രുചിയുടെ മലബാർ കിസ്സ

മാതൃഭൂമി ടൂറിസം കോൺക്ലേവിൽ 'ദി ടേസ്റ്റ് ഓഫ് മലബാർ' സെഷനിൽ സുമേഷ് ഗോവിന്ദ് സംസാരിക്കുന്നു. സഞ്ജയ് തുമ്മ, ആബിദ റഷീദ്, ആശിഷ് നായർ എന്നിവർ സമീപം
മാതൃഭൂമി ടൂറിസം കോൺക്ലേവിൽ 'ദി ടേസ്റ്റ് ഓഫ് മലബാർ' സെഷനിൽ സുമേഷ് ഗോവിന്ദ് സംസാരിക്കുന്നു. സഞ്ജയ് തുമ്മ, ആബിദ റഷീദ്, ആശിഷ് നായർ എന്നിവർ സമീപം

കോഴിക്കോട്: ഭക്ഷണത്തെയും നാടിനെയും ഏറെ സ്നേഹിക്കുന്നവർ മനസ്സുതുറപ്പോൾ രുചിയുടെ ഓർമ്മമുകുളങ്ങൾ പിറന്നു... മലബാറിന്റെ ആതിഥ്യമര്യാദയും അതിനെ ലോകത്തിന് മുന്നിലേക്കെത്തിക്കേണ്ടതിന്റെ പ്രാധാന്യവും ചർച്ചചെയ്തു തുടങ്ങിയ ‘ദി ടേസ്റ്റ് ഓഫ് മലബാർ’ സെഷൻ കോഴിക്കോടിനെ ആഗോള ഫുഡ് ഹബ്ബായി വികസിപ്പിക്കുന്നതിന്റെ സാധ്യതയിലേക്കാണ് എത്തിയത്.

സെലിബ്രിറ്റി ഷെഫ് ആബിദ റഷീദ്, പാരഗൺ ഗ്രൂപ്പ് ഓഫ് റസ്റ്ററൻറ്‌സ്‌ സി.ഇ.ഒ.യും കൾനിനറി ക്യുറേറ്ററുമായ സുമേഷ് ഗോവിന്ദ്, മാസ്റ്റർ ഷെഫ് ഇന്ത്യ ജഡ്ജും സെലിബ്രിറ്റി ഷെഫുമായ സഞ്ജയ് തുമ്മ എന്നവരാണ് ചർച്ചയിൽ പങ്കെടുത്തത്. ആർ.പി. ഗ്രൂപ്പ് കോർപ്പറേറ്റ് ഹെഡും വൈസ് പ്രസിഡന്റുമായ ആശിഷ് നായർ മോഡറേറ്ററായി.

മറ്റുള്ള രാജ്യങ്ങളിൽനിന്ന് കിട്ടിയ വിഭവങ്ങളെ ഭക്ഷണപ്രിയരായ മലബാറുകൾ തങ്ങൾക്കിഷ്ടപ്പെട്ട ചേരുവകൾ ചേർത്ത് മാറ്റുകയായിരുന്നെന്ന് ആബിദ റഷീദ് പറഞ്ഞു. മുട്ടമാല പോർച്ചുഗീസ് വിഭവത്തിൽനിന്നും ചട്ടിപ്പത്തിരി ഗോവയിലെ വിഭവത്തിൽനിന്നും കടമെടുത്തതാണ്. ചൈനീസ്, ഇറ്റാലിയൻ വിഭവങ്ങളെപ്പോലെ മലബാർ വിഭവങ്ങളും ആഗോളതലത്തിൽ ബ്രാൻഡ് ചെയ്യണമെന്നും അവർ പറഞ്ഞു.

മലബാറിലെ ഭക്ഷണസംസ്കാരത്തിന്റെ യഥാർഥ കാതൽ ജനങ്ങളുടെ ആതിഥ്യമര്യാദയാണെന്ന് സുമേഷ് ഗോവിന്ദ് പറഞ്ഞു. വിഭവങ്ങളുടെ തനത് നിലവാരം പുലർത്തുന്നതോടൊപ്പം വിനോദസഞ്ചാരികളോട് പെരുമാറുന്നതിലും സേവനങ്ങളുടെ നിലവാരത്തിലും പുരോഗതിയുണ്ടാകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ലോകത്തെ പലരും സുഗന്ധവ്യഞ്ജനങ്ങൾ തേടിയെത്തിയതാണ് ഇവിടത്തെ രുചിവൈവിധ്യങ്ങൾക്ക് കാരണമെന്ന് സഞ്ജയ് തുമ്മ അഭിപ്രായപ്പെട്ടു. രുചിക്കൂട്ടുകളുടെ മക്കയാണ് മലബാറെന്നും രുചികളുടെ ഉദ്‌ഭവം മനസ്സിലാക്കാൻ എല്ലാ ഷെഫുമാരും എത്തേണ്ടത് ഇവിടെയാണെന്നും അദ്ദേഹം പറഞ്ഞു.