overnight convenience., Equipped with Kavach safety system for collision prevention., Total capacity of 823 passengers across 16 coaches., Route includes stops at Pune, Solapur, and Wadi.