‘സഞ്ചാരികൾ ഇനി മലബാർ കാണും, നിക്ഷേപസാധ്യതകൾ അനവധി’

കോണ്‍ക്ലേവില്‍ പങ്കെടുത്ത വിശിഷ്ടാതിഥികള്‍, 'ബിൽഡിങ്‌ ബെറ്റർ ടൂറിസം ദി മലബാർ പ്ലേ ബുക്ക് ' എന്ന വിഷയത്തിൽനടന്ന സെഷനിൽ ഡോ. വി. വേണു സംസാരിക്കുന്നു. യു.വി. ജോസ്, റിയാസ് അഹമ്മദ്, ജോസ് കൈനടി എന്നിവർ സമീപം
കോണ്‍ക്ലേവില്‍ പങ്കെടുത്ത വിശിഷ്ടാതിഥികള്‍, 'ബിൽഡിങ്‌ ബെറ്റർ ടൂറിസം ദി മലബാർ പ്ലേ ബുക്ക് ' എന്ന വിഷയത്തിൽനടന്ന സെഷനിൽ ഡോ. വി. വേണു സംസാരിക്കുന്നു. യു.വി. ജോസ്, റിയാസ് അഹമ്മദ്, ജോസ് കൈനടി എന്നിവർ സമീപം

മധ്യകേരളത്തിൽ കുടുങ്ങിനിൽക്കുന്ന വിദേശ -ആഭ്യന്തരസഞ്ചാരികൾ ഇനി മലബാറിലേക്കു നോക്കും. നിക്ഷേപസാധ്യതകൾ അനവധിയാണെന്നും വരുംവർഷങ്ങളിൽ മലബാറിന്റെ ടൂറിസംമേഖലയുടെ വളർച്ചയാണ് പ്രകടമാകാൻ പോകുന്നതെന്നും വിദഗ്ധർ.

''മലബാർ ടൂറിസത്തിന് വളരാനാകുമെന്നതിന്റെ തെളിവാണ് കഴിഞ്ഞവർഷങ്ങളിൽ വയനാട്ടിലുണ്ടായ അസാധാരണമായ വളർച്ചയെന്നു പറഞ്ഞാണ് ഡോ. വി. വേണു തുടക്കമിട്ടത്.

ഉയർന്ന ശ്രേണിയിലുള്ള ഹോട്ടലുകൾ മാത്രമുണ്ടായാൽ അതു ടൂറിസത്തിന് ഫലപ്രദമായ ഗുണംചെയ്യില്ല. വിശ്രമത്തിനും ആനന്ദത്തിനുമായി എത്തുന്ന സഞ്ചാരികളെ ഉൾക്കൊള്ളാൻ പാകത്തിൽ എല്ലാ ശ്രേണിയിലുമുള്ള ആയിരക്കണക്കിന് ഹോട്ടൽ മുറികളാണ് ഇനി മലബാറിൽ ഉണ്ടാകേണ്ടത്. താൻ താമസിക്കുന്ന ഹോട്ടലിന് മറ്റുള്ളവയിൽ നിന്ന് എന്തു സവിശേഷതയാണുള്ളതെന്നാണ് സഞ്ചാരികൾ നോക്കുന്നത്. നല്ല നിക്ഷേപസാധ്യതയുള്ള മേഖലയായി ടൂറിസത്തെ ആരും കണക്കിലെടുത്തിട്ടില്ല. റീൽസും ഷോർട്ട്സുമാണ് ഇന്ന് ജനത്തെ സ്വാധീനിക്കുന്നത്. മുൻപ് പ്രായമേറിയവരാണ് അവധിയാത്ര പ്ലാൻചെയ്തിരുന്നതെങ്കിൽ ഇന്ന് കുടുംബത്തിലെ കൗമാരക്കാരാണ് അത് ചെയ്യുന്നത് ''- വേണു പറഞ്ഞു.

കേരളത്തിന്റെ ടൂറിസം ഭൂപടത്തിൽ ആദ്യം വയനാട് ഉണ്ടായിരുന്നില്ലെന്ന് ജോസ് കൈനടി പറഞ്ഞു. റിസോർട്ട് ആരംഭിക്കുമ്പോൾ അന്ന് വയനാടിനെയായിരുന്നു സഞ്ചാരികൾക്ക് മുന്നിൽ പ്രദർശിപ്പിച്ചിരുന്നത്.

മത്സരബുദ്ധിയുണ്ടെങ്കിലും തുടക്കകാലത്തെ റിസോർട്ട് ഉടമകളെല്ലാം ഇതേ രീതി പിന്തുടർന്നതിനാലാണ് വയനാടിന് വേഗത്തിൽ വളർച്ചയുണ്ടായതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സാധ്യതകൾ തുറന്നിട്ടാൽ കോഴിക്കോട്ടും നിക്ഷേപകരെത്തും. കോഴിക്കോടിന്റെ വികസനത്തിന്റെ ഭാഗമാണ് വയനാടെന്നും അദ്ദേഹം പറഞ്ഞു.

ഒരു സഞ്ചാരിക്ക് വേണ്ടതെല്ലാം കിട്ടുന്നതു കൊണ്ടാണ് എല്ലാവരും കൊച്ചിയെ ഇപ്പോഴും ആശ്രയിക്കുന്നതെന്ന് റിയാസ് അഹമ്മദ് പറഞ്ഞു. ടൂറിസം സാധ്യതകൾ മലബാറിന് മുന്നിൽ തുറന്നിടാൻപോകുന്ന കാലമാണ് ഇനി വരാൻ പോകുന്നത്. അതിന് പാതയൊരുക്കുന്നതാണ് പുതിയ ദേശീയപാത. എന്നാൽ ടൂറിസംകേന്ദ്രങ്ങളുടെ വികസനമാണോ, നിക്ഷേപമാണോ ആദ്യം വരേണ്ടത് എന്ന ചോദ്യം എപ്പോഴും ബാക്കിയാണെന്ന് അദ്ദേഹം പറഞ്ഞു.

Content Highlights: Malabar is emerging as the next major tourism hub after central Kerala., There is a high demand for diverse hotel rooms across all budget ranges., New national highways will pave the way for better connectivity and tourism expansion in Malabar., Teens and families now drive vacation planning, heavily influenced by social media.