മാലദ്വീപിൽ ഡോളര്‍ക്ഷാമം, GDPയുടെ 110 ശതമാനം കടം; ടൂറിസംമേഖലയിൽ വിദേശനാണ്യവിനിമയ നിയന്ത്രണം

മാലെ: ഡോളർക്ഷാമം നേരിടുന്ന പശ്ചാത്തലത്തിൽ പുതിയ വിദേശനാണ്യച്ചട്ടമിറക്കി മാലദ്വീപ്. വിദേശനാണയത്തിൽ നടക്കുന്ന വിവിധതരം ഇടപാടുകൾ പരിമിതപ്പെടുത്താനും വിനോദസഞ്ചാരമേഖലയിലും ബാങ്കുകളിലും വിദേശനാണ്യകൈമാറ്റത്തിൽ നിർബന്ധിതനിയന്ത്രണം ഏർപ്പെടുത്താനും രാജ്യത്തെ കേന്ദ്രബാങ്കായ മാലദ്വീപ് മൊണിറ്ററി അതോറിറ്റി (എം.എം.എ.) തീരുമാനിച്ചു.
അനുവദനീയമായതൊഴികെ, രാജ്യത്തിനുള്ളിൽ നടക്കുന്ന എല്ലാ വിദേശനാണ്യ ഇടപാടുകളും മാലദ്വീപിന്റെ ഔദ്യോഗികനാണ്യമായ റുഫിയയിൽ (എം.വി.ആർ.) നടത്തണമെന്ന് പുതിയചട്ടം നിർദേശിക്കുന്നു. ചരക്ക്, സേവനം, ഫീസുകൾ, മറ്റു ചാർജുകൾ, വാടക, കൂലി തുടങ്ങിയ ഇടപാടുകളെല്ലാം എം.വി.ആറിലായിരിക്കണം. കയറ്റുമതി, അന്താരാഷ്ട്ര ഇടപാടുകൾ തുടങ്ങി യു.എസ്. ഡോളറിൽ നടത്തണമെന്ന് നിയമപരമായി നിഷ്കർഷിച്ചിരിക്കുന്ന ഇടപാടുകളെ അതിൽനിന്നൊഴിവാക്കി.
റിസോർട്ടുകൾ, അതിഥിമന്ദിരങ്ങൾ തുടങ്ങി വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിൽനിന്ന് ലഭിക്കുന്ന വരുമാനം ഏതെങ്കിലും പ്രാദേശികബാങ്കിലെ വിദേശനാണ്യ അക്കൗണ്ടിൽ നിക്ഷേപിക്കണം. ചട്ടം പാലിച്ചില്ലെങ്കിൽ 5,000 മുതൽ 10 ലക്ഷം വരെ എം.വി.ആർ. പിഴ ഈടാക്കും. 5.48 ഇന്ത്യൻ രൂപയാണ് ഒരു എം.വി.ആർ.
മൊത്തആഭ്യന്തര ഉത്പാദനത്തിന്റെ (ജി.ഡി.പി.) 110 ശതമാനമാണ് മാലദ്വീപിന്റെ കടം. 2025-ൽ രാജ്യത്തിന്റെ മൊത്തവിദേശകടം 55.7 കോടി ഡോളറായും (4682 കോടി രൂപ) 2026-ഓടെ 100 കോടി ഡോളറായും (8406 കോടി രൂപ) വളരുമെന്നാണ് സൂചന.
പ്രസിഡന്റ് മുഹമ്മദ് മുയിസു അധികാരത്തിലെത്തിയശേഷം ഇന്ത്യയുമായുണ്ടായ നയതന്ത്രത്തർക്കം മാലദ്വീപിന്റെ പ്രധാനവരുമാനസ്രോതസ്സായ വിനോദസഞ്ചാരമേഖലയെ കാര്യമായി ബാധിച്ചിരുന്നു. ഡോളർക്ഷാമത്തിന്റെ പശ്ചാത്തലത്തിൽ എം.എം.എ. ഓഗസ്റ്റിൽ കർശനമായ ഡോളർ പരിധിയുമേർപ്പെടുത്തിയിരുന്നു. ഇന്ത്യ കഴിഞ്ഞമാസം അഞ്ചുകോടി ഡോളർ പലിശരഹിത വായ്പനൽകിയതിനാലാണ് മാലദ്വീപിന്റെ ബോണ്ട് അടവ് നടന്നത്.
Content Highlights: Maldives foreign exchange control in tourism sector