കൊളുക്കുമല ജീപ്പ് സഫാരിക്ക് പോകുന്നവരുടെ ശ്രദ്ധയ്ക്ക്! ഇനിമുതൽ ഓൺലൈൻ ബുക്കിങ് മാത്രം

കൊളുക്കുമല ജീപ്പ് സഫാരിക്കുള്ള ജീപ്പ് ബുക്കിങ് ജനുവരി 15 മുതൽ പൂർണമായും ഓൺലൈൻ സംവിധാനത്തിലേയ്ക്ക് മാറുന്നു. വിനോദസഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും തിരക്ക് നിയന്ത്രിക്കുന്നതിനും സുതാര്യമായ നിരക്ക് സംവിധാനം നടപ്പിലാക്കുന്നതിനും ലക്ഷ്യമിട്ടാണ് ഈ തീരുമാനം.
www.jeepsafarikolukkumalai.com എന്ന വൈബ്സൈറ്റ് മുഖേന ഓൺലൈൻ ബുക്കിങ് സൗകര്യം ലഭിക്കും. ജീപ്പ് സഫാരിക്ക് മൂന്ന് ദിവസം മുൻകൂട്ടി വരെ ഓൺലൈൻ ബുക്കിങ് നടത്താവുന്നതാണെന്ന് ഡി.ടി.പി.സി സെക്രട്ടറി അറിയിച്ചു.
ലോകത്തിലെ ഏറ്റവും ഉയരത്തിൽ തേയിലത്തോട്ടം സ്ഥിതിചെയ്യുന്നത് കൊളുക്കുമലയിലാണ്. സമുദ്രനിരപ്പിൽ നിന്ന് 7900 അടി ഉയരത്തിൽ. സൂര്യോദയം കാണാൻ താല്പര്യമുള്ളവർക്ക് തിരഞ്ഞെടുക്കാവുന്ന കേരളത്തിലെ ഏറ്റവും മികച്ച യാത്രകളിലൊന്നാണ് കൊളുക്കുമല ജീപ്പ് സഫാരി.
മൂന്നാറിന് സമീപമുള്ള സൂര്യനെല്ലിയിൽനിന്നാണ് ജീപ്പ് സഫാരി ആരംഭിക്കുന്നത്. ഓഫ്-റോഡ് ട്രാക്കിലൂടെയുള്ള അതിശയിപ്പിക്കുന്ന ഒരു യാത്രയാണിത്. ഏകദേശം ഒന്നു മുതൽ ഒന്നര മണിക്കൂർ വരെ ജീപ്പിൽ യാത്ര ചെയ്യേണ്ടി വരും. കോടമഞ്ഞിനിടയിലൂടെയുള്ള അതിമനോഹരമായ സൂര്യോദയവും തമിഴ്‌നാട് അതിർത്തിയോട് ചേർന്നുള്ള പർവത നിരകളുടെ സൗന്ദര്യവും കൊളുക്കുമലയിൽ ആസ്വദിക്കാം.
Content Highlights: Book your Kolukkumalai Jeep Safari online from Jan 15! Enjoy breathtaking sunrise & tea gardens. Secure, transparent booking. Plan your trip!