ശ്രീലങ്കയിലെ കടൽത്തീരം അദ്ഭുതപ്പെടുത്തി, ഇന്ത്യക്കാർ എന്നാണ് ഇതെല്ലാം പഠിക്കുക-ചർച്ചയായി വീഡിയോ

മെഹക് പങ്കുവെച്ച വീഡിയോയില്‍ നിന്ന്‌ | Photo: instagram/ mehaik
മെഹക് പങ്കുവെച്ച വീഡിയോയില്‍ നിന്ന്‌ | Photo: instagram/ mehaik

ഇന്ത്യയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലും പൊതുവിടങ്ങളിലുമുള്ള വൃത്തിക്കുറവിനെ കുറിച്ച് പലപ്പോഴും വിനോദസഞ്ചാരികൾ സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ പങ്കുവെയ്ക്കാറുണ്ട്. ഇതുമായി ബന്ധപ്പെട്ട് വലിയ ചർച്ചകളും നടക്കാറുമുണ്ട്. അത്തരത്തിൽ ഒരു വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുകയാണ് ഇൻഫ്‌ളുവൻസറും ഫ്രാൻസിൽ കോർപ്പറേറ്റ് മേഖലയിലെ ജീവനക്കാരിയുമായ മെഹക്.

ശ്രീലങ്കയിലെ കടൽത്തീരങ്ങളിൽ പോയപ്പോഴുണ്ടായ അനുഭവം മെഹക് ഇന്ത്യയുമായി താരതമ്യം ചെയ്യുന്നതാണ് വീഡിയോയിലുള്ളത്. സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന രാജ്യമായിരുന്നിട്ടുകൂടി തങ്ങളുടെ പ്രകൃതിസമ്പത്ത് അവർ എത്രത്തോളം മനോഹരമായിട്ടാണ് സംരക്ഷിക്കുന്നതെന്ന് വീഡിയോയിൽ മെഹക് പറയുന്നു. നമ്മുടെ മനോഭാവമാണ് മാറേണ്ടതെന്ന സത്യം അംഗീകരിച്ചേ മതിയാകൂ എന്നും അവർ വ്യക്തമാക്കുന്നു.

'ശ്രീലങ്ക എന്നെ ശരിക്കും അദ്ഭുതപ്പെടുത്തി. ഇന്ത്യയേക്കാൾ എത്രയോ ചെറിയ രാജ്യമാണ്. സാമ്പത്തികമായി തകർന്ന അവസ്ഥയിലാണ് അവർ. എന്നിട്ടും അവിടുത്തെ കടൽത്തീരങ്ങൾ വൃത്തിയുള്ളതാണ്. ഒരൊറ്റ പ്ലാസ്റ്റിക് കുപ്പിയോ കവറോ പോലും അവിടെ കാണാനില്ല. കൂടുതൽ വിഭവങ്ങളും മികച്ച സമ്പദ്​വ്യവസ്ഥയുമുള്ള നമ്മൾ എന്തുകൊണ്ടാണ് ഇക്കാര്യത്തിൽ പരാജയമാകുന്നത്. ഇതൊരു യൂറോപ്യൻ രാജ്യവുമായുള്ള താരതമ്യമല്ല. നമ്മളെപ്പോലെ ഒരു വികസ്വരരാജ്യം തന്നെയാണ് ശ്രീലങ്കയും. നമ്മൾ ഒരു ഒഴിവുകഴിവും പറഞ്ഞിട്ടു കാര്യമില്ല. പണമല്ല, നമ്മുടെ മനോഭാവമാണ് മാറേണ്ടത് എന്ന സത്യം അംഗീകരിച്ചേ മതിയാകൂ'-മെഹക് വീഡിയോയിൽ പറയുന്നു.

ശ്രീലങ്കയിലെ ജനങ്ങൾ പ്രകൃതിയോട് കാണിക്കുന്ന ഉത്തരവാദിത്തവും ആദരവുമാണ് അവിടുത്തെ കടൽത്തീരങ്ങളേക്കാൾ തന്നെ അദ്ഭുതപ്പെടുത്തിയതെന്നാണ ്‌മെഹക് വീഡിയോയ്ക്ക് ക്യാപ്ഷൻ നൽകിയിരിക്കുന്നത്. ഇതിന് താഴെ ഒട്ടേറെപ്പേരാണ് അനുകൂലിച്ചും പ്രതികൂലിച്ചും കമന്റ് ചെയ്ത്. 'പൊതുവിടത്തിൽ മാലിന്യം തള്ളുന്നവർക്കെതിരെ കർശന നിലപാട് സ്വീകരിക്കണം' എന്നാണ് ഒരാൾ കുറിച്ചത്. എന്നാൽ, ഇന്ത്യയുടെ വിസ്തൃതിയും ജനസംഖ്യയും ശ്രീലങ്കയുമായി താരതമ്യം ചെയ്യാനാകില്ലെന്നും ഇന്ത്യയിലും വൃത്തിയുള്ള കടൽത്തീരങ്ങളുണ്ടെന്നും ചിലർ പ്രതികരിച്ചു.

Content Highlights: Viral Instagram video sparks debate on Indian civic responsibility ., Comparison between Sri Lankan spotless beaches and Indian public spaces., Discussion on whether cleanliness is a matter of funding or social accountability.,