തേരുരുളാന്‍ ഇനി ദിവസങ്ങള്‍ മാത്രം; രഥോത്സവത്തിനൊരുങ്ങി കല്പാത്തി

കല്‍പ്പാത്തി രഥോത്സവം | (ഫയല്‍ ചിത്രം) ഫോട്ടോ: അരുണ്‍ കൃഷ്ണന്‍കുട്ടി
കല്‍പ്പാത്തി രഥോത്സവം | (ഫയല്‍ ചിത്രം) ഫോട്ടോ: അരുണ്‍ കൃഷ്ണന്‍കുട്ടി

ത്സവക്കാഴ്ചകള്‍ക്കായി കല്പാത്തി ഒരുങ്ങുകയാണ്. തേരുരുളാന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കി. 14 മുതല്‍ 16 വരെയാണ് കല്പാത്തി രഥോത്സവം. ഉത്സവത്തിന്റെ പ്രധാനകേന്ദ്രമായ കുണ്ടമ്പലത്തിലെ മൂന്നു തേരുകള്‍ ചമയിച്ചൊരുക്കാനായി ബുധനാഴ്ച കൂടഴിച്ച് പുറത്തിറക്കി. ഏഴിനാണ് അഗ്രഹാരങ്ങളില്‍ വാസ്തുശാന്തി. എട്ടിന് ഉത്സവത്തിന് കൊടിയേറും. അതിനുമുമ്പ് പ്രധാനതേരുകളുടെ പണികള്‍ പൂര്‍ത്തിയാക്കി, ചപ്രം പൂജിച്ച് തേരില്‍ കയറ്റും.

ബുധനാഴ്ച രാവിലെയാണ് പൂജകള്‍ക്കുശേഷം മൂന്ന് രഥങ്ങള്‍ പുറത്തിറക്കിയത്. ചക്രങ്ങളില്‍ ഗ്രീസിടലും അച്ചാണിയുറപ്പിക്കലും ഉള്‍പ്പെടെ വരുംദിവസങ്ങളില്‍ പൂര്‍ത്തിയാക്കും. വിശാലാക്ഷീസമേത വിശ്വനാഥസ്വാമിയുടെ രഥം, ഗണപതിത്തേര്, സുബ്രഹ്‌മണ്യസ്വാമിയുടെ തേര് എന്നിവയാണ് വിശാലാക്ഷീസമേത വിശ്വനാഥസ്വാമി ക്ഷേത്രത്തിലെ ദേവരഥങ്ങള്‍. അറ്റകുറ്റപ്പണികളുടെ ഭാഗമായി സുബ്രഹ്‌മണ്യസ്വാമിയുടെ തേരിന്റെ പീഠം ഉറപ്പിക്കലും നടക്കും.

 ഫോട്ടോ: അഖില്‍ ഇ.എസ്

കല്പാത്തിയുടെ സ്വന്തം രഥോത്സവം

കേരളത്തിലെ പാലക്കാട് ജില്ലയിലുള്ള കല്പാത്തി ഗ്രാമത്തിലെ ക്ഷേത്രത്തില്‍ എല്ലാ വര്‍ഷവും നടക്കുന്ന ഒരു ഉത്സവമാണ് കല്പാത്തി രഥോത്സവം. ശ്രീ വിശാലാക്ഷി സമേത ശ്രീ വിശ്വനാഥസ്വാമി ക്ഷേത്രത്തിലാണ് രഥോത്സവം നടക്കുന്നത്. ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠകള്‍ വിശ്വനാഥപ്രഭുവും (പരമശിവന്‍) അദ്ദേഹത്തിന്റെ പത്നിയായ വിശാലാക്ഷിയും (പാര്‍വ്വതി) ആണ്.

എല്ലാ വര്‍ഷവും നടത്തുന്ന പത്തുദിവസത്തെ രഥോത്സവം നവംബര്‍ മാസത്തിലാണ് (മലയാള മാസം തുലാം 28,29,30) നടക്കുക. കേരളത്തിലെ ക്ഷേത്രോത്സവങ്ങളില്‍ ഏറ്റവും ആകര്‍ഷകമായ ഉത്സവങ്ങളില്‍ ഒന്നാണ് ഇത്. വേദ പാരായണവും കലാ സാംസ്‌കാരിക പരിപാടികളും രഥോത്സവത്തിന്റെ ആദ്യത്തെ നാലുദിവസം ക്ഷേത്രത്തില്‍ നടക്കുന്നു. ക്ഷേത്രത്തിന് 700 വര്‍ഷത്തോളം പഴക്കം ഉണ്ടെന്നാണ് കരുതപ്പെടുന്നത്. അവസാനത്തെ മൂന്നുദിവസം അലങ്കരിച്ച രഥം തെരുവുകളിലൂടെ ക്ഷേത്രത്തിലേക്ക് വലിക്കുവാനായി ആയിരക്കണക്കിന് ഭക്തജനങ്ങള്‍ എത്തിച്ചേരുന്നു.

പുരാതനമായ ഈ ക്ഷേത്രം നിളാനദി എന്നും അറിയപ്പെടുന്ന കല്പാത്തിപ്പുഴയുടെ തീരത്താണ്. ക്ഷേത്രം 1425 എ.ഡി യില്‍ നിര്‍മ്മിച്ചു എന്നാണ് വിശ്വസിക്കുന്നത്. വടക്കേ ഇന്ത്യയിലെ വാരണാസിയിലുള്ള പ്രശസ്തമായ കാശി വിശ്വനാഥ ക്ഷേത്രവുമായുള്ള സാമ്യം കാരണം കാശിയില്‍ പകുതി കല്പാത്തി എന്ന് പഴഞ്ചൊല്ലു തന്നെയുണ്ട്. ബ്രാഹ്‌മണരുടെ അഗ്രഹാരങ്ങള്‍ സ്ഥിതിചെയ്യുന്ന കല്പാത്തി ഗ്രാമം കേരളത്തിലെ ആദ്യത്തെ തമിഴ് ബ്രാഹ്‌മണ കുടിയേറ്റ സ്ഥലങ്ങളില്‍ ഒന്നാണ്.

Content Highlights: Kalpathi Ratholsavam the chariot festival palakkad