കരിപ്പൂരിൽ 8 കമ്പനികൾ സർവീസ് പുനരാരംഭിച്ചു; യുഎഇയിൽനിന്ന് ചാർട്ടർ വിമാനങ്ങളൊരുക്കി അക്ബർട്രാവൽസ്

കരിപ്പൂർ: പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് കരിപ്പൂരിൽ നിർത്തിവെച്ചിരുന്ന വിമാന സർവീസുകൾ പുനരാരംഭിച്ച് എട്ട് വിമാനക്കമ്പനികൾ. വ്യാഴാഴ്ച ഇവയുടെ 16 സർവീസുകൾ നടത്തി. വെള്ളിയാഴ്ച മുതൽ കൂടുതൽ കമ്പനികൾ സർവീസ് ആരംഭിക്കുമെന്ന് വിമാനത്താവള അധികൃതർ പറഞ്ഞു.
ഇൻഡിഗോ എയർ, സൗദി എയർലൈൻസ്, എയർഇന്ത്യ എക്സ്പ്രസ്, ഫ്ളെ ദുബായ്, ഫ്ളൈ നാസ്, എയർ മസ്കറ്റ് തുടങ്ങിയ കമ്പനികളാണ് വ്യാഴാഴ്ച സർവീസ് നടത്തിയത്. കരിപ്പൂരിൽനിന്നുള്ള 40 സർവീസുകൾ കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. ഗൾഫ് നാടുകളിൽനിന്ന് കരിപ്പൂരിലേക്കുള്ള 21 സർവീസും കരിപ്പൂരിൽനിന്ന് തിരിച്ചുള്ള 19 സർവീസുമാണ് റദ്ദാക്കിയത്.
ചാർട്ടർ വിമാനങ്ങൾ ഒരുക്കി അക്ബർ ട്രാവൽസ്
പൊന്നാനി: പശ്ചിമേഷ്യയിലെ സംഘർഷത്തെത്തുടർന്ന് പ്രതിസന്ധിയിലായ യാത്രക്കാർക്ക് ആശ്വാസവുമായി അക്ബർ ട്രാവൽസ്. യു.എ.ഇ.യിലുള്ള മലയാളികൾക്കായി പ്രത്യേക ചാർട്ടർ വിമാനങ്ങൾ കമ്പനി ഏർപ്പാടാക്കിയത് ഒട്ടേറെപ്പേർക്ക് നാട്ടിലെത്താൻ സഹായകമായി.
186 യാത്രക്കാരുമായി കൊച്ചിയിലേക്കും മുംബൈയിലേക്കും വിമാനങ്ങളെത്തി. യാത്രക്കാരുടെ സുരക്ഷിതവും സമയബന്ധിതവുമായ മടക്കയാത്ര ഉറപ്പാക്കുന്നതിൽ അക്ബർ ട്രാവൽസ് പ്രതിജ്ഞാബദ്ധമെന്ന് അക്ബർ ഗ്രൂപ്പ് സി.എം.ഡി. ഡോ. കെ.വി. അബ്ദുൽനാസർ അറിയിച്ചു. യാത്രക്കാർക്ക് എല്ലാ സഹായവും അദ്ദേഹം വാഗ്ദാനംചെയ്തു.
പ്രത്യേക വിമാനങ്ങൾ ഏർപ്പാടാക്കിയത് വിദേശത്ത് കുടുങ്ങിയ തന്നെപ്പോലുള്ള നിരവധി യാത്രക്കാർക്ക് ഉപകാരപ്രദമായെന്ന് കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ നടി സ്വാസിക പറഞ്ഞു. അബുദാബിയിൽ ഒരു ദിവസത്തെ പരിപാടിക്കായി പോയ നടി അവിടെ കുടുങ്ങുകയായിരുന്നു.
Content Highlights: 8 airlines have resumed flight services at Karipur Airport following a halt due to Middle East tensions., Airlines like IndiGo, Saudia, Air India Express, and Flydubai are among those that have restarted operations., Akbar Travels has organized special charter flights from the UAE to Kochi and Mumbai for stranded passengers