വിദേശ വിനോദസഞ്ചാരികൾക്ക് കൂടുതലിഷ്ടം കൊച്ചി, ആഭ്യന്തരസഞ്ചാരികൾക്ക് പ്രിയം മൂന്നാറിനോട്

#കെ.എ. ബാബു
കൊച്ചി കടമക്കുടിയിൽ നിന്നുള്ള ദൃശ്യം
കൊച്ചി കടമക്കുടിയിൽ നിന്നുള്ള ദൃശ്യം

ആലപ്പുഴ: സംസ്ഥാനത്ത് വിദേശ വിനോദസഞ്ചാരികൾ കൂടുതൽ ഇഷ്ടപ്പെടുന്ന സ്ഥലം കൊച്ചി നഗരം. എന്നാൽ, ആഭ്യന്തര സഞ്ചാരികൾക്ക് ഏറെ പ്രിയങ്കരമായ സ്ഥലം മൂന്നാറാണ്. വിനോദസഞ്ചാര വകുപ്പ് പുറത്തുവിട്ട കൂടുതൽ ഇഷ്ടപ്പെട്ട സ്ഥലങ്ങളുടെ പട്ടികയിലാണിക്കാര്യം. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ സഞ്ചാരികളുടെ എണ്ണത്തിൽ കാര്യമായ വർധനയുണ്ടായിട്ടുണ്ട്.

2021-ൽ കേരളത്തിലെത്തിയത് 60,487 വിദേശ വിനോദസഞ്ചാരികളാണ്. 2025-ൽ 8,21,999 പേരായി ഉയർന്നു. ഇതിൽ ഭൂരിപക്ഷംപേരും സന്ദർശിച്ചത് കൊച്ചിയാണ്. കൊച്ചി കഴിഞ്ഞാൽ തേക്കടി, തിരുവനന്തപുരം, മൂന്നാർ, കുമരകം, കോവളം, ആലപ്പുഴ, ഫോർട്ട്കൊച്ചി, കോഴിക്കോട്, മരട്, കുട്ടനാട്, വർക്കല, ഗുരുവായൂർ, ചൊവ്വര, കൊല്ലം എന്നിവിടങ്ങളിൽ പോകാനാണു താത്പര്യപ്പെട്ടത്.

ആഭ്യന്തര വിനോദസഞ്ചാരികളുടെ എണ്ണവും കൂടിയിട്ടുണ്ട്. 2021-ൽ സഞ്ചാരികളുടെ എണ്ണം 75,37,617 ആയിരുന്നു. 2025-ൽ 2,50,58,366 പേരെത്തി. ഇതിൽ ഭൂരിപക്ഷവും സന്ദർശിച്ചതു മൂന്നാറാണ്.

ആഭ്യന്തര സഞ്ചാരികൾ കൂടുതലെത്തിയ 15 സ്ഥലത്തിന്റെ പട്ടികയും വകുപ്പ് പുറത്തുവിട്ടിട്ടുണ്ട്. ഇതുപ്രകാരം മൂന്നാർ കഴിഞ്ഞാൽ സഞ്ചാരികൾ കൂടുതലെത്തിയത് കൊച്ചി നഗരം, തിരുവനന്തപുരം നഗരം, ഗുരുവായൂർ, കോഴിക്കോട് നഗരം, തേക്കടി, വർക്കല, കോവളം, വയനാട്, ആലപ്പുഴ, പൂക്കോട് തടാകം-വൈത്തിരി, കുമരകം, ഇരിങ്ങൽ-കോട്ടയ്ക്കൽ, പറശ്ശിനിക്കടവ്, വാഗമൺ എന്നിവിടങ്ങളിലാണ്. വിനോദസഞ്ചാര കേന്ദ്രങ്ങളുടെ അടിസ്ഥാനസൗകര്യ വികസനത്തിനു പുറമേ, പ്രചാരണത്തിനും സർക്കാർ വൻതുക മുടക്കിയിട്ടുണ്ട്. ദേശീയ-അന്തർദേശീയ തലത്തിലെ പ്രചാരണത്തിനു മാത്രം അഞ്ചുവർഷത്തിനിടെ ചെലവഴിച്ചത് 343.72 കോടി രൂപയാണ്. അച്ചടി മാധ്യമത്തിനുപുറമേ നവമാധ്യമങ്ങൾ, ടി.വി., സിനിമ എന്നിവ വഴിയാണ് കൂടുതൽ പ്രചാരണം നടത്തിയതെന്ന് വകുപ്പധികൃതർ പറഞ്ഞു. വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ചും മികച്ച പ്രചാരണമുണ്ടായി.

Content Highlights: Kochi is the most preferred destination for foreign tourists in Kerala., Munnar is the top favorite destination for domestic tourists., Significant growth in tourist arrivals observed between 2021 and 2025., Government spent 343.72 crore rupees on national and international promotions over five years.