ഇറക്കം കുറഞ്ഞ വസ്ത്രങ്ങള്‍ പാടില്ല; മഹാകാല്‍ ക്ഷേത്രത്തില്‍ സ്ത്രീകളുടെ വേഷത്തിന് വിലക്ക്

കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ ഡാര്‍ജിലിങ്ങിലെ മഹാകാല്‍ ക്ഷേത്രത്തില്‍ സ്ത്രീകള്‍ ഇറക്കം കുറഞ്ഞ വസ്ത്രങ്ങള്‍ ധരിച്ച് പ്രവേശിക്കുന്നതിന് വിലക്ക്. ക്ഷേത്ര പരിസരത്ത് പ്രവേശനം വിലക്കിക്കൊണ്ട് മഹാകാല്‍ മന്ദിര്‍ പൂജാ കമ്മിറ്റി ആന്‍ഡ് വെല്‍ഫെയര്‍ സൊസൈറ്റിയാണ് (എംഎംപിഡബ്ല്യുസി) നിര്‍ദേശം പുറത്തിറക്കിയത്. ഇക്കാര്യം വ്യക്തമാക്കി ക്ഷേത്ര പരിസരത്ത് ബോര്‍ഡുകള്‍ സ്ഥാപിച്ചു.
ക്ഷേത്രപരിസരത്ത് ഗാഗ്രയോ (ഇറക്കം കൂടിയ പരമ്പരാഗത ഇന്ത്യന്‍ വേഷം) ലോങ് സ്‌കര്‍ട്ടുകളോ വാടകയ്ക്ക് ലഭിക്കും. ഇറക്കം കുറഞ്ഞ വസ്ത്രങ്ങള്‍ ധരിച്ചെത്തുന്നവര്‍ക്ക് കുറഞ്ഞ നിരക്കില്‍ വാടകയ്‌ക്കെടുക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ക്ഷേത്രത്തിന്റെ പവിത്രതയ്ക്ക് ചേര്‍ന്നതല്ലെന്ന് ചൂണ്ടിക്കാണിച്ചാണ് വിലക്കെന്ന് എംഎംപിഡബ്ല്യുസി പ്രസിഡന്റ് മേഘ്‌രാജ് റായ് പറഞ്ഞു. ഭക്തരില്‍ നിന്ന് പരാതി ലഭിച്ചതിനെത്തുടര്‍ന്നാണ് നടപടിയെന്ന് ജനറല്‍ സെക്രട്ടറി കിഷോര്‍ ഗാസ്മറും വ്യക്തമാക്കി.
ഇറക്കം കുറച്ച വസ്ത്രങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതോടെ, ഗാഗ്രകള്‍ വാടകയ്ക്ക് നല്‍കാന്‍ സൗകര്യം സംഭാവന കൗണ്ടറിനോട് ചേര്‍ന്ന് ആരംഭിച്ചിട്ടുണ്ട്. 100 രൂപ സെക്യൂരിറ്റി തുക വാങ്ങി ഗാഗ്രകള്‍ വാടകയ്ക്ക് നല്‍കും. വസ്ത്രം തിരിച്ചുനല്‍കിയാല്‍ 75 രൂപ തിരികെ കിട്ടും. ഫലത്തില്‍ 25 രൂപയാണ് ഗാഗ്രകളുടെ വാടക.
അതേസമയം, വിലക്കിനെതിരേ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. പുരുഷന്മാര്‍ക്ക് ഷോര്‍ട്‌സ് ധരിച്ചെത്തിയാല്‍ ദര്‍ശനം അനുവദിക്കുമ്പോള്‍ തന്നെ സ്ത്രീകള്‍ക്ക് മാത്രമായി എന്തുകൊണ്ട് വിലക്കെന്നാണ് ചോദ്യം.
Content Highlights: Darjeeling`s Mahakal Temple prohibits short dresses for women, citing sanctity. Rental skirts available on-site