ചെന്നൈ കെടിഡിസി ഹോട്ടലില്‍ മലയാളികള്‍ക്കുള്ള ഇളവ് വെട്ടിക്കുറച്ചു; പ്രതിഷേധവുമായി സംഘടനകള്‍

അടിയന്തരാവശ്യങ്ങള്‍ക്ക് ചെന്നൈയില്‍ എത്തുന്ന മലയാളികള്‍ക്ക് കെ.ടി.ഡി.സി. റെയിന്‍ ഡ്രോപ്സ് ഹോട്ടലില്‍ മുറിവാടകയില്‍ അനുവദിച്ചിരുന്ന ഇളവ് വെട്ടിക്കുറച്ചു. ഇതോടെ 300 രൂപയും നികുതിയും ഈടാക്കി അനുവദിച്ചിരുന്ന മുറിയ്ക്ക് 1250 രൂപ നല്‍കണം. കഴിഞ്ഞ പത്ത് വര്‍ഷത്തോളമായി നല്‍കിയിരുന്ന ഇളവിലാണ് കത്തിവെച്ചിരിക്കുന്നത്.
സര്‍ക്കാര്‍ ഉത്തരവ് പ്രകാരം മുറിവാടകയുടെ 50 ശതമാനം ഇളവ് അനുവദിക്കാന്‍ മാത്രമേ സാധിക്കുവെന്നാണ് റെയിന്‍ ഡ്രോപ്സ് അധികൃതരുടെ വിശദീകരണം. 2500 രൂപയുടെ മുറിയാണ് പകുതിനിരക്കില്‍ നല്‍കുന്നതെന്നും ഇവര്‍ ചൂണ്ടിക്കാട്ടി. ചികിത്സ, പഠനം, മലയാളികളുടെ കലാ-സാംസ്‌കാരിക പരിപാടികള്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്കായി എത്തുന്നവര്‍ക്ക് വേണ്ടിയാണ് ഇളവ് അനുവദിച്ചിരുന്നത്. ചെന്നൈയിലെ മലയാളി സംഘടനകളുടെ നിരന്തരമായ സമ്മര്‍ദത്തെത്തുടര്‍ന്നായിരുന്നു നടപടി.
സംഘടനകളുടെ ആവശ്യത്തിനായി അഞ്ച് മുറികള്‍ നല്‍കാമെന്ന് 2013-ല്‍ ഹോട്ടലിന്റെ പ്രവര്‍ത്തനം തുടങ്ങുന്നതിന് മുമ്പ് തന്നെ സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നു. ഇതിനായി മുറികള്‍ നിര്‍മിച്ചുവെങ്കിലും പിന്നീട് ഇവ സ്പാ നടത്തുന്നതിന് അനുവദിച്ചു. ഇതിനെതിരേ സംഘടനകള്‍ രംഗത്ത് വന്നതോടെ സാധാരണ ഡീലക്‌സ് മുറികള്‍ തന്നെ 300 രൂപയും നികുതിയും ഈടാക്കി അനുവദിക്കുകയായിരുന്നു. എന്നാല്‍ ഇതിനായി സര്‍ക്കാര്‍ പ്രത്യേക ഉത്തരവ് പുറപ്പെടുവിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇപ്പോള്‍ ഇളവ് കുറച്ചത്.
പഴയ ഉത്തരവില്‍ ഇളവ് 50 ശതമാനമെന്നാണ് പറയുന്നത്. ഇത് പാലിക്കാതെ കൂടുതല്‍ ഇളവ് അനുവദിച്ചത് സി.എ.ജി. കണ്ടെത്തിയിരുന്നു. പിന്നീട് കെ.ടി.ഡി.സി. എം.ഡി. ശിഖാ സുരേന്ദ്രന്റെ നിര്‍ദേശ പ്രകാരം ഇളവ് 50 ശതമാനമായി കുറയ്ക്കുകയായിരുന്നു. സര്‍ക്കാര്‍ ഉത്തരവില്ലാതെ ഇനി 300 രൂപ നിരക്കില്‍ മുറി അനുവദിക്കാന്‍ സാധിക്കില്ലെന്ന് റെയിന്‍ ഡ്രോപ്സ് അധികൃതര്‍ വ്യക്തമാക്കി.
കുറഞ്ഞ നിരക്കില്‍ മുറി അനുവദിക്കുന്നതിനായി അധികാരപ്പെടുത്തിയിരിക്കുന്ന മലയാളിസംഘടന പ്രതിനിധികളെ ഈ വിവരം അറിയിച്ചിട്ടുമുണ്ട്. സംഘടന പ്രതിനിധികള്‍ അടക്കം സാംസ്‌കാരിക പരിപാടികള്‍ക്ക് എത്തുന്നവര്‍ക്ക് 2500 രൂപയുടെ മുറി പകുതിനിരക്കില്‍ ലഭിക്കുന്നത് ലാഭകരമാണ്. എന്നാല്‍ ചികിത്സ തുടങ്ങിയ അടിയന്തരാവശ്യങ്ങള്‍ക്ക്എത്തുന്ന സാധാരണക്കാര്‍ക്ക് തിരിച്ചടിയാണ്.
മുറികള്‍ അനുവദിക്കുന്നത് സംഘടനകളുടെ ശുപാര്‍ശപ്രകാരം
റെയിന്‍ ഡ്രോപ്സില്‍ നാമമാത്രമായ നിരക്കില്‍ മുറികള്‍ അനുവദിക്കുന്നതിന് മേല്‍നോട്ടം വഹിക്കുന്നത് പ്രധാനമലയാളി സംഘടനയുടെ പ്രതിനിധികള്‍ അടങ്ങുന്ന സമിതിയാണ്. സി.ടി.എം.എ., എയ്മ, ഫെയ്മ, മദിരാശി കേരളസമാജം, മദിരാശി മലയാളി സമാജം എന്നീ സംഘടനകളിലെ പ്രതിനിധികളാണ് ഈ സമിതിയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഇവരില്‍ ഒരാളുടെ ശുപാര്‍ശയുമായി എത്തുന്നവര്‍ക്കാണ് മുറി ലഭിക്കുന്നത്. 300 രൂപ നിരക്കിനൊപ്പം 250 രൂപയിലേറെ നികുതിയായും നല്‍കണം. നിരക്ക് 300 രൂപയാണെങ്കിലും നികുതി കണക്കാക്കുന്നത് യഥാര്‍ഥനിരക്കായ 2500 രൂപയ്ക്കാണ്. നികുതികൂടി ചേര്‍ത്ത് 600 രൂപയായിരുന്നു നല്‍കേണ്ടി വന്നിരുന്നത്.
Content Highlights: ktdc rain drops chennai hotel room tariff