കോടമഞ്ഞ് അരിച്ചിറങ്ങുന്ന മലനിരകൾ, പഞ്ഞിക്കെട്ടുകൾപോലെ മേഘം... പോയാലോ മൈക്രോവേവ് വ്യൂ പോയിന്റിലേക്ക്

മൈക്രോവേവ് മലയിൽനിന്നുള്ള ഇടുക്കി ജലാശയത്തിന്റെ ദൃശ്യം
മൈക്രോവേവ് മലയിൽനിന്നുള്ള ഇടുക്കി ജലാശയത്തിന്റെ ദൃശ്യം

തൊടുപുഴ : പ്രകൃതിയുടെ ശാന്തത. കോടമഞ്ഞ് അരിച്ചിറങ്ങുന്ന പച്ചപുതച്ച മലനിരകൾ. പൈനാവിലെ മൈക്രോവേവ് വ്യൂപോയന്റിൽനിന്നുള്ള കാഴ്ചകൾ നയനമനോഹരമാണ്. മുൻപ് പ്രാദേശികമായിമാത്രം അറിയപ്പെട്ടിരുന്ന ഇവിടമിപ്പോൾ യാത്രികരുടെ ഇഷ്ടകേന്ദ്രമായി മാറുകയാണ്. വനംവകുപ്പിന്റെ കീഴിലുള്ള വിനോദസഞ്ചാരകേന്ദ്രമാണിത്.

ദൂരെ, ദൂരെ...

മൈക്രോവേവ് വ്യൂപോയിന്റിൽനിന്ന് നോക്കുമ്പോൾ കണ്ണെത്താദൂരത്തോളം കാഴ്ച കാണാം. മലയിടുക്കുകളിലേക്ക് മറയുന്ന സൂര്യന്റെ അസ്തമയമാണ് അതിലെ പ്രധാനപ്പെട്ടത്. പഞ്ഞിക്കെട്ടുകൾപോലെ ഒഴുകിനീങ്ങുന്ന മേഘം, സൂര്യരശ്മികൾ അതിൽ തട്ടുമ്പോൾ സ്വർണവർണം വിതറും. ഇതോടൊപ്പം ഇടുക്കി ജലാശയത്തിന്റെ വിദൂരദൃശ്യവും.

ആനമുടി, ചൊക്രമുടി, പാൽക്കുളംമേട്, തോപ്രാംകുടി-ഉദയഗിരി മലനിരകൾ, കാൽവരിമൗണ്ട്, ഗ്യാപ് റോഡ്, പള്ളിവാസൽ, വെള്ളത്തൂവൽ സർജ്, പൂപ്പാറ, കള്ളിപ്പാറ, തുടങ്ങിയ പ്രദേശങ്ങളും ഇവിടെനിന്ന് കാണാം. ഭാഗ്യമുണ്ടെങ്കിൽ വന്യമൃഗങ്ങളും കൺമുൻപിലെത്തും.

പ്രവേശനം

രാവിലെ ഒൻപതുമുതൽ വൈകീട്ട് ആറുവരെയാണ് പ്രവേശനം. മുതിർന്നവർക്ക് 40 രൂപയും കുട്ടികൾക്ക് 20 രൂപയുമാണ് നിരക്ക്. സഞ്ചാരികൾക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. സുരക്ഷാ മുന്നൊരുക്കങ്ങളുടെ ഭാഗമായി വേലിയും നിർമിച്ചിട്ടുണ്ട്. 15 പേരടങ്ങിയ ജീവനക്കാരുടെ സംഘമാണ് സ്ഥലം പരിപാലിക്കുന്നത്. അവരിൽ മൂന്നുപേർ വീതം ഓരോ ദിവസവും സഞ്ചാരികളെ സഹായിക്കാൻ ഇവിടെയുണ്ടാകും.

എങ്ങനെ എത്താം

തൊടുപുഴ- ചെറുതോണി സംസ്ഥാനപാതയില്‍ കുയിലിമല സിവില്‍ സ്റ്റേഷനും പൈനാവിനും ഇടയിലുള്ള ജില്ലാ പഞ്ചായത്ത് ജങ്ഷനിൽനിന്ന് ഇടത്തോട്ട് തിരിഞ്ഞ് ഇ.എം.ആര്‍.എസ് സ്‌കൂളിന്റെയും കേന്ദ്രീയ വിദ്യാലയത്തിന്റെയും ഇടയിലുള്ള ഓഫ് റോഡിനെ അനുസ്മരിപ്പിക്കുന്ന വഴിയിലൂടെ സഞ്ചരിച്ചാല്‍ ഈ മനോഹരമായ സ്ഥലത്തെത്താം. യാത്ര ഇഷ്ടപ്പെടുന്നവര്‍ക്ക് ഒരല്‍പ്പം സാഹസികത കൂടി അനുഭവിക്കാന്‍ ഈ വഴിയിലൂടെയുള്ള യാത്ര സഹായിക്കും.


 

Content Highlights: Explore the breathtaking Microwave View Point in Idukki, Kerala.