കനത്തമഞ്ഞുവീഴ്ചയില് കാശ്മീരില് കുടുങ്ങി; വിനോദസഞ്ചാരികള്ക്ക് തുണയേകി പള്ളി | വീഡിയോ

കനത്ത മഞ്ഞുവീഴ്ചയെ തുടര്ന്ന് കശ്മീരില് കുടുങ്ങിപ്പോയ വിനോദസഞ്ചാരികള്ക്ക് തുണയായി മുസ്ലിം പള്ളി. ശ്രീനഗര്-സോനാമാര്ഗ് ദേശീയപാതയിലെ ഗുന്ദിലെ പള്ളിയാണ് സഞ്ചാരികളെ വരവേറ്റത്. പഞ്ചാബില് നിന്നുള്ള ഒരുഡസനോളം പേര്ക്കാണ് പള്ളി അഭയകേന്ദ്രമായത്. ശനിയാഴ്ച നടന്ന സംഭവത്തിന്റെ ഹൃദയം നിറയ്ക്കുന്ന ദൃശ്യങ്ങള് സാമൂഹികമാധ്യമങ്ങളില് ഇതിനകം വൈറലായി.
സോനാമാര്ഗില് നിന്ന് തിരികെവരികയായിരുന്നു സഞ്ചാരികള്. ഇതിനിടെ വാഹനം കേടാവുകയായിരുന്നു. സമീപത്തൊന്നും ഹോട്ടലുകള് ഉണ്ടായിരുന്നില്ല. അടുത്തുള്ള വീടുകളാകട്ടെ അവരെ സ്വീകരിക്കാന് കഴിയാത്ത വിധം തീരെ ചെറിയവയും. തുടര്ന്നാണ് ഗുന്ദ് നിവാസികള് ജാമിയ മസ്ജിദിന്റെ വാതില് തങ്ങളുടെ അതിഥികള്ക്കായി തുറന്നത്. ശനിയാഴ്ച രാത്രി അവര് പള്ളിയില് സുരക്ഷിതരായി തങ്ങി.
'ഹമാം' അഥവാ നീരാവിയും ചൂടുവെള്ളവുമുള്ള കുളിമുറി ഉള്ളതിനാല് പള്ളി തന്നെയായിരുന്നു അവര്ക്ക് താമസിക്കാനുള്ള മികച്ച സ്ഥലമെന്ന് പ്രദേശവാസിയായ ബഷീര് അഹമ്മദ് പറഞ്ഞു. കശ്മീരിന്റെ സ്നേഹം അനുഭവിച്ചറിഞ്ഞ വിനോദസഞ്ചാരികളും തങ്ങളുടെ സന്തോഷം മറച്ചുവെച്ചില്ല. കശ്മീരിന്റെ ആതിഥേയത്വം അനുഭവിക്കാനായി എല്ലാവരും ഇവിടം സന്ദര്ശിക്കണമെന്നാണ് സഞ്ചാരികളുടെ കൂട്ടത്തിലൊരാള് പറഞ്ഞത്. ഇവിടെയുള്ള മനുഷ്യര് അലിവുള്ളവരാണെന്നും ഇവിടം സുരക്ഷിതമാണെന്നും ഇത് ഭൂമിയിലെ സ്വര്ഗമാണെന്നും അദ്ദേഹം പറഞ്ഞു.
ആതിഥ്യമര്യാദയുടെ ദീര്ഘകാല പാരമ്പര്യത്തെ പ്രതിഫലിപ്പിക്കുന്നതാണ് മാനവികതയുടെ അടയാളമായ ഈ പ്രവൃത്തിയെന്ന് ഹുറിയത്ത് കോണ്ഫറന്സ് ചെയര്മാന് മിര്വൈസ് ഉമര് ഫറൂഖ് എക്സില് കുറിച്ചു. കശ്മീരികള് മനുഷ്യര് മാത്രമല്ല, മനുഷ്യത്വമുള്ളവര് കൂടിയാണെന്നാണ് പി.ഡി.പി. നേതാവ് ഇല്തിജ മുഫ്തി പറഞ്ഞത്. കശ്മീരിനുമേല് മുദ്രചാര്ത്തപ്പെട്ട കഥകള്ക്ക് പകരമായി അവരുടെ ആതിഥേയമര്യാദയെ മാധ്യമങ്ങള് ഉയര്ത്തിക്കാണിക്കണമെന്നും ഇല്തിജ എക്സിലൂടെ ആവശ്യപ്പെട്ടു.
Content Highlights: Kashmir snowfall: Heart warming video of mosque accommodating stranded tourists goes viral