പൊന്മുടിയിലേക്ക് കൂടുതൽ KSRTC സർവീസുകൾ; നടപടി തിരക്കേറിയ സാഹചര്യത്തിൽ

#സ്വന്തം ലേഖകന്‍
പൊന്മുടി | Photo - Mathrubhumi archives
പൊന്മുടി | Photo - Mathrubhumi archives

പൊന്മുടി: കെ.എസ്.ആർ.ടി.സി. പ്രിയദർശിനി സ്ത്രീ സൗജന്യയാത്ര പദ്ധതി നടപ്പാക്കിയതോടെ ഓർഡിനറി ബസ്സുകളിൽ തിരക്കേറിയ സാഹചര്യത്തിൽ പൊന്മുടിയിലേക്ക് കെ.എസ്.ആർ.ടി.സി. കൂടുതൽ സർവ്വീസുകൾ ആരംഭിക്കും. തമ്പാനൂർ, വർക്കല എന്നിവിടങ്ങളിൽനിന്നു പൊന്മുടിയിലേക്ക് ഫാസ്റ്റ് ബസ് ഉൾപ്പെടെ സർവീസ് നടത്താനാണ് കെ.എസ്.ആർ.ടി.സി. ആലോചിക്കുന്നത്.

അവധിദിവസങ്ങളിൽ വിതുര ഡിപ്പോയിൽനിന്നു കൂടുതൽ സർവീസുകൾ നടത്താനും തീരുമാനിച്ചതായി ഗതാഗതവകുപ്പ് മന്ത്രി സി.പി. ജോണിന്റെ ഓഫീസ് അറിയിച്ചു.

ഷട്ടിൽ ട്രിപ്പുകൾ ഞായറാഴ്ച തുടങ്ങി. പൊന്മുടി യാത്രയുടെ ദുരിതങ്ങളെക്കുറിച്ച് കഴിഞ്ഞദിവസം മാതൃഭൂമി വാർത്ത പ്രസിദ്ധീകരിച്ചതിന് തൊട്ടുപിന്നാലെയാണ് മന്ത്രി ഇടപെട്ട് പൊന്മുടിയിലേക്ക് കൂടുതൽ സർവീസുകൾ ആരംഭിച്ചത്.

പൊന്മുടിയുടെ വികസന പ്രവർത്തനങ്ങൾക്കുവേണ്ടി ഇത്തവണത്തെ ബജറ്റിൽ നാലുകോടി രൂപ വകയിരുത്തിയിട്ടുണ്ട്. പൊന്മുടിയിലെത്തുന്ന സഞ്ചാരികൾക്കു നേരെ വി.എസ്.എസ്, വനംവകുപ്പ് ജീവനക്കാരുടെ മോശം പെരുമാറ്റത്തെക്കുറിച്ച് അന്വേഷിക്കുമെന്നും നടപടി സ്വീകരിക്കുമെന്നും വനംവകുപ്പ് മന്ത്രിയുടെ ഓഫീസും അറിയിച്ചിട്ടുണ്ട്.

വിതുരയിൽനിന്നുള്ള അവധിദിന സർവീസുകൾ

ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നു അവധിദിവസങ്ങളിൽ പൊന്മുടിയിലേക്ക് നേരിട്ടുള്ള ബസ്സിനുവേണ്ടി കാത്തുനിൽക്കണ്ട. നേരെ വരേണ്ടത് വിതുര ഡിപ്പോയിലേക്കാണ്. പുതുതായി ആറ് സർവീസുകൾ ക്രമീകരിച്ചിട്ടുണ്ട്. നിലവിൽ 10 സർവീസുകളാണ് പൊന്മുടിയിലേക്കുള്ളത്. നിലവിലുള്ള സർവീസുകൾക്ക് പുറമേയാണിത്.

  • രാവിലെ 9.30-നെടുമങ്ങാട്-വിതുര-പൊന്മുടി
  • 11.50-പൊന്മുടി-വിതുര
  • 1.30-വിതുര-പൊന്മുടി
  • 3.15-പൊന്മുടി-വിതുര
  • 4.40-വിതുര-പൊന്മുടി
  • 6.00-പൊന്മുടി-വിതുര

Content Highlights: Additional KSRTC bus services introduced to Ponmudi from Thampanoor, Varkala, and Vithura., Six new shuttle trips added to the existing 10 services to manage holiday crowds., Government allocated 4 crore rupees for Ponmudi development in the current budget., Forest Department to investigate complaints regarding staff behavior toward tourists.