ഇടുക്കിയിലെ ജീപ്പ് സഫാരിക്ക് നിയന്ത്രണങ്ങളോടെ അനുമതി, 9 റൂട്ടുകളിൽ ആദ്യഘട്ടത്തിൽ പ്രവർത്തനം തുടരാം

ഇടുക്കി ജില്ലയിൽ സുരക്ഷാഭീഷണിയെ തുടർന്ന് ഈ മാസം അഞ്ച് മുതൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്ന ജീപ്പ് സഫാരി, ഓഫ്-റോഡ് പ്രവർത്തനങ്ങൾ ചൊവ്വാഴ്ച (ജൂലൈ 16) മുതൽ ഘട്ടം ഘട്ടമായി പുനരാരംഭിക്കുന്നതിന് ജില്ലാ കളക്ടർ ഉത്തരവിട്ടു. ഇടുക്കി, ദേവികുളം സബ്ഡിവിഷന് കീഴിലുള്ള ഒൻപത് റൂട്ടുകൾക്കാണ് ആദ്യഘട്ടത്തിൽ പ്രവർത്തനങ്ങൾ തുടരുന്നതിന് അനുമതി നൽകുന്നത്.
കേരള അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റി (കെഎടിപിഎസ്) സുരക്ഷാ മാനദണ്ഡങ്ങളും റൂട്ട് അടിസ്ഥാനമാക്കിയുള്ള അനുമതികളും പാലിച്ചായിരിക്കണം പ്രവർത്തനം. റൂട്ടുകളും സുരക്ഷാ മാനദണ്ഡങ്ങളും നിർണയിക്കുന്നതിനായി ഇടുക്കി ദേവികുളം സബ് കളക്ടർമാർ അധ്യക്ഷരായി റൂട്ട് മോണിറ്ററിങ് ആന്റ് റെഗുലേഷൻ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. റീജ്യണൽ ട്രാൻസ്‌പോർട്ട് ഓഫീസർ (ആർടിഒ), റീജ്യണൽ ട്രാൻസ്‌പോർട്ട് ഓഫീസർ എൻഫോഴ്‌സ്‌മെന്റ്, അതത് പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർമാർ, പഞ്ചായത്ത് സെക്രട്ടറിമാർ, ഡിടിപിസി സെക്രട്ടറി എന്നിവർ ഈ കമ്മിറ്റികളിൽ അംഗമാണ്.
കമ്മിറ്റികൾ റൂട്ടുകൾ പരിശോധിച്ച് ഏതു തരം വാഹനങ്ങൾ (2x2/4x4) ഓടിക്കണമെന്നത് നിർദേശിക്കും. കൂടാതെ വാഹനങ്ങൾ, ഡ്രൈവർമാർ, യാത്രകളുടെ എണ്ണം എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കും. നിയന്ത്രണം, സുരക്ഷ, ഡിജിറ്റൽ ബുക്കിങ്, ചാർജ് എന്നിവ വിശദീകരിച്ച് ഡിടിപിസിക്ക് റൂട്ട് തിരിച്ചുള്ള നിർദേശങ്ങൾ ജൂലായ് 15-ന് സമർപ്പിക്കും. വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ തിങ്കളാഴ്ച മുതൽ ജില്ലാതല രജിസ്‌ട്രേഷൻ ഡ്രൈവ് നടത്തും. നിർദിഷ്ട നിബന്ധനകൾ പാലിച്ചിരിക്കുന്ന ഓപ്പറേറ്റർമാർക്ക് മാത്രമേ 16 മുതൽ പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ അനുവാദം നൽകൂ.
വാഹനമോടിക്കുന്നയാൾക്ക് സാധുവായ ഡ്രൈവിങ് ലൈസൻസും കുറഞ്ഞത് മൂന്ന് വർഷത്തെ പരിചയവും വേണം. കൂടാതെ മെഡിക്കൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ്, പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് എന്നിവയുമുണ്ടാകണം.വാഹന ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ്, ഇൻഷ്വറൻസ്, ഡിടിപിസി രജിസ്‌ട്രേഷൻ, ഫയർ എക്സ്റ്റിംഗ്വിഷർ, ഫസ്റ്റ് എയ്ഡ് കിറ്റ്, ജിപിഎസ്, സിപീഡ് ഗവർണർ, യാത്രക്കാർക്ക് സീറ്റ് ബെൽറ്റുകൾ എന്നിവ നിർബന്ധമാണ്. രജിസ്റ്റർ ചെയ്യാത്തതോ അംഗീകാരമില്ലാത്തതോ ആയ ഒരു വാഹനത്തെയും ഡ്രൈവറെയും പ്രവർത്തിക്കാൻ അനുവദിക്കില്ല.
യാത്രയുടെ സ്വഭാവമനുസരിച്ച് റൂട്ട് മോണിറ്ററിംഗ് കമ്മിറ്റി തീരുമാനിക്കുന്ന പ്രകാരം ട്രിപ്പുകൾ രാവിലെ നാല് മണിക്കും വൈകുന്നേരം ആറ് മണിക്കും ഇടയിലുള്ള സമയത്തായിരിക്കണം. ടിക്കറ്റ് വരുമാനത്തിന്റെ ഒരു ഭാഗം ഡ്രൈവർമാരുടെ മെഡിക്കൽ/അപകട ഇൻഷുറൻസ് പരിരക്ഷയ്ക്കായി ഡ്രൈവർ വെൽഫെയർ ഫണ്ടിലേക്ക് മാറ്റിവെക്കാനും നിർദേശമുണ്ട്.
ഏപ്രിലും ഒക്ടോബറിലും വർഷത്തിൽ രണ്ടുതവണ വാഹനങ്ങൾക്ക് നിർബന്ധിത സുരക്ഷാ ഓഡിറ്റും പെർമിറ്റ് പുതുക്കലും ഫിറ്റ്‌നസ് പരിശോധനയും നടത്തും. നിബന്ധനകൾ ലംഘിക്കുന്നവർക്ക് കടുത്ത ശിക്ഷണ നടപടികൾ നേരിടേണ്ടി വരും. അലംഭാവം മൂലമുള്ള അപകടങ്ങളിൽ രജിസ്‌ട്രേഷൻ സസ്‌പെൻഡ് ചെയ്യുകയും നിയമനടപടികൾ കൈക്കൊള്ളുകയും ചെയ്യും. കാലാവസ്ഥാ മുന്നറിയിപ്പുകൾ ഉള്ളപ്പോൾ പ്രവർത്തനങ്ങൾ സ്വയമേവ നിർത്തിവെക്കണം. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അംഗീകാരം ലഭിച്ചതിന് ശേഷം മാത്രമേ പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ പാടുള്ളൂ.
Content Highlights: Jeep safari in Idukki permitted with restrictions