ലക്ഷദ്വീപ് യാത്രയ്ക്ക് സ്പോൺസറും പോലീസ് ക്ലിയറൻസും ആവശ്യമില്ല! പെർമിറ്റ് നടപടി ലളിതമാക്കി ഭരണകൂടം

കൊച്ചി: ലക്ഷദ്വീപ് സന്ദർശിക്കുന്നതിനുള്ള എൻട്രി പെർമിറ്റ് നടപടികൾ കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപ് ഭരണകൂടം ലളിതമാക്കി. വിവിധ വിഭാഗങ്ങളിൽപ്പെട്ട സന്ദർശകർക്ക് എൻട്രി പെർമിറ്റുകൾ നൽകുന്നതിനും നിരസിക്കുന്നതിനും പുതുക്കുന്നതിനും റദ്ദാക്കുന്നതിനുമുള്ള നടപടിക്രമങ്ങളിലാണ് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ മാറ്റം വരുത്തിയത്. മാർച്ചിൽ ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയിരുന്നു.
മുമ്പ് ലക്ഷദ്വീപ് യാത്ര ചെയ്യുന്നവർക്ക് എൻട്രി പെർമിറ്റ് ലഭിക്കുന്നതിന് സ്പോൺസറുടെ സമ്മതപത്രം നിർബന്ധമായിരുന്നു. പുതിയ ഉത്തരവിൽ ഈ നിബന്ധന ഒഴിവാക്കി. ദ്വീപ് സന്ദർശിക്കാൻ ഇനി മുതൽ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റും ആവശ്യമില്ല.
മാസങ്ങൾ നീണ്ട നടപടിക്രമങ്ങളിലൂടെ മാത്രമാണ് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭിച്ചിരുന്നത്. ഇതിന് പുറമെ ദ്വീപിലെ താമസക്കാരന്റേയോ അംഗീകൃത സംഘടനകളുടേയോ അല്ലെങ്കിൽ സ്വകാര്യ ടൂർ ഓപ്പറേറ്ററുടെയോ സഹായത്തോടെയാണ് സ്പോൺസർഷിപ്പ് ലഭിച്ചിരുന്നത്.
എൻട്രി പെർമിറ്റ് നടപടികൾ ലളിതമാക്കുന്നതിനും ലക്ഷദ്വീപിലേക്കുള്ള യാത്ര സുഗമമാക്കുന്നതിനും ലക്ഷ്യമിട്ടാണ് ഈ ഭേദഗതിയെന്ന് മാർച്ചിൽ അധികൃതർ വ്യക്തമാക്കിയിരുന്നു. അതേസമയം, ലക്ഷദ്വീപിലേക്ക് യാത്ര ചെയ്യുന്നവരുടെ കൃത്യമായ സുരക്ഷാപരിശോധന ഉറപ്പുവരുത്തുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
https://epermit.utl.gov.in എന്ന വെബ്സൈറ്റിലൂടെ പെർമിറ്റിന് അപേക്ഷിക്കാം. ഒരു അപേക്ഷയിൽ ആറ് പേരെ മാത്രമാണ് ഉൾക്കൊള്ളിക്കാനാവുക.
Content Highlights: The Lakshadweep administration has significantly eased travel restrictions by removing the mandatory requirement for police clearance certificates and notarized sponsor consent letters for visitors.