വിലക്ക് തീർന്നു,കുദ്രേമുഖ് മലനിരകളിലെ ട്രെക്കിങ് പുനരാരംഭിച്ചു; എല്ലാ കേന്ദ്രങ്ങളും തുറക്കും

#Travel Desk
കുദ്രേമുഖ് മലനിരകള്‍.
കുദ്രേമുഖ് മലനിരകള്‍.

മൈസൂരു: വന്യമൃഗശല്യം രൂക്ഷമായതിനെത്തുടർന്ന് സംസ്ഥാനത്തെ അടച്ചിട്ട എല്ലാം ട്രെക്കിങ് കേന്ദ്രങ്ങളും തുറക്കാൻ വനം വകുപ്പിന്റെ തീരുമാനം. ഇതിൽ സംസ്ഥാനത്തിനു പുറത്തുനിന്നടക്കം ഒട്ടേറെ പേരെത്തുന്ന ചിക്കമഗളൂരുവിലെ കുദ്രേമുഖ് മലനിരകളിലെ ട്രെക്കിങ് പുനരാരംഭിച്ചു.

മലയാളികളുടെ ഇഷ്ട വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് കുദ്രേമുഖ് മലനിരകൾ. അഞ്ചുമാസത്തെ പ്രവേശന വിലക്കിന് ശേഷമാണ് ഇവിടെ സഞ്ചാരികളെ കയറ്റാൻ തുടങ്ങിയത്. ഇതോടൊപ്പം നേത്രാവതി, ബണ്ടാജെ, ഗംഗാഡിക്കൽ എന്നിവിടങ്ങളിലെ ട്രെക്കിങ്ങും പുനരാരംഭിച്ചു.

ജൂൺ 15-നുശേഷം മേഖലയിലെ മറ്റ് ഒട്ടേറെ പ്രധാന ട്രെക്കിങ് കേന്ദ്രങ്ങളും തുറക്കുമെന്ന് കുദ്രേമുഖ് വന്യജീവി വിഭാഗം ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ ശിവരാമ ബാബു അറിയിച്ചു. വനം വകുപ്പിന്റെ 'ആരണ്യ' വിഹാര വെബ്സൈറ്റ് വഴി ഓൺലൈൻ രജിസ്ട്രേഷൻ നടത്തുന്നവർക്കേ ട്രെക്കിങ്ങിന് അനുമതിയുള്ളൂ. ഒരു ദിവസം 300 പേർക്കാണ് ടോക്കൺ അനുവദിക്കുക.

സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി കേന്ദ്രങ്ങളിൽ വിദഗ്ധ പരിശീലനം ലഭിച്ച 300 പ്രാദേശിക ഗൈഡുകളെ വിന്യസിച്ചിട്ടുണ്ട്. ഇവർക്ക് വാക്കി -ടോക്കികൾ, പ്രഥമ ശുശ്രൂഷ കിറ്റുകൾ, മറ്റ് സുരക്ഷാ ഉപകരണങ്ങൾ എന്നിവ വനംവകുപ്പ് അനുവദിച്ചിട്ടുണ്ട്. ട്രെക്കിങ് നടത്തുന്നവർക്ക് വഴി തെറ്റാതിരിക്കാൻ മലകളിൽ കൂടുതൽ സൈൻ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്.

റൂട്ട് വിവരങ്ങൾ അടങ്ങിയ കൈപ്പുസ്തകവും എൻട്രി പോയന്റിൽ വെച്ച് യാത്രക്കാർക്ക് കൈമാറും. സഞ്ചാരികൾ പ്രാദേശിക ഗൈഡുകളുടെ നിർദേശങ്ങൾ നിർബന്ധമായും അനുസരിക്കണമെന്ന് ശിവരാമ ബാബു അറിയിച്ചു.

ഇതിനിടെ, 300 പ്രതിദിന ഓൺലൈൻ ടോക്കണുകൾ മിനിറ്റുകൾക്കുള്ളിൽ വിറ്റുതീരുകയാണെന്നും പരാതിയുണ്ട്. ചിലർ ഓൺലൈൻ ബുക്കിങ് സംവിധാനം ദുരുപയോഗം ചെയ്യുന്നതായാണ് ആക്ഷേപം. ജൂൺ ആറിന് കുദ്രേമുഖിലേക്കും

നേത്രാവതിയിലേക്കുമുള്ള 300-ടിക്കറ്റുകളും മേയ് 22-ന് ബുക്കിങ് ആരംഭിച്ച് മിനിറ്റുകൾക്കുള്ളിലാണ് വിറ്റുതീർന്നത്. കൂടുതൽ ടോക്കണുകൾ അനുവദിക്കണമെന്ന ആവശ്യം സഞ്ചാരികൾക്കിടയിൽ ശക്തമായിരിക്കുകയാണ്.

Content Highlights: Kudremukh, Netravati, Bandaje, and Gangadikal trekking points have reopened., Mandatory online registration via the Aranya Vihara website., Strict limit of 300 daily tokens per location., Local guides equipped with safety gear are mandatory for all trekkers., High demand causing tokens to sell out within minutes of release.