പൂട്ടിക്കിടക്കുന്ന വീടുകള്‍ 'കെ. ഹോമാ'ക്കി മാറ്റുന്ന പദ്ധതി ഇരുട്ടടിയാകുമോ? ഹോംസ്റ്റേകള്‍ക്ക് ആശങ്ക

പൂട്ടിക്കിടക്കുന്ന വീടുകള്‍ 'കെ. ഹോമാ'ക്കി മാറ്റുമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ബജറ്റ് നിര്‍ദേശം കേരളത്തിലെ ഹോംസ്റ്റേ സംവിധാനത്തിന് തിരിച്ചടിയായേക്കും. ആളില്ലാതെ പൂട്ടിക്കിടക്കുന്ന വീടുകളെ കെ. ഹോമാക്കി മാറ്റാനുള്ള നീക്കം ആശങ്കയാണുണ്ടാക്കുന്നതെന്ന് ഹോംസ്റ്റേ സംരംഭകര്‍ പറയുന്നു.
സംസ്ഥാന ടൂറിസം മേഖലയുടെ അനിവാര്യ ഘടകമായി മാറിയിട്ടുള്ള ഹോംസ്റ്റേകള്‍ ഇപ്പോള്‍ത്തന്നെ പല പ്രതിസന്ധികള്‍ നേരിടുകയാണ്. അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന ഹോംസ്റ്റേകളാണ് ഈ മേഖലയില്‍ കൂടുതല്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത്.
സഞ്ചാരിക്ക് കുടുംബത്തോടൊപ്പം കഴിയാനുള്ള അവസരം സൃഷ്ടിക്കലാണ് ഹോംസ്റ്റേ സംവിധാനം കൊണ്ട് ഉദ്ദേശിക്കുന്നത്. ഹോംസ്റ്റേകളില്‍ നടക്കുന്നത് സാംസ്‌കാരിക വിനിമയമാണ്. നാടിന്റെ ജീവിതം അടുത്തുകാണുക എന്ന ലക്ഷ്യത്തോടെയാണ് സഞ്ചാരികള്‍ താമസത്തിന് ഹോംസ്റ്റേകള്‍ തിരഞ്ഞെടുക്കുന്നത്. എന്നാല്‍, സര്‍ക്കാര്‍ പറയുന്ന കെ. ഹോമില്‍ കുടുംബങ്ങളുണ്ടാവില്ല.
കുടുംബം താമസിക്കാത്ത വീടുകളെ 'കെ. ഹോം' എന്ന് പേരിട്ട് വിനോദസഞ്ചാരികളുടെ മുന്നില്‍ അവതരിപ്പിക്കുന്നത് നിലവിലുള്ള ഹോംസ്റ്റേകളുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
നിലവില്‍ കുടുംബങ്ങള്‍ താമസമില്ലാത്ത വീടുകളില്‍ ഹോംസ്റ്റേ എന്ന ബോര്‍ഡ് സ്ഥാപിക്കുന്നത് സര്‍ക്കാര്‍ വിലക്കിയിട്ടുണ്ട്. ഇങ്ങനെയൊരു വിലക്ക് നിലനില്‍ക്കേ പൂട്ടിക്കിടക്കുന്ന വീടുകള്‍ക്ക് 'കെ. ഹോം' എന്ന് പേര് നല്‍കുന്നത് അതിഥികളില്‍ തെറ്റിദ്ധാരണയുണ്ടാക്കും. കുടുംബങ്ങള്‍ താമസിക്കാത്ത വീടുകളില്‍ അതിഥികളെ താമസിപ്പിക്കുന്ന സംവിധാനത്തിന് 'സര്‍വീസ് വില്ല' എന്നാണ് പറയുന്നത്. സര്‍വീസ് വില്ലകള്‍ക്ക് സര്‍ക്കാര്‍ പ്രവര്‍ത്തനാനുമതി നല്‍കുന്നുമുണ്ട്. എന്നാല്‍, അവര്‍ ഹോംസ്റ്റേ എന്ന ഗണത്തില്‍ വരുന്നില്ല. അവര്‍ ഹോംസ്റ്റേ എന്ന വാക്ക് ഉപയോഗിക്കുന്നത് വിലക്കുന്നുമുണ്ട്.
പൂട്ടിക്കിടക്കുന്ന കെട്ടിടങ്ങള്‍ ടൂറിസ്റ്റുകള്‍ക്കായി നല്‍കുന്ന കാര്യത്തില്‍ എതിര്‍പ്പില്ലെന്നും എന്നാല്‍ അത്തരം കേന്ദ്രങ്ങളെ 'ഹോം' എന്ന വിഭാഗത്തില്‍പ്പെടുത്തുന്നത് കേരളത്തിലെ ഹോംസ്റ്റേ സംരംഭങ്ങള്‍ക്ക് തിരിച്ചടിയായി മാറുമെന്നും കേരള ഹോംസ്റ്റേ ആന്‍ഡ് ടൂറിസം സൊസൈറ്റി ഡയറക്ടര്‍ എം.പി. ശിവദത്തന്‍ പറയുന്നു.
'ഹോം' എന്ന വാക്കാണ് ഹോംസ്റ്റേ സംവിധാനത്തിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. കേരളത്തിലെ ഹോംസ്റ്റേകള്‍ക്ക് വലിയ ഡിമാന്‍ഡുള്ള കാലമാണിത്. ധാരാളം കുടുംബങ്ങള്‍ ഇത് ഒരു വരുമാന മാര്‍ഗമായി മാറ്റിയിട്ടുണ്ട്.
സംസ്ഥാനത്തെ ഹോംസ്റ്റേകള്‍ക്ക് സഹായകരമായ ഒരു നിര്‍ദേശവും ബജറ്റിലില്ല. അതേസമയം തെറ്റിദ്ധാരണ ഉണ്ടാക്കുന്ന വിധത്തില്‍ പുതിയ സംവിധാനം കൊണ്ടുവരുകയും അതിനായി അഞ്ച് കോടി രൂപ നീക്കിവയ്ക്കുകയുമാണ്.
'കെ. ഹോം' എന്ന പ്രയോഗം ഒഴിവാക്കി നിലവിലുള്ള ഹോംസ്റ്റേ സംരംഭങ്ങളെ സംരക്ഷിക്കാന്‍ നടപടി വേണമെന്ന് എം.പി. ശിവദത്തന്‍ ആവശ്യപ്പെട്ടു.
Content Highlights: homestay, kerala tourism