ലോകത്തിൽ ഏറ്റവും തണുപ്പുള്ള പ്രദേശം; ആദ്യമായി ഉമൈക്കോൺ സന്ദർശിച്ച് കേരളത്തിൽ നിന്നുള്ള സംഘം

#Travel Desk
ഉമൈക്കോണ്‍ സന്ദര്‍ശിച്ച കേരളത്തില്‍ നിന്നുള്ള സംഘം.
ഉമൈക്കോണ്‍ സന്ദര്‍ശിച്ച കേരളത്തില്‍ നിന്നുള്ള സംഘം.

ലോകത്തിലെ ഏറ്റവും തണുപ്പുള്ള പ്രദേശമെന്ന് അറിയപ്പെടുന്ന സൈബീരിയയിലെ ഉമൈക്കോൺ സന്ദർശനം പൂർത്തിയാക്കി കേരളത്തിൽനിന്നുള്ള സംഘം തിരിച്ചെത്തി. കേരളത്തിന്റെ ടൂറിസം ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഒരു സംഘം ഉമൈക്കോൺ എന്ന സ്ഥലം സന്ദർശിക്കുന്നതെന്നാണ് വിവരം.

ഉമൈക്കോൺ ടൂറിസം ബോർഡും കേരളത്തിലെ ട്രാവൽ കമ്പനിയായ ബെന്നീസ് റോയൽ ടൂർസും ചേർന്നാണ് ഈ യാത്രയ്ക്കുള്ള അവസരമുണ്ടാക്കിയത്. ടൂറിസം കമ്പനി മേധാവിയായ ബെന്നി പാനികുളങ്ങരയുടെ നേതൃത്വത്തിൽ പത്ത് പേരടങ്ങുന്ന സംഘമാണ് ഉമൈക്കോൺ സന്ദർശനത്തിന് പോയത്. 85 വയസുള്ളയാൾ വരെ ഈ യാത്രയുടെ ഭാഗമായിരുന്നുവെന്നതാണ് കൗതുകം.

മൈനസ് 71 ഡിഗ്രി വരെ തണുപ്പ് രേഖപ്പെടുത്തിയ സ്ഥലം സന്ദർശിച്ച ഈ സംഘത്തിന് ഉമൈക്കോൺ വിന്റർ ഫെസ്റ്റിവലിന്റെ ഭാഗമാകാനും, ക്രിസ്ഖാൻ, സൈബീരിയൻ സാന്താക്ലോസ് എന്നറിയപ്പെടുന്ന ഭൂമിയിലെ രണ്ടാമത്തെ സാന്താക്ലോസിനെ കാണാനും, ലോകത്തിലെ ഏറ്റവും തണുപ്പുള്ള സ്ഥലം സന്ദർശിച്ചതിനുള്ള പ്രശംസാപത്രം അദ്ദേഹത്തിൽ നിന്ന് സ്വന്തമാക്കാനും സാധിച്ചു.

കേരളത്തിൽ നിന്ന് ആദ്യമായാണ് ഇങ്ങനെയൊരു സംഘം ഉമൈക്കോൺ സന്ദർശിക്കുന്നത്. റഷ്യയിൽ സ്റ്റാലിന്റെ കാലത്ത് കുപ്രസിദ്ധിയാർജിച്ച റോഡ് ഓഫ് ബോണസിലൂടെ സൈബീരിയയിൽ എത്തിച്ചേർന്ന സംഘത്തിന് ഉമൈക്കോൺ ടൂറിസം ബോർഡ് വലിയ സ്വീകരണമാണ് ഒരുക്കിയിരുന്നത്. കേരളത്തിലിൽ നിന്ന് അന്റാർട്ടിക്ക, ആർട്ടിക് പര്യവേഷണ യാത്രകൾ സംഘടിപ്പിക്കുന്ന ട്രാവൽ കമ്പനിയാണ് ബെന്നീസ് റോയൽ ടൂർസ്.

ദുബായിയിൽ നിന്ന് ഏപ്രിൽ ഒന്നിന് എമിറേറ്റ്‌സ് വിമാനത്തിൽ കൊച്ചിയിൽ എത്തിയ യാത്ര സംഘത്തിന് വലിയ സ്വീകരണമാണ് നൽകിയത്. കേരളാ ട്രാവൽ മേഖലയ്ക്കായി ടിഎഎഫ്‌ഐ സെൻട്രൽ കമ്മിറ്റിയംഗം പൗലോസ്, ടിഎഎഐ കേരളാ ചാപ്റ്റർ ചെയർപേഴ്‌സൺ ഷേർളി ജോസ്, ട്രാവൽ പ്രൊഫഷണൽ ക്ലബ്ബ് അംഗം ആന്റണി തുടങ്ങി നിരവധിയാളുകൾ സ്വീകരണത്തിൽ പങ്കെടുത്തു.

Content Highlights: First-ever Kerala-based group to visit Oymyakon, Siberia., Experienced temperatures as low as -71 degrees Celsius., Participated in the Oymyakon Winter Festival and met the Siberian Santa Claus., Led by Bennies Royal Tours, specializing in Arctic and Antarctic expeditions., Historic milestone for Kerala's tourism sector in 2026.