പ്രയാസമില്ലാതെ ജീവിക്കാന്‍ കഴിയുന്ന കാലാവസ്ഥ; ആനകളുടെ ഇഷ്ടസങ്കേതമായി ബന്ദിപ്പുര്‍, നാഗര്‍ഹോളെ വനമേഖല

#Photos: Azeez Mahe
-
-

മൈസൂരു: ആനകളുടെ ഇഷ്ടസങ്കേതമായി കര്‍ണാടകയിലെ ബന്ദിപ്പുര്‍, നാഗര്‍ഹോളെ വനമേഖല മാറുന്നു. ഈ മേഖലയില്‍ വിഹരിക്കുന്നത് 30,000-ഓളം ആനകള്‍. ബന്ദിപ്പൂര്‍ കടുവസങ്കേതത്തിന്റെ ഡയറക്ടര്‍ ടി. ബാലചന്ദര്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ലോക ആനദിനത്തോടനുബന്ധിച്ച് മൈസൂരു സര്‍വകലാശാല സംഘടിപ്പിച്ച സെമിനാറിലാണ് അദ്ദേഹം ഇതുസംബന്ധിച്ച കണക്ക് നിരത്തിയത്.

ഏഷ്യന്‍ ആനകള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട ജീവിത പരിസ്ഥിതിയാണ് ബന്ദിപ്പുര്‍, നാഗര്‍ഹോളെ വനമേഖലയിലേത്. ഓരോ ഏഴ് ചതുരശ്ര കിലോമീറ്റര്‍ വനഭാഗത്തും രണ്ട് കാട്ടാനയും ഒരു കടുവയും ഒരു പുള്ളിപ്പുലിയും വിഹരിക്കുന്നുണ്ടെന്നാണ് കണക്കെന്നും അദ്ദേഹം പറഞ്ഞു. കാട്ടാനകള്‍ക്ക് പ്രയാസമില്ലാതെ ജീവിക്കാന്‍ കഴിയുന്ന കാലാവസ്ഥ, മുളങ്കാടുകളും പുല്‍മേടുകളും നിറഞ്ഞ കാട് എന്നിവയും കൂടുതല്‍ ആനകള്‍ക്ക് വേണ്ടുന്ന അളവില്‍ ഭക്ഷണവും വെള്ളവും ലഭിക്കുന്നതും ഈ വനമേഖലയെ കാട്ടാനകളുടെ ഇഷ്ടസങ്കേതമാക്കി മാറ്റുന്നു.

ആനക്കൊമ്പിനായുള്ള വേട്ടയും ആനകളുടെ വാസകേന്ദ്രങ്ങളിലേക്കുള്ള മനുഷ്യന്റെ കൈയേറ്റങ്ങളും ഇവയ്ക്ക് ഭീഷണിയുയര്‍ത്തുന്നുണ്ട്. ആനകളെ വൈദ്യുതാഘാതമേല്‍പ്പിച്ചും വിഷം നല്‍കിയും മറ്റും കൊല്ലുന്നതും ഭീഷണിയാണ്.

കാട്ടാനകളെ സംരക്ഷിക്കുന്നതിനുള്ള പദ്ധതി വന്നതോടെ ഇതിനെല്ലാം കുറവ് വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കര്‍ണാടകത്തില്‍ ഏറ്റവുമധികം കടുവകളുള്ളതും ബന്ദിപ്പുര്‍, നാഗര്‍ഹോളെ വനമേഖലയിലാണ്. വന്യജീവി സ്‌നേഹികളുടെ ഇഷ്ടസ്ഥലങ്ങളാണിവ. മാന്‍, പുലി, കാട്ടുപോത്ത് തുടങ്ങിയവയും ഈ വനമേഖലയില്‍ ധാരാളമായുണ്ട്. അടുത്ത കാലത്തായി കരിമ്പുലിയുടെ സാന്നിധ്യവും കണ്ടെത്തിയിരുന്നു.

Content Highlights: Indian Elephants, Bandipur National Park, Nagarhole National Park And Tiger Reserve, Travel News

Content Highlights: