കൽപാത്തിക്ക് പോകലാമാ..; ഗ്രാമദേവതകൾക്ക് ഇന്ന് രഥാരോഹണം, മൂന്നാം നാൾ രഥസംഗമം

#വി. ഹരിഗോവിന്ദന്‍
കല്പാത്തി രഥോത്സവത്തിന്റെ ഒന്നാംതേരിന്റെ തലേദിവസമായ വെള്ളിയാഴ്ച കല്പാത്തി തേരുമുട്ടിയിലെ തിരക്ക് | ഫോട്ടോ: അരുൺ കൃഷ്ണൻകുട്ടി
കല്പാത്തി രഥോത്സവത്തിന്റെ ഒന്നാംതേരിന്റെ തലേദിവസമായ വെള്ളിയാഴ്ച കല്പാത്തി തേരുമുട്ടിയിലെ തിരക്ക് | ഫോട്ടോ: അരുൺ കൃഷ്ണൻകുട്ടി

പാലക്കാട്: 'പവനരച്ചെഴുതുന്നു കോലങ്ങളെന്നും...' മേലാർകോട് ഗ്രാമക്കാരനായ എസ്. ബാലകൃഷ്ണൻ ഈണമിട്ട ഈ വരികൾ ഒരിക്കലെങ്കിലും കേൾക്കാത്ത മലയാളിയുണ്ടാവില്ല. 'വിയറ്റ്‌നാം കോളനി' എന്ന മോഹൻലാൽചിത്രത്തിലെ വരികൾ കല്പാത്തിയിലെ പുലരികൾ മനസ്സിൽ നിറയ്ക്കും. തമിഴ് ആചാരത്തനിമയാണ് വീടിനുമുൻപിലണിയുന്ന പൊടിക്കോലം. സൂര്യനുദിക്കുംമുൻപേ 'നടുവാശലിൽ' മംഗളസൂചകമായി കോലംവരയ്ക്കും. തലമുറകളായി കൈമാറിവരുന്ന കലാവിരുത്. ഉത്സവനാളുകളിൽ കളർപൊടികളുംമറ്റും ഉപയോഗിച്ച് കോലത്തിന് വലുപ്പം കൂടും. അരിമാവുകൊണ്ടുള്ള മാക്കോലങ്ങളും അണിയും.

പാലക്കാടൻ അഗ്രഹാരങ്ങളിലെ ഉത്സവങ്ങൾക്ക് പുതുക്കോട്ടെയും കൊടുന്തിരപ്പുള്ളിയിലെയും നവരാത്രി ഉത്സവങ്ങളോടെയാണ് തുടക്കം. കല്പാത്തി തേരുകഴിഞ്ഞാൽ പിന്നെ തൃക്കാർത്തികയായി. ധനുമാസത്തിൽ തിരുവാതിരനാൾ കൊടുവായൂരും അയിലൂരും ചൊക്കനാഥപുരത്തും ഉത്സവമൂർത്തികൾ രഥാരോഹണം നടത്തും. മേടത്തിൽ അഗ്രഹാരങ്ങളിൽ വസന്തോത്സവവേളയാണ്. കുമരപുരം, ഗോവിന്ദരാജപുരം, ശേഖരീപുരം, തൊണ്ടികുളം, നൂറണി, ആലമ്പള്ളം പെരുമാൾകോവിൽ എന്നിവിടങ്ങളിലെല്ലാം രഥോത്സവമുണ്ട്. മകരത്തിൽ നൊച്ചൂരിലാണ് ഭഗവതിക്ക് രഥോത്സവം നടക്കുന്ന ഏക കേന്ദ്രം.

ഉത്സവത്തിന് കൊടിയേറും മുൻപുതന്നെ ക്ഷേത്രങ്ങളിലും ചടങ്ങുകളാരംഭിക്കും. ഓരോ ഗ്രാമത്തിലും കൊടിയേറുന്നതിന്റെ തലേന്നാൾ വാസ്തുശാന്തി, പ്രതിസരം തുടങ്ങിയ ചടങ്ങുകളുണ്ടാവും. വൈദികകാര്യങ്ങളിലെ അവസാനവാക്ക് ഗ്രാമപുരോഹിതരുടേതാണ്. കൊടിയേറ്റംതന്നെ ആചാരപരമായ ചടങ്ങുകളോടെയാണ്. വൈഷ്ണവക്ഷേത്രങ്ങളിൽ വൈഖാനസ ആഗമവിധിപ്രകാരമാണ് ചടങ്ങുകൾ.

ശിവക്ഷേത്രങ്ങളിലും മന്തക്കര മഹാഗണപതി ക്ഷേത്രത്തിലുമെല്ലാം കാമികാഗമം എന്നറിയപ്പെടുന്ന ശൈവാഗമവിധിയാംവണ്ണമാണ് ചടങ്ങുകളെന്ന് പാലക്കാട്ടെ മുതിർന്ന വൈദികരിലൊരാളും തന്ത്രിയുമായ കുമരപുരം രാമഗോവിന്ദ ഭട്ടാചാര്യർ പറയുന്നു. കൊടിയേറിയാൽ രഥോത്സവംവരെയുള്ള നാളുകളിൽ ഹംസം, മൃഗേന്ദ്രൻ (സിംഹം), കപിരാജ (ഹനുമാൻ), വിഹഗനാഥ (ഗരുഡൻ), ഫണീന്ദ്രൻ, കരിരാജ, പുഷ്പയാനം, അശ്വം എന്നീ ക്രമത്തിൽ ദേവവാഹനങ്ങളിൽ ഉത്സവമൂർത്തികൾ എഴുന്നള്ളും. രഥപ്രയാണത്തിനുശേഷം പല്ലക്കിലും എഴുന്നള്ളത്തുണ്ടാവുമെന്ന് ഭട്ടാചാര്യർ പറഞ്ഞു.

പുതിയകല്പാത്തിയിൽ രഥാരോഹണത്തിനു മുന്നോടിയായുള്ള എഴുന്നള്ളത്തുകളിൽ ഏറ്റവും പ്രധാനം അശ്വവാഹനംതന്നെ. പഴയകല്പാത്തിയിൽ ആഞ്ജനേയവാഹനവും ഗരുഡവാഹനവും ചാത്തപുരത്ത് മൂഷിക വാഹനവുമേറി ഉത്സവമൂർത്തികളെഴുന്നള്ളുമ്പോൾ അഗ്രഹാരങ്ങൾ ഭക്തിനിർഭരമാവും. വിശാലാക്ഷീസമേത വിശ്വനാഥസ്വാമി ക്ഷേത്രത്തിൽ ഋഷഭവാഹനത്തിനുപുറമേ, ഗണപതിക്ക് മൂഷികവാഹനവും സുബ്രഹ്‌മണ്യസ്വാമിക്ക് മയിൽവാഹനവുമായി ചെറിയ രഥങ്ങളിലാണ് എഴുന്നള്ളത്ത്.

ദിവസേനെയുള്ള എഴുന്നള്ളത്തുകൾക്ക് അലങ്കാരത്തിന് ശരാശരി നൂറുകിലോയിലേറെ പൂക്കൾ വേണ്ടിവരുമെന്ന് പഴയകല്പാത്തി ക്ഷേത്രം മാനേജിങ് ട്രസ്റ്റി സി.എസ്. മഹേഷ് പറയുന്നു. രാത്രി എഴുന്നള്ളത്തുകൾ വീടുകൾക്കു മുൻപിലെത്തുമ്പോൾ മണ്ഡലപ്പടിയെന്നറിയപ്പെടുന്ന നിവേദ്യം തയ്യാറാക്കി ദേവതകൾക്ക് സമർപ്പിക്കും. പിന്നെ ഗ്രാമവീഥിയിലെത്തുന്ന ഭക്തർക്ക് പ്രസാദമായി നൽകും. ലഡു, ജിലേബി, വട, ബജി തുടങ്ങിയവയുടെ നാടൻരുചിയറിയാനുള്ള അവസരംകൂടിയാവുമിത്. പഴയകല്പാത്തിയുടെ ആഞ്ജനേയവാഹന അലങ്കാരത്തിൽ അണിയിക്കുക പതിനായിരത്തിലേറെ ഉഴുന്നുവടകളാണ്.

പൈതൃകപ്പെരുമയിൽ കൽപാത്തിയിൽ ഇന്ന് രഥാരോഹണം

പൈതൃകഗ്രാമമായ കല്പാത്തിയുടെ ഗ്രാമദേവതകൾക്ക് ഇന്ന് രഥാരോഹണം. ഇനി മൂന്നുദിവസം കല്പാത്തി അഗ്രഹാരവീഥികൾ തേരുകളെ വലംവെച്ച് ഒഴുകുന്ന ജനനദിയാവും. തിങ്കളാഴ്ച സന്ധ്യയ്ക്ക് തേരുമുട്ടിയിൽ ദേവരഥങ്ങൾ സംഗമിക്കുവോളം തേരുകൊട്ടിനൊപ്പം ചുവടുകൾവെച്ചും തലമുറകൾ നിറംചാർത്തിയ ഉത്സവനിമിഷങ്ങളെ സ്വന്തമാക്കിയും ഉത്സവപ്രേമികൾ ആനന്ദിക്കും.

ആദ്യദിനമായ ശനിയാഴ്ച വിശാലാക്ഷീസമേത വിശ്വനാഥസ്വാമിക്ഷേത്രത്തിലെ മൂന്നുരഥങ്ങളാണ് പ്രയാണമാരംഭിക്കുക. രണ്ടാംനാളായ ഞായറാഴ്ച പുതിയകല്പാത്തി മന്തക്കര മഹാഗണപതിക്ഷേത്രത്തിലെ രഥം വീഥിയിലെത്തും. മൂന്നാംനാൾ പഴയകല്പാത്തി, ചാത്തപ്പുരം ഗ്രാമദേവതകളുടെ രഥങ്ങളും പ്രയാണമാരംഭിക്കും. തിങ്കളാഴ്ച സന്ധ്യയ്ക്ക് രഥങ്ങൾ തേരുമുട്ടികടന്ന് പുതിയകല്പാത്തി ഗ്രാമവീഥിയിൽ മുഖാമുഖമെത്തുന്നതോടെ രഥസംഗമവേളയായി. വിശ്വാസികൾ കാത്തിരിക്കുന്ന നിമിഷവും അതാണ്.

ശനിയാഴ്ച രാവിലെ ഏഴുമുതൽ രഥോത്സവത്തിന്റെ ഭാഗമായ ഉപനിഷദ് പാരായണം, വേദപാരായണം എന്നിവയാരംഭിക്കും. വേദപാരായണ സമാപ്തിക്കുശേഷം രാവിലെ പത്തുമുതൽ വിശ്വനാഥസ്വാമിയുടെയും വിശാലാക്ഷി അമ്മന്റെയും തിരുകല്യാണ ഉത്സവമാണ്. തിരുകല്യാണത്തിനുശേഷം മംഗളവാദ്യത്തിന്റെയും വേദഘോഷങ്ങളുടെയും അകമ്പടിയിൽ പുറത്തേക്കെഴുന്നള്ളിക്കും. മായാവരത്തെ ഉത്സവത്തിനുസമാനമായ ചടങ്ങുകളോടെയാണ് കല്പാത്തിയിലും രഥോത്സവം.

പാലക്കാട്ടുശ്ശേരി രാജപ്രതിനിധിയും ക്ഷേത്രം ടസ്റ്റിയുമായ വി.കെ. ചന്ദ്രശേഖരവർമയുടെ പ്രതിനിധിയും മാനേജിങ് ട്രസ്റ്റിയുമായ വി.കെ. സുജിത്കുമാർവർമയുടെയും ഗ്രാമജനങ്ങളുടെയും നേതൃത്വത്തിൽ ആചാരത്തികവോടെയാണ് പുറത്തേക്കെഴുന്നള്ളിക്കൽ. രഥാരോഹണശേഷം കിഴക്കുദിശയിലേക്ക് കുറച്ചുദൂരം രഥങ്ങൾ വലിച്ചുനീക്കും. ഉച്ചയ്ക്ക് 11.45 -നും 12.15-നുമിടയിലാണ് രഥാരോഹണം. വൈകീട്ട് നാലിന് രഥപ്രയാണം പുനരാരംഭിക്കും. ആദ്യദിവസം മന്തക്കര മഹാഗണപതിക്ഷേത്രത്തിനുമുൻപിലെത്തി യാത്ര തുടർന്ന് അച്ചൻപടിക്ക് സമീപമെത്തി രഥങ്ങൾ നിലകൊള്ളും. വൈകീട്ടത്തെ പൂജകൾ ഇവിടെയാണ്. രണ്ടാംതേരുനാളിൽ വൈകീട്ട് നാലിന് മൂന്നുരഥങ്ങളും അച്ചൻപടിയുടെ സമീപത്തുനിന്ന് പ്രയാണം പുനരാരംഭിക്കും.

പുതിയകല്പാത്തിയിൽ ഇന്ന് അശ്വവാഹനം

പുതിയകല്പാത്തി മന്തക്കര മഹാഗണപതിക്ഷേത്രത്തിൽ ശനിയാഴ്ച രാത്രിയിലെ എഴുന്നള്ളത്ത് അശ്വവാഹനത്തിലാണ്. പാരമ്പര്യത്തികവോടെയാണ് അശ്വവാഹനം അണിയിച്ചൊരുക്കുക. രാവിലെ ആറിന് യാഗശാലാപൂജകളാരംഭിക്കും. എട്ടിന് വേദപാരായണം, രുദ്രാഭിഷേകം, 11-ന് കലശാഭിഷേകം, വൈകീട്ട് 6.45-ന് രുദ്രക്രമാർച്ചന എന്നിവയ്ക്കുശേഷം അശ്വവാഹനത്തിൽ എഴുന്നള്ളത്താരംഭിക്കും.

പഴയകല്പാത്തിയിൽ മോഹിനി അലങ്കാരം

പഴയകല്പാത്തി ലക്ഷ്മീനാരായണപെരുമാൾ ക്ഷേത്രത്തിൽ ശനിയാഴ്ചത്തെ എഴുന്നള്ളത്ത് മോഹിനി അലങ്കാര രൂപത്തിലാണ്. അമൃതകലശവുമായുള്ള രൂപത്തിലാണ് അലങ്കാരം. രാവിലെ എട്ടരയ്ക്ക് വിഘ്‌നേശ്വരപൂജ, സങ്കൽപ്പം, 11-ന് കളഭാഭിഷേകം, രാത്രി എട്ടരയ്ക്ക് എഴുന്നള്ളത്ത് എന്നിവയുണ്ട്.

ചാത്തപുരത്ത് മൂഷികവാഹനം

ചാത്തപുരം പ്രസന്നമഹാഗണപതിക്ഷേത്രത്തിൽ ശനിയാഴ്ച മൂഷികവാഹനത്തിലാണ് എഴുന്നള്ളത്ത്. രാവിലെ എട്ടരയ്ക്ക് യാഗശാലാ പുണ്യാഹം, യാഗശാലാപൂജ എന്നിവയാരംഭിക്കും. അഗ്‌നി ആരാധന, ചതുർവേദ പാരായണം, 11-ന് ഉത്സവബലി, വൈകീട്ട് ആറിന് യാഗശാലാപൂജ, ഏഴിന് പുഷ്പാഭിഷേകം, ചതുർവേദ പാരായണം എന്നിവയ്ക്കുശേഷം രാത്രി ഒൻപതിന് എഴുന്നള്ളത്താരംഭിക്കും

Content Highlights: Detailed schedule of the 2026 Kalpathy Ratholsavam and chariot processions, Traditional rituals, Vedic chanting, and temple ceremonies across Palakkad agraharams, Highlights of the iconic Therusangamam and divine vahanas